എൻഡോസൾഫാൻ; വി.എസ് എണ്ണ പകർന്ന് പടർത്തിയ പോരാട്ടം
text_fieldsകാസർകോട്: കാസർകോട്ട് ദുരിതംവിതച്ച എൻഡോസൾഫാൻ കീടനാശിനിക്കെതിരെ ഉയർന്നുവന്ന പോരാട്ടം മനുഷ്യാവകാശ പോരാട്ടമായി മാറിയത് വി.എസ്. അച്യുതാനന്ദന്റെ ഇടപെടലോടെ. പത്തിലേറെ സംഘടനകൾ ഒറ്റക്കും തെറ്റക്കും നടത്തിയ സമരങ്ങളെ ഏകമുഖം നൽകി കൂർപ്പിച്ചെടുത്തത് വി.എസ്. അച്യുതാനന്ദൻ എണ്ണപകർന്നതോടെയാണ്.
1996ൽ മാരാരിക്കുളം നിയമസഭ മണ്ഡലത്തിൽ പരാജയപ്പെട്ട വി.എസ് 2001ൽ വീണ്ടും ജയിച്ച് പ്രതിപക്ഷ നേതാവായപ്പോൾ അദ്ദേഹത്തിന് മനുഷ്യാവകാശ പോരാളിയുടെ മുഖംനൽകിയതും ഈ ഇടപെടലായിരുന്നു. ഇതുസംബന്ധിച്ച് മാധ്യമങ്ങളിൽ വന്ന വാർത്തകളും ചിത്രങ്ങളും അതിഗൗരവത്തോടെ പഠിച്ചശേഷം നിയമസഭയിൽ കൃഷിമന്ത്രി കെ.ആർ. ഗൗരിയമ്മയോട് ‘എൻഡോസൾഫാൻ മൂലം മരണമുണ്ടായിട്ടുണ്ടോ?’ എന്ന് ചോദിച്ചു. ‘ഇല്ല’ എന്ന് കൃഷിമന്ത്രി മറുപടി പറഞ്ഞു. പിന്നാലെ, അദ്ദേഹം കാസർകോട്ടേക്ക് പുറപ്പെട്ടു. എൻമകജെ, ബോവിക്കാനം എന്നിവിടങ്ങളിൽ മണിക്കൂറുകൾ ചെലവഴിച്ച് ജനങ്ങളോടും പരിസ്ഥിതി പ്രവർത്തകരോടും സംവദിച്ച്, വിവരങ്ങൾ ശേഖരിച്ച് തിരിച്ചുപോയി. 2004 ആഗസ്റ്റ് ഏഴിന് കാസർകോട്ടു നടന്ന ‘ക്വിറ്റ് എൻഡോസൾഫാൻ’ പ്രക്ഷോഭം അദ്ദേഹം ഉദ്ഘാടനം ചെയ്തതോടെ, പ്രശ്നം ദേശീയശ്രദ്ധയിലേക്ക് ഉയർന്നു. 2005ൽ കേന്ദ്ര കൃഷിമന്ത്രാലയം കേരളത്തിൽ എൻഡോസൾഫാൻ നിരോധിച്ചു.
2006ൽ അദ്ദേഹം മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ ഇരകൾക്ക് ഏറെ പ്രതീക്ഷയായി. സമരത്തിന്റെ മുന്നണിപ്പോരാളികളിലൊരാളായ എം.എ. റഹ്മാന്റെ ലേഖനം വായിച്ച് റഹ്മാനെ നേരിട്ടുവിളിച്ച് കാര്യങ്ങൾ ആരാഞ്ഞു. കൂടുതൽ വിവരശേഖരണത്തിന് എം.എ. റഹ്മാൻ, ആക്ടിവിസ്റ്റുകളായ പത്രപ്രവർത്തകൻ ശ്രീപദ്രെ, ഡോ. വൈ.എസ്. മോഹൻകുമാർ എന്നിവരെ ചുമതലപ്പെടുത്തി. ഇവർ ജില്ല പഞ്ചായത്തുമായി ചേർന്ന് മരിച്ചവരുടെ പട്ടിക തയാറാക്കി. 144 പേരുടെ പട്ടികയാണ് തയാറാക്കിയത്. എൻഡോസൾഫാൻ മൂലം ആരും മരിച്ചില്ലെന്നുപറഞ്ഞ കൃഷിമന്ത്രി ഖേദം പ്രകടിപ്പിച്ചു. ഒട്ടും വൈകാതെ, വി.എസും ആരോഗ്യമന്ത്രി പി.കെ. ശ്രീമതിയും കാസർകോട്ടെത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് അരലക്ഷം വീതം ആശ്വാസ സഹായധനം വിതരണം ചെയ്തു. യഥാർഥ മരണസംഖ്യ 600ൽ അധികമാണെന്ന് മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചതിനെ തുടർന്ന് വീണ്ടും സൂക്ഷ്മമായ സർവേ നടത്താൻ നിർദേശിച്ചു.
ജനപ്രതിനിധികളുടെ യോഗം തിരുവനന്തപുരത്ത് വിളിച്ച് എൻഡോസൾഫാൻ ഇരകളെ പുനരധിവസിപ്പിക്കുന്നതിനുള്ള കർമപദ്ധതി തയാറാക്കി. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും തുക പ്രഖ്യാപിച്ചു. രോഗികളെ ആശുപത്രിയിലെത്തിക്കാൻ 11 പഞ്ചായത്തുകളിലും ഓരോ വാഹനം ഏർപ്പെടുത്തുകയും ചെയ്തു. എൻഡോസൾഫാൻ പുനരധിവാസകാര്യങ്ങൾ കൈകാര്യം ചെയ്യാൻ സെക്രട്ടേറിയറ്റിൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രത്യേകം സംവിധാനമുണ്ടാക്കി. ആരോഗ്യ സെക്രട്ടറി ഉഷ ടൈറ്റസിനെ മേൽനോട്ട ചുമതലയേൽപിച്ചു. എൻഡോസൾഫാൻ വിക്ടിംസ് ആൻഡ് റെമഡിയേഷൻ സെല്ലിന് രൂപം നൽകി.
ദുരിതാശ്വാസ പദ്ധതിയുടെ ഉദ്ഘാടനം അദ്ദേഹം നിർവഹിച്ചു. മുഖ്യമന്ത്രിയായിരിക്കെയും അദ്ദേഹം സമരരംഗത്തിറങ്ങി. എൻഡോസൾഫാൻ ആഗോള നിരോധനത്തെ എതിർത്ത കേന്ദ്രസർക്കാറിന്റെ നടപടിയിൽ പ്രതിഷേധിച്ച് ജനീവ കൺവെൻഷൻ നടക്കുന്ന ദിവസം കർമസമിതി തിരുവനന്തപുരത്ത് നിരാഹാരമനുഷ്ഠിച്ചിരുന്നു. ഈ സമരത്തിൽ മുഖ്യമന്ത്രി വി.എസും പങ്കാളിയായെന്നത് ചരിത്രമായി.
ഈ സമരത്തിൽ കാസർകോട്ടുനിന്ന് എഴുത്തുകാരൻ അംബികാസുതൻ മാങ്ങാട് പങ്കെടുത്തു. സമരശേഷം അംബികാസുതനെ വി.എസ് ക്ലിഫ് ഹൗസിലേക്ക് ക്ഷണിച്ചു. ലുങ്കിയും ബനിയനും ധരിച്ച് വി.എസ് അംബികാസുതനിൽനിന്ന് എല്ലാം കേട്ടു. അതുവരെ ഭരണകൂടം വിഷയത്തിൽ ഇടപെടാത്തതിൽ പ്രതിഷേധിച്ച് എഴുത്ത് നിർത്തിയ അംബികാസുതൻ മാങ്ങാട് വി.എസുമായുള്ള സംസാരത്തെ തുടർന്ന് ‘എൻമകജെ’ എന്ന നോവലിന് തുടക്കമിട്ടു. ഈ നോവൽ വി.എസ് പ്രകാശനം ചെയ്തു.
നോവലിൽ കഥാപാത്രങ്ങളായ ഇരകൾക്ക് എൻമകജെയുടെ ആദ്യ റോയൽറ്റി വി.എസ് കൈമാറി. 10ാം പതിപ്പും വി.എസ് തന്നെ പ്രകാശനം ചെയ്തു. എൻഡോസൾഫാൻ വിഷയത്തിൽ ഇടപെടാൻ സ്വന്തം പാർട്ടിയുടെ അനുമതി അദ്ദേഹം തേടിയില്ല. കോർപറേറ്റുകളുടെതുൾപ്പെടെ എല്ലാ എതിർപ്പുകളെയും മറികടന്ന് വി.എസ് എൻഡോസൾഫാൻ വിഷയത്തെ ഉയർത്തിക്കൊണ്ടുവന്നു. എൻഡോസൾഫാൻ വിഷമാണെന്നും അത് പാരിസ്ഥിക പ്രശ്നമുണ്ടാക്കിയെന്നും അധികാരത്തിലിരുന്നു സ്ഥാപിച്ചെടുത്തു.
ജില്ലയോട് പ്രത്യേക താൽപര്യം –എൽ.ഡി.എഫ്
കാസർകോട്: ജില്ലയിലെ ജനകീയ വികസന പ്രശ്നങ്ങളിൽ വി.എസ് സജീവ താൽപര്യം പ്രകടിപ്പിച്ചിരുന്നതായി എൽ.ഡി.എഫ് ജില്ല കൺവീനർ കെ.പി. സതീഷ് ചന്ദ്രൻ. എൻഡോസൽഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾ നിയമസഭക്കകത്തും പുറത്തും ഏറ്റെടുത്ത് ആശ്വാസ നടപടികൾക്ക് അദ്ദേഹമാണ് വഴിയൊരുക്കിയത്. ചീമേനിയിലെ കൈവശകൃഷിക്കാർക്ക് ദീർഘകാലമായി ലഭിക്കാതെവന്ന പട്ടയം അദ്ദേഹം മുഖ്യമന്ത്രിയായ ഘട്ടത്തിലാണ് വിതരണം ചെയ്തത്. 1974ൽ നീലേശ്വരം പള്ളിക്കരയിൽ നടന്ന സമരത്തെ തുടർന്നുണ്ടായ പൊലീസ് ഭീകരവാഴ്ചക്കെതിരെ വി.എസ് നടത്തിയ പ്രസംഗം ഇപ്പോഴും മായാതെ നിൽക്കുന്നുണ്ട്.
പി. കൃഷ്ണപ്പിള്ളയുടെ രാഷ്ട്രീയ ശിഷ്യത്വം സ്വീകരിച്ചുകൊണ്ട്, ബ്രിട്ടീഷ് ഭരണത്തിനും ദിവാൻ വാഴ്ചക്കും ജന്മി വാഴ്ചക്കും എതിരെ തുടങ്ങിയ പോരാട്ടം അദ്ദേഹം പ്രതിപക്ഷ നേതാവായപ്പോഴും മുഖ്യമന്ത്രിയായ ഘട്ടത്തിലും തുടരുകയായിരുന്നു. കേരളത്തിലെ ജനകോടികളുടെ ഹൃദയത്തെ സ്പർശിച്ച മഹത്തായ ജീവിതം തലമുറകൾക്ക് മാതൃകയാണെന്ന് കൺവീനർ കെ.പി. സതീഷ് ചന്ദ്രൻ വാർത്തക്കുറിപ്പിൽ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.