കുടുംബശ്രീ പരന്നൊഴുകുന്നു; അംഗത്വം അരക്കോടിയിലേക്ക്
text_fieldsകാസർകോട്: വീട്ടുമുറ്റത്തെ നാട്ടുമാങ്ങയിലെ അച്ചാറിൽ തുടങ്ങിയ കുടുംബശ്രീ ഉൽപന്നങ്ങൾ ആധുനിക സാങ്കേതിക വിദ്യയുമായി കുടുംബശ്രീ ടെക്നോളജി അഡ്വാന്‍സ്മെന്റ് പ്രോഗ്രാം (കെ-ടാപ്) എന്ന പദ്ധതിയിലേക്ക്. സമസ്ത മേഖലയിലേക്കും പരന്നൊഴുകുന്ന കുടുംബശ്രീയുടെ അംഗസംഖ്യ ഈ വർഷം അരക്കോടിയിലേക്ക് കടക്കും.
വനിത സംരംഭകര്‍, ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനികള്‍, ഗ്രൂപ്പുകള്‍ എന്നിവക്ക് നൂതന ടെക്നോളജിയുടെ പിന്തുണ നല്‍കുന്നതിലൂടെ പരമ്പരാഗത കൃഷിക്കും ഭക്ഷ്യസംസ്കരണ മേഖലക്കും പുത്തന്‍ ഉണര്‍വ് നല്‍കുക എന്നതാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. ഇതിനായി 90 ലക്ഷം വിലവരുന്ന 180 ടെക്നോളജികള്‍ വിലകൊടുത്തു വാങ്ങിയതായി എക്സിക്യൂട്ടിവ് ഡയറക്ടര്‍ എച്ച്. ദിനേശന് പറഞ്ഞു. കുടുംബശ്രീ ജില്ല മിഷന് പ്രസ് ക്ലബില്‍ സംഘടിപ്പിച്ച മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യക്കകത്തും പുറത്തും ഗുണമേന്മയേറിയ ബ്രാന്‍ഡഡ് ഉൽപന്നങ്ങള് ലഭ്യമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കുടുംബശ്രീക്ക് നിലവിൽ 48 ലക്ഷത്തിലേറെ അംഗങ്ങളുള്ളത് ഈ വര്‍ഷാവസാനത്തോടെ 50 ലക്ഷത്തിനു മുകളിലെത്തിക്കും. കുടുംബശ്രീ ബസാര്‍, പ്രീമിയം കഫെ, കേരള ചിക്കന്‍, ബഡ്സ് സ്കൂള്‍ തുടങ്ങിയ സംരംഭങ്ങൾ കുടുംബശ്രീയെ ഉയര്‍ത്തി. കാസര്‍കോടുനിന്ന് ഉരുത്തിരിഞ്ഞ ‘മാ കെയര്‍’ സംസ്ഥാന ശ്രദ്ധ നേടി. സംസ്ഥാനത്തെ 600 സി.ഡി.എസുകള്‍ക്ക് ഐ.എസ് സര്ട്ടിഫിക്കേഷന് ലഭിക്കുമെന്നും ഡയറക്ടർ പറഞ്ഞു. ജില്ല ഇൻഫർമേഷൻ ഓഫിസർ എം. മധുസൂദനൻ അധ്യക്ഷത വഹിച്ചു.
മുന്‍ ജില്ല കോഓഡിനേറ്റർ ഡോ. എം.കെ. രാജശേഖരന്, കുടുംബശ്രീ നാഷനല്‍ റിസര്‍ച് ഓര്ഗനൈസേഷന് പരിശീലക മായ ശശിധരന്, തൃശൂര്‍ ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ദീപ എസ്. നായര്‍, കുടുംബശ്രീ പബ്ലിക് റിലേഷന്‍ ഓഫിസര്‍ ഡോ. അഞ്ചല്‍ കൃഷ്ണകുമാര്‍, വലിയപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. സജീവന്, കാറഡുക്ക സി.ഡി.എസ് ചെയര്പേഴ്സൻ പി. സവിതകുമാരി, മാതൃക സംരംഭക പ്രതിനിധികളായ പ്രസന്ന, പത്മാവതി, തങ്കമണി, രമ്യ, പ്രസ് ക്ലബ് സെക്രട്ടറി ജി.എന്‍. പ്രദീപ്, കുടുംബശ്രീ അസി. ജില്ല മിഷൻ കോഓഡിനേറ്റർമാരായ സി.എച്ച്. ഇക്ബാല്‍, ഡി. ഹരിദാസ്, കെ.എം. കിഷോര്‍ കുമാര്‍, സി.എം. സൗദ, ജില്ല പ്രോഗ്രാം മാനേജര്‍മാരായ സൈജു പത്മനാഭന്, എം. രേഷ്മ എന്നിവര്‍ സംസാരിച്ചു. ജില്ല മിഷന് കോഓഡിനേറ്റര്‍ കെ. രതീഷ് കുമാര്‍ സ്വാഗതവും പി.ആര്.ഒ. അമ്പിളി നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.