അടിസ്ഥാന സൗകര്യങ്ങളില്ലാതെ കുമ്പള സി.എച്ച്.സി
text_fieldsകുമ്പള സി.എച്ച്.സിയിലെ തിരക്ക്
കാസർകോട്: പകർച്ചപ്പനിയും ചുമയും കഫവും മഞ്ഞപ്പിത്തവുമായി ആശുപത്രികൾ രോഗികളെ കൊണ്ട് നിറയുമ്പോൾ അടിസ്ഥാന സൗകര്യവികസനം ഇല്ലാത്തത് കുമ്പള സി.എച്ച്.സിയിൽ രോഗികൾക്ക് ദുരിതമാകുന്നു. ചോർന്നൊലിച്ചിരുന്ന ഓടുമേഞ്ഞ കെട്ടിടം ആരോഗ്യവകുപ്പിന്റെ നിർദേശത്തെ തുടർന്ന് ആശുപത്രി അധികൃതർ ഒഴിവാക്കിയതോടെയാണ് അടിസ്ഥാനസൗകര്യമില്ലാതെ രോഗികളും ആശുപത്രി ജീവനക്കാരും പ്രയാസപ്പെടുന്നത്. അപകടാവസ്ഥയിലുള്ളതും ഉപയോഗശൂന്യമായതുമായ കെട്ടിടങ്ങൾ ഉടൻ പൊളിച്ചുനീക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നതാണ്.
കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നുവീണ് വീട്ടുടമ മരിച്ച സാഹചര്യത്തിലായിരുന്നു ആരോഗ്യവകുപ്പിന്റെ ഈ നിർദേശം. ഇതേ തുടർന്നാണ് കുമ്പള സി.എച്ച്.സിയിലെ ചോർന്നൊലിക്കുന്ന കെട്ടിടത്തിൽനിന്ന് രോഗികളെയും പരിശോധനയും ഫാർമസിയും മാറ്റിയത്. ഗുരുതര ബലക്ഷയം കണ്ടെത്തിയ കെട്ടിടമായിരുന്നു കുമ്പളയിലേത്. കെട്ടിടത്തിന് 65 വർഷത്തെ പഴക്കവും ഉണ്ടായിരുന്നു.
എന്നാൽ, ആശുപത്രിക്ക് പുതിയ കെട്ടിടത്തിനായുള്ള ഫണ്ട് അനുവദിക്കുന്നതിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുന്നുണ്ട്. കെട്ടിടനിർമാണം സർക്കാറിന്റെ പരിഗണനയിലാണെന്ന് പറയുമ്പോഴും കാലതാമസം നേരിടുന്നതിൽ നാട്ടുകാർക്കിടയിൽ പ്രതിഷേധമുണ്ട്. കാസർകോട് ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ് കുമ്പള സി.എച്ച്.സി പ്രവർത്തിക്കുന്നത്.
അതിനിടെ ആരോഗ്യകേന്ദ്രങ്ങളിലെ അടിസ്ഥാന പരിശോധനകൾ പരിഷ്കരിച്ച് കഴിഞ്ഞമാസം ഐ.സി.എം.ആർ പുതിയ നിർദേശം പുറപ്പെടുവിച്ചിരുന്നു. പുതിയ പട്ടിക അനുസരിച്ച് ആരോഗ്യ ഉപ കേന്ദ്രങ്ങളിൽ ഡെങ്കിപ്പനി പരിശോധനവുമായി ബന്ധപ്പെട്ട് സാമ്പിൾ ശേഖരിക്കാൻ സൗകര്യമൊരുക്കണമെന്ന് നിർദേശിച്ചിരുന്നു. ആരോഗ്യ ഉപകേന്ദ്രങ്ങൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, ജില്ല ആശുപത്രികൾ എന്നിവിടങ്ങളിൽ കൂടുതൽ പരിശോധനകൾ എത്തിച്ച് രോഗനിർണയം കാര്യക്ഷമാക്കുകയാണ് പരിഷ്കരണത്തിലൂടെ ഐ.സി.എം.ആർ ലക്ഷ്യമിട്ടിരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.