പുതിയ മെഡിക്കൽ കോളജുകൾ; നിയമനങ്ങളെല്ലാം താൽക്കാലികം
text_fieldsകാസർഗോഡ് മെഡിക്കൽ കോളേജ് (ഫയൽ ചിത്രം)
കാസർകോട്: ദേശീയ മെഡിക്കൽ കമീഷന്റെ അംഗീകാരം ലഭിച്ച കാസർകോട്, വയനാട് ഗവ. മെഡിക്കൽ കോളജുകളിലേക്ക് ഇപ്പോൾ നടത്തിയിരിക്കുന്ന നിയമനങ്ങളെല്ലാം താൽക്കാലികം. നിലവിലെ മെഡിക്കൽ കോളജുകളിൽനിന്നാണ് സ്ഥലംമാറ്റി താൽക്കാലികമായി നിയമിച്ചിരിക്കുന്നത്. വൻ സാമ്പത്തിക ഉത്തരവാദിത്തമുള്ള നിയമനങ്ങൾ സർക്കാർ എത്രത്തോളം നടപ്പാക്കുമെന്നത് പ്രധാന വെല്ലുവിളിയാണ്. ദേശീയ മെഡിക്കൽ കമീഷന്റെ പരിശോധനക്ക് മുന്നോടിയായി മാനദണ്ഡം പാലിച്ചുവെന്ന് ഉറപ്പുവരുത്തുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് കാസർകോട്, വയനാട് മെഡിക്കൽ കോളജുകളിൽ ഇപ്പോൾ നടത്തിയിരിക്കുന്ന നിയമനങ്ങൾ.
ഏറ്റവും കൂടുതൽ സ്ഥലംമാറ്റം നടന്നത് കോഴിക്കോട് മെഡിക്കൽ കോളജിൽനിന്നാണ്. കോട്ടയം, തൃശൂർ, തിരുവനന്തപുരം മെഡിക്കൽ കോളജുകളിൽനിന്നാണ് മറ്റു സ്ഥലംമാറ്റങ്ങൾ. കാസർകോട് ജില്ലയിലേക്ക് സ്ഥലംമാറിയെത്തുന്ന ഉദ്യോഗസ്ഥരെല്ലാം വന്നതിനേക്കാൾ വേഗത്തിൽ തിരിച്ചുപോകാൻ ശ്രമിക്കുന്നവരാണ്. കോഴിക്കോട് മെഡിക്കൽ കോളജിൽ ഫാക്കൽറ്റികളും ജീവനക്കാരും കുറഞ്ഞാൽ അനുഭവിക്കേണ്ടിവരുന്ന ബുദ്ധിമുട്ട് വളരെ വലുതായിരിക്കും. അതുപോലെ മറ്റു കോളജുകളിലേതും. 273 തസ്തികകളാണ് നിലവിൽ ഉക്കിനടുക്കയിൽ സൃഷ്ടിച്ചിരിക്കുന്നത്. കൂടുതൽ നിയമനങ്ങൾ ആവശ്യമുണ്ട്. ഇതിനുള്ള ശിപാർശകൾ പോയിട്ടുമുണ്ട്.
99 ഫാക്കൽറ്റികൾതന്നെ വേണം. ഇപ്പോൾ 38 പേരെയാണ് സ്ഥലം മാറ്റത്തിലൂടെ നിയമിച്ചിട്ടുള്ളത്. കാസർകോട് മെഡിക്കൽ കോളജിൽ അധികമായി 50 അധ്യാപക തസ്തികകളും എട്ട് സീനിയർ റെസിഡന്റ് തസ്തികകളും വയനാട് മെഡിക്കൽ കോളജിൽ 17 അധ്യാപക തസ്തികകളും 10 സീനിയർ റെസിഡന്റ് തസ്തികകളുംകൂടി സൃഷ്ടിക്കേണ്ടതുണ്ട്. ഇവ എൻ.എം.സി മാനദണ്ഡങ്ങൾ പാലിക്കാനാവശ്യമായ കുറഞ്ഞ തസ്തികകളാണ്. രോഗികളുടെ വർധിച്ചുവരുന്ന ഭാരം പരിഗണിക്കുമ്പോൾ കൂടുതൽ തസ്തികകൾ അനിവാര്യമാണ്.
"താൽക്കാലിക സ്ഥലംമാറ്റങ്ങൾ മെഡി. കോളജുകൾക്ക് ഗുണംചെയ്യില്ല'
താൽക്കാലിക സ്ഥലംമാറ്റങ്ങൾ പുതിയ കോളജുകൾക്ക് ഒരു ഗുണവും ചെയ്യുന്നതല്ലെന്ന് കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ. പഴയ മെഡിക്കൽ കോളജുകളിൽ അധ്യാപക ക്ഷാമം രൂക്ഷമായി ബാധിച്ച് അവിടുത്തെ പി.ജി കോഴ്സുകളുടെ അംഗീകാരം വരെ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. രോഗികളുടെ ചികിത്സയെ ഗുരുതരമായി ബാധിക്കും. രോഗികളുടെ എണ്ണമനുസരിച്ച് മെഡിക്കൽ അധ്യാപകരുടെ തസ്തികകൾ വർധിപ്പിച്ചിട്ടില്ല.
ഓർത്തോപീഡിക്സ്, ഗൈനക്കോളജി, ഡെർമറ്റോളജി തുടങ്ങിയ വിഭാഗങ്ങളിൽ 10 വർഷത്തിലേറെയായി നിയമനം നടന്നിട്ടില്ല. പല വിഭാഗങ്ങളിലും ഒഴിവുകൾ ഇപ്പോഴും നികത്തിയിട്ടില്ല. ഈ പ്രശ്നങ്ങൾ കെ.ജി.എം.സി.ടി.എ പല പ്രാവശ്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇപ്പോൾ എൻ.എം.സി. അംഗീകാരം ലഭിച്ചതോടെ താൽക്കാലിക സ്ഥലംമാറ്റങ്ങളുടെ ആവശ്യം തീർന്നിട്ടുണ്ട്. താൽക്കാലിക സ്ഥലംമാറ്റ ഉത്തരവുകൾ അടിയന്തരമായി പിൻവലിക്കണം, മാതൃസ്ഥാപനങ്ങളിലേക്ക് അധ്യാപകരെ ഉടൻതന്നെ തിരിച്ചയക്കണം, ആവശ്യമായ അധ്യാപക തസ്തികകൾ യുദ്ധകാലാടിസ്ഥാനത്തിൽ സൃഷ്ടിക്കണം, പ്രമോഷനുകളും പി.എസ്.സി നിയമനങ്ങളും ഉടൻ നടത്തണം.
അധ്യാപകരുടെയും വിദ്യാർഥികളുടെയും താമസസൗകര്യങ്ങൾ മതിയായ രീതിയിൽ ഒരുക്കണം. മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതകളും ഉടനെ പരിഹരിക്കണം, നഴ്സുമാർ, നഴ്സിങ് അസിസ്റ്റന്റുമാർ, ക്ലീനിങ് സ്റ്റാഫ്, ക്ലറിക്കൽ സ്റ്റാഫ് തുടങ്ങി ആവശ്യമായ എല്ലാ അനുബന്ധ ജീവനക്കാരെയും നിയമിക്കണം. ആവശ്യങ്ങളിൽ ഉടൻ നടപടിയായില്ലെങ്കിൽ കെ.ജി.എം.സി.ടി.എ സമരത്തിലേക്ക് കടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. റോസ്നാര ബീഗം, ജന. സെക്രട്ടറി ഡോ. സി.എസ്. അരവിന്ദ് എന്നിവർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.