ജില്ലയിൽ 2,000 പട്ടയങ്ങൾ വിതരണം ചെയ്യും; മേള സെപ്റ്റംബർ ഒന്നിന്
text_fieldsതിരുവനന്തപുരം ഐ.എൽ.ഡി.എമ്മിൽ ചേർന്ന റവന്യൂ അസംബ്ലിയിൽ റവന്യൂ മന്ത്രി കെ. രാജൻ സംസാരിക്കുന്നു
കാസർകോട്: ജില്ലയിൽ സെപ്റ്റംബർ ഒന്നിന് 2,000 പട്ടയങ്ങൾ വിതരണം ചെയ്യുമെന്നും ഇത് ജില്ലയെ സംബന്ധിച്ചിടത്തോളം ചരിത്രമാകുമെന്നും റവന്യൂ മന്ത്രി കെ. രാജൻ. തിരുവനന്തപുരത്ത് ഐ.എൽ.ഡി.എമ്മിൽ (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ്) ജില്ല റവന്യൂ അസംബ്ലിയിൽ അധ്യക്ഷതവഹിക്കുകയായിരുന്നു മന്ത്രി. ഇതിനകം ജില്ലയിലെ സങ്കീർണമായ നിരവധി പട്ടയ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞിട്ടുണ്ട്.
ആദിവാസി മേഖലയിലെ ഭൂപ്രശ്നങ്ങളടക്കം പരിഹരിച്ചുവരുകയാണ്. 2024-25ൽ 1471 പട്ടയങ്ങൾ നൽകി. വകുപ്പുമായി ബന്ധപ്പെട്ട മറ്റു പ്രവൃത്തികളെല്ലാം മുൻഗണന ക്രമത്തിൽ നടപ്പാക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ആകെയുള്ള 85 വില്ലേജുകളിൽ 40 എണ്ണവും സ്മാർട്ട് വില്ലേജുകളാക്കി. ഡിജിറ്റൽ റീ സർവേ ഊർജിതമായി നടക്കുന്ന ജില്ലയാണ് കാസർകോട്. ഒന്നാം ഘട്ടത്തിൽ 9,849.0852 ഹെക്ടറിലും രണ്ടാം ഘട്ടത്തിൽ 25,493.1986 ഹെക്ടറിലും മൂന്നാം ഘട്ടത്തിൽ 991.7881 ഹെക്ടറിലും ഡിജിറ്റൽ റീ സർവേ പൂർത്തിയാക്കിയതായി റവന്യൂ മന്ത്രി അറിയിച്ചു.
ജില്ലയിലെ എം.എൽ.എമാരായ മുൻ മന്ത്രി ഇ. ചന്ദ്രശേഖരൻ, എൻ.എ. നെല്ലിക്കുന്ന്, എം. രാജഗോപാലൻ, എ.കെ.എം. അഷറഫ്, കലക്ടർ കെ. ഇമ്പശേഖരൻ എന്നിവർ അസംബ്ലിയിൽ പങ്കെടുത്തു. ഉദുമ എം.എൽ.എ സി.എച്ച്. കുഞ്ഞമ്പു തയാറാക്കി നൽകിയ ആവശ്യങ്ങൾ എൻ.എ. നെല്ലിക്കുന്ന് അസംബ്ലിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു.
കഴിഞ്ഞ 21ന് ഇടുക്കി ജില്ല റവന്യൂ അസംബ്ലിക്കുശേഷം യോഗ ഹാളിൽനിന്ന് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ച പീരുമേട് എം.എൽ.എ വാഴൂർ സോമന് ആദരാഞ്ജലികൾ അർപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.