കാസർകോട് കോട്ട വാങ്ങിയ വ്യക്തിയുടെ ഹരജി തള്ളി
text_fieldsകാസർകോട്: സർക്കാർ ഉടമസ്ഥതയിലുണ്ടായിരുന്ന ചരിത്ര പ്രസിദ്ധമായ കാസർകോട് കോട്ട വിലക്കുവാങ്ങിയ വ്യക്തിയുടെ ഹരജി ഹൈകോടതി തള്ളി. 2010ൽ കാസർകോട് കോട്ട സ്വകാര്യ വ്യക്തികൾക്ക് വിറ്റത് ‘മാധ്യമം’ ആണ് പുറത്തുകൊണ്ടുവന്നത്. തുടർന്ന് സർക്കാർ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പൊതുസ്വത്തായ കോട്ട വിറ്റത് നിയമ വിരുദ്ധമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയ വിജിലൻസ് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.
കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോട്ട വാങ്ങിയ കാസർകോട് മുൻ നഗരസഭ ചെയർമാൻ എസ്.ജെ. പ്രസാദ് സമർപ്പിച്ച ഹരജി തള്ളിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഉത്തരവ്. കേസിൽ നാലാം പ്രതിയാണ് പ്രസാദ്. 5.41 ഏക്കർ ഭൂമിയാണ് കോട്ടക്കുണ്ടായിരുന്നത്. പലകാലങ്ങളിൽ കൈയേറി ബാക്കിയായ സ്ഥലമാണിത്. ഈസ്ഥലം ഒമ്പതുപേർ നിയമവിരുദ്ധമായ വഴികളിലൂടെ സ്വന്തമാക്കുകയായിരുന്നു. കേസിൽ പ്രതികൾക്കെതിരായ വിചാരണ നടപടികൾ തുടരാമെന്ന് ഹൈകോടതി പറഞ്ഞു. ഇക്കേരി നായക്കന്മാർ പണികഴിപ്പിച്ച കോട്ട സ്ഥിതി ചെയ്യുന്ന 5.41 ഏക്കർ സ്ഥലം 1903ൽ മദ്രാസ് ബോർഡ് ഓഫ് റവന്യൂ, ഗണപ്പയ്യ എന്നയാൾക്ക് കരാർ പ്രകാരം പാട്ടത്തിന് നൽകിയിരുന്നു.
1906ൽ ഗണപ്പയ്യയുടെ മകൻ നരസിംഹറാവുവിന് 2.79 ഏക്കറിന് മദ്രാസ് ബോർഡ് ഓഫ് റവന്യൂ പട്ടയം നൽകി. ബാക്കി പാട്ടഭൂമിയായി നിലനിർത്തി. ഈ പാട്ട ഭൂമിയിൽ ഉൾപ്പെടെയുള്ള സ്ഥലം ക്രമക്കേടിലൂടെ തട്ടിയെടുത്തെന്നാണ് വിജിലൻസ് കേസ്. വില്ലേജ് ഓഫിസറും വാങ്ങാൻ തീരുമാനിച്ചവരും പ്രതികളും ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഫലമായിരുന്നു വിൽപന. ഇതിന്റെ ഭാഗമായി പാട്ടഭൂമിയിൽ സ്ഥലവാസിയല്ലാത്ത അശ്വിൻ ജി. ചന്ദ്രാവർക്കർക്ക് നികുതിയടക്കാൻ അവസരം നൽകുകയും നികുതിയടച്ച് ഒരാഴ്ചക്കകം ഭൂമി വിൽക്കുകയുമായിരുന്നു.
അന്നത്തെ ലാൻഡ് ബോർഡ് കമീഷണർ ടി.ഒ. സൂരജിനെതിരെ ഉൾപ്പെടെ ആരോപണമുണ്ടായിരുന്നു. ‘മാധ്യമം’ വാർത്തയെ തുടർന്ന് 2010ൽ കാസർകോട് കലക്ടർ മുഹമ്മദ് സഗീർ വസ്തു സർക്കാറിലേക്ക് ഏറ്റെടുത്ത് സർക്കാർ സ്ഥലമെന്ന് കാണിച്ച് ബോർഡ് സ്ഥാപിച്ചു. വസ്തു ഉത്തമവിശ്വാസത്തോടെയാണ് വാങ്ങിയതെന്നും കൈയേറ്റമല്ലെന്നുമാണ് എസ്.ജെ. പ്രസാദിന്റെ വാദം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.