തീരമേഖലയിൽ ആശ്വാസം; ചേര്‍ത്തുപിടിച്ച് ഫിഷറീസ് വകുപ്പ്
text_fieldsഉള്‍നാടന്‍ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കാന്‍ നടത്തിയ റാഞ്ചിങ്
കാസര്‍കോട്: കാസർകോട് ജില്ലയിലെ മത്സ്യത്തൊഴിലാളികളേയും തീരവാസികളെയും ചേർത്തുപിടിച്ച് സംസ്ഥാന ഫിഷറീസ് വകുപ്പ്. 14,218 സജീവ മത്സ്യത്തൊഴിലാളികളും 2419 അനുബന്ധ മത്സ്യത്തൊഴിലാളികളുമുള്ള ജില്ലയില്‍ മത്സ്യബന്ധന മേഖലയുടെ വികസനത്തിന് നിരവധി പ്രവര്‍ത്തനങ്ങളാണ് ഫിഷറീസ് വകുപ്പ് നടത്തിയത്. മത്സ്യകൃഷി പ്രോത്സാഹിപ്പിക്കാന്‍ എല്ലാവര്‍ഷവും റാഞ്ചിങ് പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്നുണ്ട്. മത്സ്യകൃഷി-മത്സ്യബന്ധന മേഖലകളില്‍ സമാന്തര വികസനം ലക്ഷ്യമാക്കി ജില്ലകളില്‍ ആവിഷ്കരിച്ച പദ്ധതികളുടെ പ്രവര്‍ത്തന മികവില്‍ കാസര്‍കോട് ഒന്നാമതാണ്.
പുനര്‍ഗേഹം പദ്ധതിയില്‍ 14.07 കോടി
ജില്ലയുടെ തീരത്ത് 50 മീറ്റര്‍ ദൂരപരിധിയില്‍ താമസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെ സുരക്ഷിത മേഖലയിലേക്ക് മാറ്റിത്താമസിപ്പിക്കുന്നതിന് പുനര്‍ഗേഹം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടും സ്ഥലവും വാങ്ങുന്നതിനായി 14.07 കോടി രൂപ അനുവദിച്ചു. ഒരു ഗുണഭോക്താവിന് 10 ലക്ഷം രൂപയാണ് നല്‍കുക.
കോയിപ്പാടിയില്‍ നിര്‍മാണം പുരോഗമിക്കുന്ന പുനര്‍ഗേഹം ഭവനസമുച്ചയം
മണ്‍സൂണ്‍ കാലയളവില്‍ ഒരു മത്സ്യത്തൊഴിലാളിക്ക് 4500 രൂപ വീതം ലഭിക്കും. കൂടാതെ, മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ലംപ്സം ഗ്രാന്റ് ഇനത്തില്‍ 53.38 ലക്ഷം, വള്ളം ഇന്‍ഷുര്‍ ചെയ്യുന്നതിന് 33.48 ലക്ഷം, ബോധവത്കരണത്തിന് 1.31 ലക്ഷം, മെഡിക്കല്‍ ക്യാമ്പിന് 3.89 ലക്ഷം രൂപ എന്നിങ്ങനെ ആനുകൂല്യം നല്കി.
തീരം കാക്കാന്‍ ജാഗ്രത; 82 ലക്ഷം പിഴ ഈടാക്കി
രാത്രികാല നിയമലംഘനങ്ങള്‍ വ്യാപകമായതിനാല്‍ പട്രോളിങ് ശക്തിപ്പെടുത്തുകയും തുടര്‍ച്ചയായ ഇടപെടലിലൂടെ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും സംസ്ഥാനതലത്തില്‍ ഏറ്റവും കൂടുതല്‍ പിഴ ഈടാക്കുകയുമുണ്ടായി. പിഴയിനത്തില്‍ 2024-25 സാമ്പത്തിക വര്‍ഷം 82 ലക്ഷം രൂപ ഈടാക്കി. അനധികൃത മത്സ്യബന്ധന രീതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും നിയന്ത്രണവിധേയമാക്കാനും സാധിച്ചു. നിയമലംഘനം കണ്ടെത്തിയ ഇനത്തില്‍ ഇതരസംസ്ഥാന ബോട്ടുകൾ പിടിച്ചെടുത്തു.
കല്ലുമ്മക്കായ കര്‍ഷകര്‍ക്കും ആശ്വാസം
ജില്ലയിൽ ആയിരത്തില്‍പരം കര്‍ഷകരാണ് ഒക്ടോബര്‍ മുതല്‍ മേയ് വരെ നീളുന്ന കല്ലുമ്മക്കായ കൃഷിയില്‍ വര്‍ഷാവര്‍ഷം പങ്കാളികളാകുന്നത്. ഈ മേഖലയിലെ ചൂഷണങ്ങള്‍ തടയുന്നതിനും കല്ലുമ്മക്കായ കൃഷിയുടെ സുസ്ഥിര വികസനത്തിനും സംരക്ഷണത്തിനും ഊന്നൽ നല്കി കല്ലുമ്മക്കായ കൃഷിയുമായി ബന്ധപ്പെട്ട് കര്‍ഷകരെയും ജനപ്രതിനിധികളുടെയും നിരവധി യോഗങ്ങള്‍ ചേര്‍ന്നു. എല്ലാ കര്‍ഷകര്‍ക്കും മിതമായ നിരക്കില്‍ വിത്ത് ലഭ്യമാക്കാനും 12,000 രൂപയോളം ഉയര്‍ന്നുനിന്ന വില സര്‍ക്കാര്‍ നിശ്ചിത നിരക്കിലേക്ക് ചുരുക്കാനും സാധിച്ചു.
തൃക്കരിപ്പൂരില്‍ കല്ലുമ്മക്കായ കൃഷിക്കുള്ള തയാറെടുപ്പ്
ഫിഷറീസ് സ്കൂളുകളിൽ പ്രത്യേക ശ്രദ്ധ
സംസ്ഥാനത്ത് ഫിഷറീസ് വകുപ്പിന് കീഴില്‍ ജില്ലയില്‍ 2002ലാണ് സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 2015ല്‍ സ്വന്തം കെട്ടിടത്തിലേക്ക് മാറി. മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ്, ഫര്‍ണിച്ചര്‍ എന്നിവ നല്‍കുന്നതിന് പദ്ധതി നടപ്പിലാക്കി. ഫിഷറീസ് വകുപ്പ് മുഖാന്തരം സമഗ്ര വികസനമാണ് ജില്ലയിലെ തീരമേഖലകളില്‍ നടക്കുന്നതെന്നും മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള പുതിയ ഊര്‍ജമാണ് സംസ്ഥാനതലത്തില്‍ ജില്ലക്ക് ലഭിച്ച ഒന്നാം സ്ഥാനമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എ. ലബീബ് പറഞ്ഞു.
സ്ത്രീശാക്തീകരണത്തിന് 3.08 കോടി
മത്സ്യത്തൊഴിലാളി വനിതകളുടെ സ്വയംശാക്തീകരണത്തിന് ഫിഷറീസ് വകുപ്പ് സ്ഥാപിച്ച സാഫ് (സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വുമണ്‍) എന്ന ഏജന്‍സി മുഖേന സൂക്ഷ്മ തൊഴിൽ സംരംഭം, പലിശ സബ്സിഡി, റിവോള്‍വിങ് ഫണ്ട്, സാങ്കേതിക വിദ്യ നവീകരണ ഫണ്ട് എന്നിങ്ങനെ വിവിധ പദ്ധതികളിലായി 3.08 കോടി രൂപ ചെലവഴിച്ചു. ‘എന്റെ കേരളം’ പ്രദര്‍ശനത്തില്‍ സാഫ് യൂനിറ്റ് ഫുഡ് കോര്‍ട്ട് നടത്തി.
ജനകീയ മത്സ്യകൃഷിയില്‍ 5.81 കോടിയുടെ പദ്ധതി
മത്സ്യ ഉൽപാദന വര്ധനയിലേക്കായി ജനകീയ മത്സ്യകൃഷി, പി.എം.എം.എസ്.വൈ എന്നീ പദ്ധതികളിലൂടെയും വിവിധ തദ്ദേശ സ്ഥാപനങ്ങള്‍ മുഖേന പടുതാക്കുളത്തിലെ മത്സ്യകൃഷി, ബയോേഫ്ലാക്ക്, അലങ്കാര മത്സ്യകൃഷി, ശുദ്ധജല കുളത്തിലെ മത്സ്യകൃഷി, ഓരുജല മത്സ്യകൃഷി തുടങ്ങിയ ഘടക പദ്ധതികളും നടപ്പാക്കുന്നുണ്ട്. ഭക്ഷ്യയോഗ്യമായ മത്സ്യങ്ങളുടെ ഉൽപാദനത്തിനൊപ്പംതന്നെ അലങ്കാര മത്സ്യകൃഷി യൂനിറ്റുകളും സ്ഥാപിച്ചുനല്‍കി. ജനകീയ മത്സ്യകൃഷി പദ്ധതിവഴി 5.81 കോടിയും പി.എം.എം.എസ്.വൈ പദ്ധതിയിലൂടെ 382.16 ലക്ഷം രൂപയുടെയും വിവിധ പദ്ധതികള്‍ ജില്ലയില്‍ നടപ്പിലാക്കി.
ഓരുജല മത്സ്യകൃഷി

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.