കൃഷിഭവൻ ബില്ലടച്ചില്ല; കർഷകന് വൈദ്യുതി ബില്ല് 70,000
text_fieldsകാസർകോട്: സൗജന്യ വൈദ്യുതിക്ക് അർഹരായ കർഷകരുടെ വൈദ്യുതി ബില്ല് കൃഷിഭവൻ അടക്കാത്തതു മൂലം കർഷകന് 70000രൂപ ബില്ലിട്ട് കെ.എസ്.ഇ.ബി. പുത്തിഗെ പഞ്ചായത്തിലെ കൃഷി ഭവൻ പരിധിയിലെ 300 ഓളം കർഷകർക്കാണ് വൻ തുക ബില്ലായി വന്നിരിക്കുന്നത്. ഇവരെല്ലാം സൗജന്യ വൈദ്യുതിക്ക് അർഹരാണ്. നാല് വർഷത്തെ കുടിശ്ശിക 30000 മുതൽ 70000ത്തിലധികം രൂപവരെയാണുള്ളത്.
ബില്ല് അടക്കാത്തവരുടെ വൈദ്യുതി വിച്ഛേദിക്കുമെന്ന് ഭീഷണിപ്പെടുത്തി കെ.എസ്.ഇ.ബി ബില്ല് അടപ്പിക്കുകയാണ്. വൻതുക ആയതിനാൽ അടക്കാൻ പറ്റാതെ പ്രതിസന്ധിയിലാണ് കർഷകർ. കഷകരുടെ മുഴുവൻ കുടിശ്ശികയും കൃഷിഭവൻ അടക്കണമെന്നും ഒഴിവാക്കപ്പെട്ട കർഷകരുടെ ബില്ല് തുടർന്നും കൃഷിഭവൻ തന്നെ അടക്കണമെന്നും കർഷകർ ആവശ്യപ്പെടുകയാണ്. അജ്ഞാത രോഗം മൂലം നശിക്കുന്ന കവുങ്ങ് കൃഷിക്ക് സൗജന്യമായി പഞ്ചായത്ത് തനത് ഫണ്ട് ഉപയോഗിച്ച് മരുന്ന് തളിക്കണമെന്ന് പുത്തിഗെ പഞ്ചായത്ത് കിസാൻ സേന ആവശ്യപ്പെട്ടു.
കർഷകർക്കെതിരെ കൃഷി വകുപ്പ് കാണിക്കുന്ന അനീതിക്കെതിരെ യോഗം പ്രതിഷേധിച്ചു. അടിയന്തിരമായി പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരം സംഘടിപ്പിക്കുമെന്നും യോഗം മുന്നറിയിപ്പ് നൽകി. കിസാൻ സേന ജില്ല ജനറൽ സെക്രട്ടറി ഷുക്കൂർ കാണാജെ ഉൽഘാടനം ചെയ്തു. സുരേഷ് അട്ക്കതൊട്ടി അധ്യക്ഷതവഹിച്ചു. മുഹമ്മദ് ഹാജി കണ്ടത്തിൽ, പ്രസാദ് കക്കപാടി, എം. ഇസ്മായിൽ ഹാജി എന്നിവർ സംസാരിച്ചു.
ബാലസുബ്രഹ്മാണ്യ ഭട്ട് ചക്നിഗെ സ്വാഗതവും സീതാറാം മാണബൈൽ നന്ദിയും പറഞ്ഞു. ബാലസുബ്രഹ്മണ്യ ഭട്ട് ചക്ണിഗെ (പ്രസി.), അബ്ദുല്ല കണ്ടത്തിൽ, സീതാറാം മാണബൈൽ(വൈസ് പ്രസിഡന്റുമാർ), സുരേഷ് അട്ക്കതൊട്ടി (ജനറൽ സെക്ര.), പ്രസാദ് കക്കപാടി, കൃഷ്ണ അട്ക്കതൊട്ടി(ജോയിൻ സെക്രട്ടറിമാർ), അഹമ്മദ് അലി കാണാജെ (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.