കുണിയൻ തണ്ണീർത്തടത്തിൽ ശൈത്യകാല അതിഥികളായി യൂറോപ്പിൽനിന്ന് വൈറ്റ് സ്റ്റോർക്ക്
text_fieldsകുണിയൻ ചതുപ്പിലെത്തിയ വൈറ്റ് സ്റ്റോർക്ക്. (ഫോട്ടോഗ്രാഫർ അഭിലാഷ് പത്മനാഭൻ പകർത്തിയ ചിത്രം)
തൃക്കരിപ്പൂർ: യൂറോപ്പിൽനിന്നുള്ള ദേശാടനപ്പക്ഷി വൈറ്റ് സ്റ്റോർക്ക് കുണിയൻ ചതുപ്പിലെത്തി. കണ്ണൂർ കാസർകോട് ജില്ലകളിലായി സ്ഥിതിചെയ്യുന്ന കുണിയൻ വയലുകളിലാണ് വടക്കൻ കേരളത്തിൽ അപൂർവമായി മാത്രം കാണുന്ന ഈ ദേശാടനപ്പക്ഷിയെ കണ്ടെത്തിയത്.
യൂറോപ്പിലും മധ്യേഷ്യയിലും പ്രജനനം നടത്തുന്ന വൈറ്റ് സ്റ്റോർക്ക് ശൈത്യകാല ദേശാടനത്തിന്റെ ഭാഗമായാണ് കേരള തീരത്തെത്തുന്നത്. തൂവെള്ള ശരീരവും ചിറകറ്റത്തെ കറുത്ത തൂവലുകളും നീണ്ട ചുവന്ന കൊക്കും കാലുകളുമാണ് ഇവയുടെ പ്രത്യേകത. ശാസ്ത്രീയ നാമം സികോണിയ സികോണിയ എന്നാണ്. പകൽസമയത്തെ ചൂടുവായുപ്രവാഹങ്ങൾ ഉപയോഗിച്ച് ചിറക് വിടർത്തി തെന്നിപ്പറന്നാണ് ഇവ ആയിരക്കണക്കിന് കിലോമീറ്റർ ദൂരം താണ്ടുന്നത്. കൊയ്ത്തുകഴിഞ്ഞ വയലുകളിലെ ഈർപ്പമുള്ള ചാലുകളും ചതുപ്പുകളുമാണ് പ്രിയം.
തവളകൾ, ചെറുമത്സ്യങ്ങൾ, പുൽച്ചാടികൾ, ഞണ്ടുകൾ എന്നിവയാണ് പ്രധാന ആഹാരം. വർഷംതോറും വിവിധ ദേശാടനപ്പക്ഷികൾ എത്തുന്ന കുണിയൻ തണ്ണീർത്തടത്തിന്റെ ജൈവവൈവിധ്യ പ്രതീകം കൂടിയാണ് ദേശാടകരുടെ വരവ്. യൂറോപ്പിൽനിന്നുള്ള യാത്രാമധ്യേ മധ്യേഷ്യൻ രാജ്യങ്ങളായ ഉസ്ബകിസ്താൻ, കസാഖ്സ്താൻ എന്നിവിടങ്ങളിൽ അതിശൈത്യം തുടങ്ങുന്നതോടെയാണ് ഇവ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് ദേശാടനം നടത്തുന്നത്.

