ചവിട്ടുവലക്കാർ വലയെറിഞ്ഞു; മീനുണ്ട്, വിലയില്ല
text_fieldsകാസർകോട്: കടൽക്ഷോഭത്തിന് ശമനമായതോടെ മൊഗ്രാലിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ വലയെറിഞ്ഞു. ആദ്യദിനംതന്നെ വലനിറച്ചും മീൻ ലഭിച്ചെങ്കിലും വിലയില്ലാത്തത് തൊഴിലാളികളെ നിരാശരാക്കി. മൊഗ്രാലിലെ പരമ്പരാഗത മത്സ്യബന്ധനമാണ് ചവിട്ടുവല. ഒരുകാലത്ത് മൊഗ്രാലിന്റെ സാമ്പത്തിക സ്രോതസ്സായിരുന്നു ഈ തൊഴിൽമേഖല. ഇതിന് 100 വർഷത്തെ പഴക്കവുമുണ്ട്. ആയിരക്കണക്കിനാളുകൾ ജോലിചെയ്തിരുന്ന ഈ തൊഴിൽമേഖലയിൽ ഇന്ന് നൂറിനുതാഴെ ആൾക്കാരാണ് ജോലി ചെയ്തുവരുന്നത്.
ഇപ്പോൾ മൊഗ്രാലിൽ മൂന്നു ചവിട്ടുവല സംഘാംഗങ്ങളാണുള്ളത്. ഇതിൽ കേവലം നൂറോളം പേർ മാത്രമാണ് ജോലിചെയ്യുന്നത്. തോണിയിൽ 100 മുതൽ 300 മീറ്റർ ദൂരത്തിൽ കടലിൽ വലയിട്ട് കരയിൽനിന്ന് വലിച്ചെടുക്കുന്നതാണ് ചവിട്ടുവല മത്സ്യബന്ധനം. ഇത് മൊഗ്രാലിന് പുറമെ പള്ളിക്കരയിലുമുണ്ട്. വരുംദിവസങ്ങളിൽ ചെമ്മീൻ ചാകരയും മറ്റുള്ള മീനുകളും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ. അതേസമയം, ആഴക്കടലിൽ മത്സ്യബന്ധനം നടത്തുന്ന ബോട്ടുടമകൾക്കും മറ്റും യഥേഷ്ടം ചെമ്മീനടക്കമുള്ള മത്സ്യങ്ങൾ ലഭിക്കുന്നുണ്ട്. ഇതാണ് മത്സ്യ മാർക്കറ്റുകളിൽ എത്തിക്കൊണ്ടിരിക്കുന്നതും. കഴിഞ്ഞ രണ്ടാഴ്ചയായി കാസർകോട് മത്സ്യവിപണി ഉണർന്നിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.