ഇന്ന് ഭരണഭാഷ ദിനം; ഭരണഭാഷ മലയാളത്തിലാക്കാനുള്ള പരിശ്രമം ലക്ഷ്യത്തിലേക്ക്
text_fieldsമലയാളത്തിന്റെ ഔദ്യോഗിക എഴുത്തുരീതി പുസ്തകം
കാസർകോട്: ഭരണഭാഷ പൂർണമായി മലയാളത്തിലാക്കാനുള്ള പതിറ്റാണ്ടുകൾ നീണ്ട പരിശ്രമം ലക്ഷ്യത്തിലേക്ക്. സർക്കാറിന്റെ അമ്പതോളം വകുപ്പുകളിൽ കത്തിടപാടുകളും നടപടിക്രമങ്ങളും മലയാളത്തിലാക്കാനുള്ള യജ്ഞം നൂറുശതമാനത്തോടടുത്തുവെന്ന് ഭരണഭാഷ വൃത്തങ്ങൾ പറഞ്ഞു. കേന്ദ്രത്തിലേക്ക് അയക്കുന്ന കത്തുകളിലും അന്യസംസ്ഥാനങ്ങളിലേക്ക് അയക്കുന്ന കത്തുകളിലും കോടതിവ്യവഹാരങ്ങളിലുമാണ് ഇപ്പോഴും ഇംഗ്ലീഷ് ഉപയോഗിക്കുന്നത്. പലതും ഒഴിവാക്കാനാവുന്നതല്ല.
1965 മുതൽ ഭാഷാപ്രേമികൾ ആരംഭിച്ച പ്രക്ഷോഭമാണ് ലക്ഷ്യം കാണുന്നത്. അന്നത്തെ പ്രക്ഷോഭത്തെ തുടർന്ന് 1971ൽ ലിപി പരിഷ്കരിക്കാൻ ഉത്തരവിട്ടു. പക്ഷേ, മലയാളം വാക്കുകൾക്കും ലിപികൾക്കും ഏകീകൃത വ്യവസ്ഥ ഇല്ലായിരുന്നു. പലരീതികളിൽ എഴുതുകയും വായിക്കുകയും ചെയ്യുന്ന രീതി തുടർന്നു. ഇതിനിടയിൽ പ്രക്ഷോഭങ്ങൾ നിരവധി നടന്നു. 2015 ഡിസംബർ 17നു രാത്രി 11 മണി വരെ സമ്മേളിച്ച നിയമസഭയിൽ ‘മലയാള ഭാഷ വ്യാപനവും പരിപോഷണവും ബിൽ’ നിയമസഭ ഐകകണ്ഠ്യേന പാസാക്കി. ബിൽ പ്രാബല്യത്തിൽ കൊണ്ടുവരാൻ 2020 ആഗസ്റ്റ് 27ന് ഭരണഭാഷ വകുപ്പ്
സെക്രട്ടറി ഡോ. വി.പി. ജോയി അധ്യക്ഷനായ സമിതിയെ നിയോഗിച്ചു. മലയാള ഭാഷയുടെ ലിപിയും വാക്കുകളും ഏകീകരിച്ച് ഔദ്യോഗിക ശൈലി രൂപവത്കരിക്കുകയായിരുന്നു ലക്ഷ്യം.2022 സെപ്റ്റംബറിൽ മലയാളത്തിന്റെ ഔദ്യോഗിക ശൈലി പുസ്തകം ‘എഴുത്തുരീതി’ പുറത്തിറക്കി. സ്വരങ്ങളും വ്യഞ്ജനങ്ങളും ചില്ലുകളും ഉൾപ്പെടെ 90 ലിപികൾ മലയാളത്തിന് നിജപ്പെടുത്തി. വാക്കുകൾക്ക് ഏകരൂപം സൃഷ്ടിച്ചു.
സർക്കാറിന്റെ എല്ലാ വകുപ്പുകളും ഉപയോഗിക്കുന്ന വാക്കുകൾ ഔദ്യോഗിക ശൈലി ആയിരിക്കണമെന്നും അല്ലാത്ത പക്ഷം നടപടി നേരിടേണ്ടിവരുമെന്നും സർക്കാർ അറിയിച്ചു. എല്ലാമാസവും എല്ലാ വകുപ്പുകളുടെയും സംസ്ഥാന, ജില്ല ഓഫിസുകളിൽ യോഗം ചേർന്ന് ‘മലയാളം’ പുരോഗതി വിലയിരുത്തി. ഈ അവലോകനങ്ങളുടെ വെളിച്ചത്തിലാണ് വകുപ്പുകളിൽ 98 ശതമാനം മലയാളീകരിക്കപ്പെട്ടതായി വിലയിരുത്തിയതെന്നാണ് ഭരണഭാഷ വൃത്തങ്ങൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

