എന്നെ പ്രതിയാക്കാന്‍ ചിലര്‍ക്ക് വലിയ ധൃതി, കുറേ തീര്ത്തില്ലേ ഇനിയും വേണോ? വാര്‍ത്തകള്‍ക്കെതിരെ തുറന്നടിച്ച് കെസി വേണുഗോപാൽ
text_fieldsഅടൂർ: തന്റെ പേര് അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്ന വാര്ത്താശൈലിയെ രൂക്ഷമായി വിമർശിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാല്‍. കോണ്‍ഗ്രസിലെ നേതാക്കളുടെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ പോലും തന്റെ പേരുമായി കൂട്ടിച്ചേര്‍ക്കാന്‍ ചിലര്‍ ധൃതികാണിക്കുകയാണ്. എന്തിനാണ് വീണ്ടും വീണ്ടും ഇങ്ങനെ ചെയ്യുന്നത്? കുറേ തീര്ത്തില്ലേ? ഇനിയും വേണോ ഇത്? എന്ത് കിട്ടിയാലും ഒരു ഭാഗത്ത് കെ.സി. വേണുഗോപാലിനെ പ്രതിയാക്കാനാണ് ചിലര്‍ക്ക് ഇഷ്ടമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ തുറന്നടിച്ചു.
കഴിഞ്ഞ നാലുമാസമായി തന്റെ നിലപാട് യു.ഡി.എഫ് സര്‍ക്കാരിനെ ന്യായീകരിക്കുന്നതാണ്. സര്‍ക്കാറിനെതിരായ ഒരു പ്രസ്താവന പോലും പ്രോത്സാഹിപ്പിക്കാന്‍ താന്‍ തയാറായിട്ടില്ല. ഇക്കാര്യം എല്ലാവര്ക്കും അറിയാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കുന്ന ബി.ജെ.പി ഭരണകൂടത്തെ 2029 ലെ പൊതു തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുക എന്ന ലക്ഷ്യമാണ് തന്റെ ഹൃദയത്തിലും മനസ്സിലുമുള്ളത്. ഇതിനായി ജീവിതത്തില്‍ എന്ത് ത്യാഗവും ചെയ്യാന്‍ തയാറായി നില്ക്കുന്ന വ്യക്തിയാണ് താൻ.
ജനാധിപത്യ പ്രസ്ഥാനമായ കോണ്‍ഗ്രസിനുള്ളിലെ ചെറിയ അഭിപ്രായവ്യത്യാസങ്ങള്‍ പാര്‍ട്ടി നേതൃത്വം ഒന്നിച്ചിരുന്ന് ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് കെ.സി പറഞ്ഞു. സംഘടനാ വിഷയങ്ങള്‍ പാര്‍ട്ടിക്കുള്ളിലാണ് ചര്‍ച്ച ചെയ്യേണ്ടത്. അത് പുറത്തു ചര്‍ച്ച ചെയ്യുന്നതിനോട് തനിക്ക് യോജിപ്പില്ല. ഈ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസിനുള്ളില്‍ വേദിയുണ്ട്. അവിടെ പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താനുള്ള അവസരവും ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കെ.പി.സി.സി പ്രസിഡന്റ് നിയമനവുമായി ബന്ധപ്പെട്ട ചോദ്യത്തിനും കെ.സി മറുപടി നല്കി. പ്രസിഡന്റിനെ മാറ്റേണ്ട കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് എ.ഐ.സി.സി അധ്യക്ഷനാണെന്നും കൂട്ടിച്ചേർത്തു.
രാജ്യത്തെ ജനാധിപത്യവും പൗരന്മാരുടെ വോട്ടവകാശവും സംരക്ഷിക്കുന്നതിനായി ഇൻഡ്യ സഖ്യത്തിലെ പാര്‍ട്ടികളെയും നേതാക്കളെയും അണിനിരത്തി ഒക്ടോബര്‍ എട്ടു വരെ രാജ്യവ്യാപകമായി ‘വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ’ കാമ്പയിന് സംഘടിപ്പിക്കുമെന്ന് കെ.സി. വേണുഗോപാല്‍ അറിയിച്ചു. ഈ പ്രക്ഷോഭത്തിന്റെ ഭാഗമായി ഒക്ടോബര്‍ ആറിന് എം.പിമാരുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ മാര്‍ച്ച് നടത്തി നേതാക്കള്‍ അറസ്റ്റ് വരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

