ഗവ. കോളജ് പ്രിന്‍സിപ്പല്‍ നിയമനം മരവിപ്പിച്ച് കെ.എ.ടി, മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തൽ
text_fieldsപ്രതീകാത്മക ചിത്രം
തിരുവനന്തപുരം: മാനദണ്ഡങ്ങള്‍ പാലിക്കാതെയും യു.ജി.സി ചട്ടങ്ങള്‍ ലംഘിച്ചുമുള്ള ഗവ. ആര്‍ട്സ് ആൻഡ് സയന്‍സ് കോളജ് പ്രിന്‍സിപ്പൽമാരുടെ നിയമനങ്ങൾ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണല്‍ (കെ.എ.ടി) മരവിപ്പിച്ചു.
ജസ്റ്റിസ് പി.വി. ആശ, മെമ്പര്‍ കെ. പ്രദീപ് കുമാർ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റേതാണ് ഉത്തരവ്. 2022ൽ സെര്‍ച് കമ്മിറ്റി യു.ജി.സി ചട്ടങ്ങള്‍ അനുസരിച്ച് തിരഞ്ഞെടുത്ത 110 അപേക്ഷകരില്‍ 36 പേര്‍ക്ക് മാത്രമാണ് നിയമനം നല്‍കിയത്. ബാക്കിയുള്ളവര്‍ ട്രൈബ്യൂണലിനെ സമീപിച്ചപ്പോള്‍ ഉത്തരവ് പ്രകാരം കുറച്ച് പേരെ കൂടി നിയമിച്ചു. ഇതിനിടെ ഇഷ്ടക്കാരെ തിരുകിക്കയറ്റാന്‍ യു.ജി.സി ചട്ടങ്ങള്‍ ലഘൂകരിച്ച് സെർച് കമ്മിറ്റിയെക്കൊണ്ട് ചിലരെ തിരഞ്ഞെടുത്തു.
ഇതിനെതിരെ 2022ൽ സെലക്ഷന് ലഭിച്ചവര്‍ വീണ്ടും കോടതിയെ സമീപിച്ചപ്പോൾ സര്‍ക്കാറിന്റെ നിലവിലെ ലിസ്റ്റ് റദ്ദാക്കി യു.ജി.സി ചട്ടങ്ങള്‍ പാലിച്ചുള്ള സെലക്ഷന് കമ്മിറ്റി ഉണ്ടാക്കാനും 2022ൽ യു.ജി.സി ചട്ടം പാലിച്ച് സെലക്ഷന് നടത്തിയതിൽ സെലക്ഷൻ കിട്ടിയ 110 പേരിൽ ഇനിയും നിയമനം ലഭിക്കാത്തവരില്നിന്ന് പുതിയ നിയമനം നടത്താനും ട്രൈബ്യൂണൽ നേരത്തെ സർക്കാരിന് നിർദേശം നൽകിയിരുന്നു.
യു.ജി.സി ചട്ടപ്രകാരം യു.ജി.സി കെയര്‍ ലിസ്റ്റിലോ സമാന റിവ്യൂവിലോ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചവരെ മാത്രമാണ് പ്രിന്‍സിപ്പൽ തസ്തികയിലേക്ക് പരിഗണിക്കേണ്ടത്.
ഇതിന് വിരുദ്ധമായി കോളജ് മാഗസിനുകളിലടക്കം ലേഖനം എഴുതിയവരെപ്പോലും പരിഗണിക്കുന്ന രീതിയിൽ സര്‍ക്കാര്‍ ചട്ടങ്ങള്‍ ലഘൂകരിച്ചിരുന്നു. ഡെപ്യൂട്ടേഷന് പരിഗണിച്ചിരുന്നത് യു.ജി.സി ചട്ട പ്രകാരം അധ്യാപനത്തിന് മാത്രമായിരുന്നത് മറ്റ് മേഖലകളില്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്തവരെയും പ്രിന്‍സിപ്പല്‍മാരായി പരിഗണിക്കുന്നതില്‍ ഉള്‍പ്പെടുത്താമെന്ന ലഘൂകരണവും ഉണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തിയ നിയമന പട്ടികയാണ് ഇപ്പോള്‍ കോടതി മരവിപ്പിച്ചത്. ഹരജിക്കാര്‍ക്കുവേണ്ടി എം. ഫത്ത്ഹുദ്ദീന്‍ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

