Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദുർമന്ത്രവാദ നിരോധനം: 22 കുറ്റകൃത്യങ്ങൾ ഉൾപ്പെടുത്തി കരട് ബിൽ തയാർ; ശിക്ഷ ജീവപര്യന്തം വരെ

text_fields
bookmark_border
Symbolic Image
cancel
camera_alt

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന ദുർമന്ത്രവാദവും ആഭിചാരവും നിരോധിക്കുന്നതിനുള്ള പുതിയ നിയമനിർമാണത്തിന്റെ കരട് രൂപം സർക്കാറിന് സമർപ്പിച്ച് വിദഗ്ധസമിതി. പത്തനംതിട്ട ഇലന്തൂരിൽ നടന്ന നരബലിയുടെ പശ്ചാത്തലത്തിൽ കേരള യുക്തിവാദി സംഘം നൽകിയ പൊതുതാത്പര്യ ഹരജിയിൽ ഹൈകോടതി നിർദേശപ്രകാരമാണ് വിദഗ്ധസമിതി രൂപവത്കരിച്ചത്. ഹൈകോടതി നിർദേശപ്രകാരം 2025 നവംബറിലാണ് സംസ്ഥാന സർക്കാർ ഇത്തരമൊരു വിദഗ്ധ സമിതിക്ക് രൂപം നൽകിയത്.

‘കേരള പ്രിവൻഷൻ ഓഫ് ബ്ലാക്ക് മാജിക് ബിൽ 2026’ എന്ന കരട് ബില്ലാണ് സമിതി തയാറാക്കി സർക്കാരിന് സമർപ്പിച്ചത്. നിയമപരിഷ്കരണ കമീഷൻ ഉപാധ്യക്ഷനും മുൻ നിയമ സെക്രട്ടറിയുമായ കെ. ശശിധരൻ നായരും മുൻ ഡി.ജി.പി. ജേക്കബ് പുന്നൂസുമാണ് സമിതിയിലെ അംഗങ്ങൾ. ഭരണഘടനാപരവും നിയമപരവുമായ വശങ്ങൾ പരിശോധിച്ച ശേഷമാണ് സമിതി കരട് ബിൽ തയാറാക്കി സർക്കാരിൽ സമർപ്പിച്ചത്.

ജനങ്ങളെ വഞ്ചിക്കുന്നത് തടയലും ശാരീരിക-മാനസിക-സാമ്പത്തിക ചൂഷണങ്ങൾ അവസാനിപ്പിക്കലുമാണ് ബില്ലിന്റെ പ്രധാന ലക്ഷ്യം. അതിനാൽ തന്നെ നരബലി, ജീവനോടെ സംസ്കരിക്കൽ, മരണകാരണമായ മറ്റ് പ്രവൃത്തികൾ എന്നിവ ഉൾപ്പെടുത്തി 22 കുറ്റകൃത്യങ്ങളാണ് ബില്ലിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ കുറ്റകൃത്യങ്ങൾ തെളിയിക്കപ്പെട്ടാൽ ജീവപര്യന്തമാണ്‌ ശിക്ഷ.

മാരകമായി പരിക്കേൽപ്പിക്കുക, അംഗഭംഗം വരുത്തുക, അഭിചാരക്രിയകളുടെ ഭാഗമെന്ന പേരിൽ നടത്തുന്ന ലൈംഗികാതിക്രമം, ബലാത്സംഗം, ജീവന് ഹാനികരമായ പദാർഥങ്ങൾ കഴിപ്പിക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് പത്തുവർഷംവരെ തടവും പിഴയുമാണ് സമിതി നിർദേശിച്ചിട്ടുള്ളത്.

കൂടാതെ, ബാധയൊഴിപ്പിക്കാനുള്ള മർദനം, ലഹരി പദാർഥങ്ങൾ നൽകുക, വിസർജ്യം ഉപയോഗിക്കുക, അന്ധവിശ്വാസങ്ങളുടെ പേരിൽ സ്ത്രീകളെ അധിക്ഷേപിക്കുക, പണവും ആഭരണങ്ങളും കൈക്കലാക്കുക, ഗുരുതര രോഗങ്ങൾക്ക് ചികിത്സ നിഷേധിക്കുക, ഗർഭച്ഛിദ്രം നടത്തുക, അതീന്ദ്രിയ ശക്തികളുടെപേരിൽ ഭീഷണിപ്പെടുത്തുക എന്നീ കുറ്റങ്ങൾക്ക് ഏഴുവർഷംവരെ തടവും പിഴയും ലഭിക്കാൻ വിദഗ്ധസമിതി ശിപാർശ ചെയ്തിട്ടുണ്ട്.

കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ജില്ലതിരിച്ചുള്ള അന്വേഷണ സംഘം വേണമെന്നും വിദഗ്ധസമിതി ശിപാർശ ചെയ്യുന്നുണ്ട്. ഇതിനായി അന്വേഷണ സംഘത്തിൽ ഡി.വൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കണമെന്നാണ് ആവശ്യം. കൂടാതെ, എ.ഡി.ജി.പി.യും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും അംഗമായ സംസ്ഥാനതല നിരീക്ഷണ സമിതിയും രൂപവത്കരിക്കണമെന്നും സമിതി ബില്ലിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Prohibition of Witchcraft: Expert Committee Submits Draft Bill in Kerala
Next Story