‘രാഷ്ട്രീയത്തിന്റെ പേരിൽ എന്നെ വെറുക്കരുത്; പതിവുപോലെ ഞാൻ തോറ്റു, സുനാമി പോലെ കോൺഗ്രസിന് ആളുകൾ വോട്ടുചെയ്തു’ -പത്മജ വേണുഗോപാൽ
text_fieldsതൃശൂർ: രാഷ്ട്രീയത്തിന്റെ പേരിൽ എന്നെ വെറുക്കരുതെന്നും ദയവുചെയ്ത് ചീത്ത പറയരുതെന്നും തൃശൂരിൽ തോറ്റ ബി.ജെ.പി സ്ഥാനാർഥി പത്മജ വേണുഗോപാൽ. എല്ലാവരും പറയുന്നത് പോലെ ഇനി ഒരു ഇലക്ഷനിൽ നിൽക്കില്ല എന്നൊന്നും പറയാൻ താൻ ആളല്ലെന്നും പത്മജ വിഡിയോ സന്ദേശത്തിൽ പറഞ്ഞു.
‘ഇലക്ഷൻ കഴിഞ്ഞു. പതിവുപോലെ ഞാൻ തോറ്റു. പലർക്കും തോന്നുന്നുണ്ടാവും പത്മജ എന്താണ് ഇപ്പോൾ ചെയ്യുന്നുണ്ടാവുക എന്ന്. അവരോട് എനിക്ക് പറയാനുള്ളത് ഞാൻ ഇവിടെ തന്നെ ഉണ്ട്, എവിടെയും പോയിട്ടില്ല എന്നാണ്. എല്ലാവരും പറയുന്നത് പോലെ ഇനി ഒരു ഇലക്ഷനിൽ നിൽക്കില്ല എന്നൊന്നും പറയാൻ ഞാൻ ആളല്ല. കാരണം, എവിടെ നിന്നാലും എന്നെ തോൽപ്പിക്കണം എന്നത് ദൈവത്തിന്റെ തീരുമാനമാണ്. മനുഷ്യന്മാർ എല്ലാവരും ഒരേ രീതിയിൽ ചിന്തിക്കുന്നതാണെന്നാണ് എനിക്ക് തോന്നുന്നത്.
ഞാൻ നിങ്ങളൊന്നും വിചാരിക്കുന്ന ഒരാളല്ല എന്നാണ് എന്നെപ്പറ്റി എനിക്ക് പറയാനുള്ളത്. ഞാൻ ഒരു സാധാരണ മനസ്സുള്ള, എല്ലാവരോടും സ്നേഹവും ദയയും മാത്രമുള്ള സ്ത്രീയാണ്. അതിന് എനിക്ക് നന്ദി പറയേണ്ടത് എന്റെ അമ്മയോടാണ്. ഈ സ്ഥാനമാനങ്ങൾ ഒന്നും ശാശ്വതമല്ല എന്നും അച്ഛന്റെ ഒരു ശ്വാസത്തിലാണ് നമ്മൾ ഇതെല്ലാം മുന്നോട്ട് കൊണ്ടുപോകുന്നതെന്നും അമ്മ പറഞ്ഞു തന്നിട്ടുണ്ട്.
ആർക്കെങ്കിലും അസുഖം വന്നാൽ പോലും എനിക്ക് പേടിയാണ്. ‘അയ്യോ അവരില്ലാണ്ട് നമ്മൾ എങ്ങനെ എന്ന്’ ആലോചിക്കും. പക്ഷേ, ഏറ്റവും ഇഷ്ടപ്പെടുന്ന എന്റെ അച്ഛൻ പോയിട്ട് ഞാൻ ജീവിച്ചു. എന്ത് സംഭവിച്ചാലും നമ്മൾ ജീവിക്കണം. ഇത്രയേ ഉള്ളൂ. ഒരു ദിവസം ഇങ്ങനെ കഴിഞ്ഞുപോയി, പക്ഷെ എനിക്ക് സങ്കടമൊന്നുമില്ല. ഗുരുവായരപ്പനാണെ സത്യം എന്റെ മനസ്സിനെ ഇതൊന്നും ബാധിച്ചിട്ടില്ല. അതുകൊണ്ടായിരിക്കും എനിങ്ങനെ സന്തോഷമായിട്ട് നടക്കാൻ പറ്റുന്നത്.
ഞാൻ എപ്പോഴും പോസിറ്റീവ് തിങ്കിങ് ആണ്. വിജയം എനിക്ക് വിധിച്ചതല്ല എന്നാണ് എന്റെ ചിന്ത. സുനാമി പോലെ കോൺഗ്രസിനെ ജയിപ്പിക്കാൻ ആളുകൾ വോട്ടുചെയ്തു. എന്താ ആരാ എന്നൊന്നും നോക്കാതെ, എൽഡിഎഫിനെ പുറത്താക്കാൻ കൈപ്പത്തി നോക്കി അല്ലെങ്കിൽ ലീഗിന്റെ ചിഹ്നം നോക്കി ആളുകൾ കുത്തി. അതിൽ ഞാനെന്ന ഒരു വ്യക്തിയൊന്നും ഒന്നുമല്ല. ആ രീതിയിൽ ഞാൻ അത് പഠിച്ചു.
എന്നെ സ്നേഹിക്കുന്ന കുറെ ആൾക്കാര് ഇപ്പോഴും തൃശ്ശൂരിൽ ഉണ്ടെന്ന് എനിക്കറിയാം. അതുകൊണ്ട് ഞാൻ തൃശ്ശൂരിൽ നിന്ന് പോകാൻ ഉദ്ദേശിച്ചിട്ടില്ല. ഞാൻ അവിടെ വരും. എല്ലാവരുടെ വീട്ടിലും വരും. എല്ലാവരുടെ സുഖ ദുഃഖങ്ങളിലും ഞാൻ പങ്കുചേരും.അതിന് അധികാരം വേണ്ട. അധികാരം എന്ന് പറയുന്നത് കുട്ടിക്കാലം തൊട്ട് ഞാൻ കണ്ടിട്ടുള്ളതാണ്. ഞാൻ ജനിക്കുമ്പോൾ എന്റെ പിതാവ് എംഎൽഎ ആയിരുന്നു. ഏതിലൂടെയൊക്കെ കടന്നു പോയി എന്ന് അപ്പോൾ അറിയാലോ. ഇതൊക്കെ ഇത്രയേ ഉള്ളൂ എന്നുള്ളത് എനിക്ക് നല്ലതുപോലെ അറിയാം.
ഇത് കേട്ടാൽ എന്നെ ചീത്ത വിളിക്കുന്ന ആൾക്കാരും ഉണ്ടാവും. ഞാൻ എന്റെ ജീവിതത്തിൽ കേൾക്കാത്ത തെറികൾ ചിലർ വിളിക്കുന്നു. ഇവർക്കൊന്നും അമ്മയും പെങ്ങന്മാരും ഒന്നുമില്ലേ? ആരെങ്കിലും അവരെ അങ്ങനെ വിളിച്ചാൽ അവർക്ക് എത്ര വേദനിക്കും? രാഷ്ട്രീയം എന്ന് വെച്ചിട്ട് വ്യക്തിപരമായിട്ടൊന്നും ഇങ്ങനെ പറയരുത്. ഞാൻ ഇന്നുവരെ ആരെയെങ്കിലും പറയുന്നത് കേട്ടിട്ടുണ്ടോ? എന്റെ സഹോദരൻ എന്നെ എന്തൊക്കെ പറഞ്ഞിട്ടുണ്ട്. പക്ഷെ ഞാൻ ഒന്നും മിണ്ടിയിട്ടില്ല. കാരണം ചേട്ടന് അത് പറയാനുള്ള അവകാശം ഉണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. അതുകൊണ്ട് എന്റെ ചേട്ടൻ എന്ത് പറഞ്ഞാലും പണ്ട് എനിക്ക് സങ്കടം വരുമായിരുന്നു. ഇപ്പോൾ അതുമില്ല. ഇത് സാധാരണ കേൾക്കുന്ന ഒരു വിഷയം അത്രയേ ഉള്ളൂ.
ഒരു രാഷ്ട്രീയ പാർട്ടിയിൽ ഇരിക്കുമ്പോൾ നമ്മളെ പിരികയറ്റാൻ ആൾക്കാർ ഉണ്ടാകും. ‘ദേ ചേട്ടൻ അങ്ങനെ പറഞ്ഞു’ എന്ന് അവർ പറയും. ഞാൻ പറയും ‘പറഞ്ഞോട്ടെ, അത് എന്റെ ചേട്ടനല്ലേ, നിങ്ങൾക്ക് വേദനിക്കേണ്ട കാര്യമില്ലല്ലോ? എന്റെ ചേട്ടൻ എന്നെയല്ലേ പറയുന്നത്. അപ്പോൾ എനിക്കല്ലേ വേദനിക്കേണ്ടത്? എനിക്ക് വേദനയൊന്നുമില്ല’ എന്ന്.
ഇനിയുള്ള ദിവസങ്ങളിൽ ഞാൻ നിങ്ങളുടെ കൂടെ ഉണ്ടാവും. നിങ്ങളുമായിട്ട് സംസാരിക്കാൻ ഈ മാധ്യമത്തിൽ കൂടെ പറ്റും. എനിക്ക് പലരെയും അറിയണം. പലരുടെയും സ്വഭാവം അറിയണം. പലരോടും അടുക്കണം. ഞാൻ ആരാണ് എന്ന് നിങ്ങൾ അറിയണം. അധികകാലം എനിക്ക് ഇങ്ങനെ പറയാൻ പറ്റുമോ എന്ന് എനിക്കറിയില്ല. പക്ഷേ പത്മേച്ചി പാവമാണ്, നല്ലൊരു മനസ്സിനുടമയാണ് എന്നെങ്കിലും നിങ്ങൾ അറിയണം. അതിനുവേണ്ടി മാത്രമാണിത്.
രാഷ്ട്രീയമായി ഞാനും ചേട്ടനും നിൽക്കുന്നത് അറിയാലോ. എനിക്ക് എന്റെ രക്തബന്ധം ഇപ്പോഴും ഉണ്ട്. ചേട്ടന് ഉണ്ടോ എന്ന് എനിക്കറിയില്ല. അതുകൊണ്ട് ജീവിതത്തിൽ ഒറ്റയാളാണ് ഞാൻ. അതുകൊണ്ട് എല്ലാവരെയും എനിക്ക് വേണം. നിങ്ങൾ എന്തുണ്ടായാലും എന്റെ കൂടെ നിൽക്കണം, എന്നെ സ്നേഹിക്കണം. ദയവുചെയ്തിട്ട് രാഷ്ട്രീയത്തിന്റെ പേരിൽ എന്നെ വെറുക്കരുത്, ചീത്ത പറയരുത്. എനിക്ക് സങ്കടം വരും. എനിക്ക് രാഷ്ട്രീയമായ തോൽവികൾ ഒന്നും എന്നെ സങ്കടപ്പെടുത്തില്ല. പക്ഷെ, നിങ്ങൾ എന്നെ ചീത്ത പറയുമ്പോൾ എനിക്ക് സങ്കടം വരും. അല്ലെങ്കിൽ ഞാൻ മനുഷ്യനല്ലാണ്ടാവണം. എന്നെ അറിയാത്തതുകൊണ്ടാണ് പലരും എന്നെ ചീത്ത വിളിക്കുന്നത് എന്ന് ഇപ്പോൾ എനിക്ക് മനസ്സിലായി. ഞാൻ ഏത് ജില്ലയിൽ വരുമ്പോഴും വരുമ്പോഴും നിങ്ങൾ എന്നെ കാണണം, പരിചയപ്പെടണം. നിങ്ങളിൽ ഒരാളായിട്ട് എനിക്ക് ജീവിക്കണം’ -പത്മജ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

