Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിഷാരടി അരസംഘി,...

പിഷാരടി അരസംഘി, ഇതുവരെയുള്ള കെ.എസ്.യു നേതാക്കളൊന്നും ഷാഫിയെ ​പോലെ വോട്ട് പിടിച്ചിട്ടില്ല -ഇ.എൻ. സുരേഷ് ബാബു

text_fields
bookmark_border
പിഷാരടി അരസംഘി, ഇതുവരെയുള്ള കെ.എസ്.യു നേതാക്കളൊന്നും ഷാഫിയെ ​പോലെ വോട്ട് പിടിച്ചിട്ടില്ല -ഇ.എൻ. സുരേഷ് ബാബു
cancel

പാലക്കാട്: പാലക്കാട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടി അരസംഘിയാണെന്ന് സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ്‌ ബാബു. അദ്ദേഹം ഷാഫിയുടെ നോമിനിയാണെന്നും ഷാഫിയാണ് സ്ഥാനാർഥിയാക്കി കൊണ്ടുവന്നതെന്നും സുരേഷ് ബാബു ആരോപിച്ചു.

‘ഷാഫി ഇല്ലാതെ ഈ പാലക്കാട് മണ്ഡലത്തിൽ കോൺഗ്രസിന് ജയിക്കാൻ കഴിയില്ല എന്ന ഒരു വലിയ പ്രതീതി ഉണ്ടാക്കുകയാണ് ലക്ഷ്യം. അങ്ങനെ വന്നാൽ അടുത്ത തെരഞ്ഞെടുപ്പിൽ ഷാഫിയെ വിളിച്ച് കോൺഗ്രസ് ഇവിടെ നിർത്തും. ഇങ്ങനെയായിരുന്നല്ലോ ബൈ ഇലക്ഷനിൽ ഒരാളെ കൊണ്ടുവന്നത്. ഒരു ഘട്ടത്തിലും മോശപ്പേരുണ്ടാക്കില്ല എന്ന് നിങ്ങളുടെ മുമ്പിൽ വെച്ചിട്ടല്ലേ ഗ്യാരണ്ടി തന്നത്. ഇതെല്ലാം മാധ്യമങ്ങളിൽ ഇപ്പോൾ റീലായി ഓടുന്നുണ്ടല്ലോ. ഞാൻ പറഞ്ഞതല്ല, സാക്ഷാൽ ഷാഫി പറമ്പിൽ പറഞ്ഞതാണ്.

എന്തുകൊണ്ടാ ഈ മണ്ഡലത്തിൽ രമേഷ് പിഷാരടി വരാൻ കാരണം? അത് ഷാഫിക്ക് ഒരു ലക്ഷ്യമുണ്ട്. എന്താ ലക്ഷ്യം? ഷാഫിയെ കോൺഗ്രസ് കേരള രാഷ്ട്രീയത്തിൽ നിന്ന് മാറ്റി എംപി ആയി മത്സരിപ്പിച്ചു. വടകരയിൽ പോയിട്ടാ മത്സരിച്ചത്. എന്നാൽ, ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന് ഇപ്പോൾ ഒരു പ്രസക്തിയും ഇല്ല എന്ന് ഷാഫിക്ക് നല്ല ധാരണയുണ്ട്. അത് മനസ്സിലാക്കിയാണ് രമേഷ് പിഷാരടിയെ ഷാഫി കൊണ്ടുവന്നത്. എന്നിട്ട് ബിജെപി- കോൺഗ്രസ് ഡീൽ വെച്ച് പാലക്കാട് ബിജെപിക്ക് വോട്ട് മറിച്ചു ചെയ്യുക. അപ്പോൾ കോൺഗ്രസ് തോൽക്കും. തോറ്റാൽ ഷാഫി ഇല്ലാതെ പാലക്കാട് മണ്ഡലത്തിൽ കോൺഗ്രസിന് ജയിക്കാൻ സാധ്യതയില്ല എന്ന അദ്ദേഹത്തിന്റെ ദൗത്യം വിജയിച്ചു. ഷാഫി ഇല്ലാതെ ഈ പാലക്കാട് മണ്ഡലം ജയിക്കാൻ കഴിയില്ല എന്ന ഒരു വലിയ പ്രതീതി ഉണ്ടാക്കുക. എന്നിട്ട് അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഷാഫിയെ വിളിച്ച് ഇവിടെ നിർത്തുക. ഇതാണ് ലക്ഷ്യം’ -സുരേഷ് ബാബു ആരോപിച്ചു.

‘ഗസ്സയിൽ മനുഷ്യക്കുരുതി നടത്തിയതിൽ ഇവിടെ പ്രതിഷേധിച്ചിട്ട് എന്താ കാര്യം എന്നാ പിഷാരടി പറയുന്നത്. ഇദ്ദേഹം ഒരു അരസംഘിയെ പോലെയല്ലേ സംസാരിച്ചത്? സംഘികൾക്ക് മാത്രമല്ലേ ലോകത്തിൽ ഇസ്രയേലിനെ ന്യായീകരിക്കാൻ കഴിയുക. ഒരു അരസംഘിയുടെ മനസ്സുമായാണ് ഇവിടെ യുഡിഎഫിന്റെ സ്ഥാനാർഥിത്വം. കാലാകാലമായി ബിജെപി കോൺഗ്രസ് ഡീലിന്റെ തുടർച്ചയാണിത്. ഈ മണ്ഡലം രൂപവത്കരണത്തിനു ശേഷം ജയിച്ചതെല്ലാം കോൺഗ്രസ് ആണ്. ജില്ലയിലെ 12 മണ്ഡലങ്ങളിൽ കോൺഗ്രസിന് ഉറപ്പുള്ള ഒരു മണ്ഡലമാണ് പാലക്കാട്. അത് നിങ്ങൾക്കും ബോധ്യമുള്ള കാര്യമാണ്. അങ്ങനെയുള്ള മണ്ഡലത്തിൽ രാഷ്ട്രീയ പോരാട്ടം അല്ലേ യഥാർത്ഥത്തിൽ കോൺഗ്രസ് നടത്തേണ്ടത്. രാഷ്ട്രീയ പോരാട്ടത്തിന് പറ്റിയ ആളെയാണോ ഇപ്പോ കോൺഗ്രസ് ഇവിടെ നിയോഗിച്ചത്? പ്രധാന നേതാക്കൾ മത്സരിച്ചാൽ രാഷ്ട്രീയ പോരാട്ടമാണ് പാലക്കാട് മണ്ഡലത്തിൽ എന്ന് നമുക്ക് പറയാം. കോമഡി ഷോ ചെയ്യുന്ന ഒരു കലാകാരൻ എന്നത് മാത്രമാണ് പിഷാരടിയുടെ പ്രത്യേകത. ജില്ലയിൽ കോൺഗ്രസിന് ആകെയുള്ള ഒരു മണ്ഡലമാണിത്. അങ്ങനെയുള്ള ഇവിടെ എന്തിനാണ് ഇത്ര ദുർബലനായ, ഒരു രാഷ്ട്രീയ ധാരണയും ഇല്ലാത്ത ഒരാളെ മത്സരിപ്പിച്ചത്?

അദ്ദേഹത്തിന് രാഷ്ട്രീയ ധാരണ ഇല്ല എന്ന് പറയാൻ ഒരു കാരണമുണ്ട്. അദ്ദേഹം ചില രാഷ്ട്രീയ കാര്യങ്ങളിൽ നടത്തിയ അഭിപ്രായപ്രകടനം നിങ്ങൾ നോക്കിയിട്ടുണ്ടാകും. എറണാകുളം ജില്ലയിൽ ഒരു സ്കൂളിൽ തട്ടമിട്ട പെൺകുട്ടിയെ ഇറക്കി വിട്ടതിനെക്കുറിച്ച് വളരെ നിസ്സാരവൽക്കരിച്ചല്ലേ അദ്ദേഹം അഭിപ്രായ പ്രകടനം നടത്തിയത്. അതൊന്നും അദ്ദേഹത്തിന് സീരിയസ് പ്രശ്നമായിട്ട് തോന്നിയിട്ടില്ല. ഗസ്സയിൽ പിഞ്ചു കുഞ്ഞുങ്ങൾ അടക്കം ആയിരക്കണക്കിന് മനുഷ്യരെ കുരുതി നടത്തി ഇസ്രയേൽ. അതിനെക്കുറിച്ച് അഭിപ്രായം പറഞ്ഞത് എന്താ? ഗസ്സയിൽ മനുഷ്യക്കുരുതി നടത്തിയതിൽ ഇവിടെ പ്രതിഷേധിച്ചിട്ട് എന്താ കാര്യം എന്നാ ഇദ്ദേഹം പറയുന്നത്. ഒരു രാഷ്ട്രീയ നേതാവ് ഇങ്ങനെയാണോ പറയേണ്ടത്? ഇദ്ദേഹം ഒരു അര സംഘിയെ പോലെയല്ലേ സംസാരിച്ചത്? സംഘികൾക്ക് മാത്രമല്ലേ ലോകത്തിൽ ഇസ്രയേലിനെ ന്യായീകരിക്കാൻ കഴിയുക. അരസംഘിയുടെ മനസ്സുള്ള സ്ഥാനാർത്ഥിത്വമാണ് യഥാർത്ഥത്തിൽ ബിജെപി -കോൺഗ്രസ് ഡീലിന്റെ തുടർച്ച. സ്ഥാനാർഥി ദുർബലനെന്ന് പറയാൻ കാരണം അയാൾ രാഷ്ട്രീയ നേതാവല്ല, കോൺഗ്രസ് നേതൃത്വത്തിൽ ഉള്ള ആളല്ല, കോമഡി ഷോ മാത്രം അവതരിപ്പിക്കുന്ന കലാകാരനാണ്, രാഷ്ട്രീയ കാര്യങ്ങളിൽ വ്യക്തമായ മതനിരപേക്ഷ നിലപാട് സ്വീകരിക്കാത്ത ഒരാളാണ്’ -സുരേഷ് ബാബു പറഞ്ഞു.

‘പാലക്കാട് മണ്ഡലത്തിലെ അനുഭവം മുൻനിർത്തിയാണ് ഷാഫിക്ക് ബിജെപിയുമായി ഡീൽ ഉണ്ട് എന്ന് ഞാൻ പറയുന്നത്. ഷാഫി ആദ്യമായി ജയിക്കുന്നത് കെഎസ്‍യു സംസ്ഥാന പ്രസിഡന്റായിരിക്കെയാണ്. കെഎസ്‍യുവിന്റെ സംസ്ഥാന പ്രസിഡന്റുമാരൊക്കെ ഇവിടെ മത്സരിച്ചിട്ടുണ്ട്. മലമ്പുഴയിൽ സതീശൻ പാച്ചേനി മത്സരിച്ചിട്ടുണ്ട്. വി എസ് ജോയ് മത്സരിച്ചിട്ടുണ്ട്. പക്ഷേ അവരൊന്നും അന്ന് വല്ലാതെ വോട്ട് പിടിച്ചവരൊന്നുമല്ല. കാരണം കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് എന്ന് പറഞ്ഞാൽ അത്ര ജനപ്രീതി നേടുന്ന ആളുകൾ ഒന്നുമല്ല എന്ന് നമുക്കെല്ലാവർക്കും അറിയാം. എന്നിട്ടും ജനപ്രീതി ഇല്ലാത്ത ഷാഫി പാലക്കാട് മണ്ഡലത്തിൽ ജയിച്ചു.

പിന്നീട് ഷാഫി ജയിക്കാൻ കാണിച്ച കാര്യങ്ങൾ എന്തൊക്കെയാണ്? ഷാഫി പാലക്കാട് ജയിക്കുമ്പോൾ ബിജെപി സംസ്ഥാന നേതാവ് കൃഷ്ണകുമാർ മലമ്പുഴയിൽ മത്സരിച്ചു രണ്ടാം സ്ഥാനത്ത് എത്തി. എല്ലാ കാലത്തും മലമ്പുഴയിൽ രണ്ടാം സ്ഥാനം എത്തിയത് കോൺഗ്രസ് ആയിരുന്നു. ആ കോൺഗ്രസിന്റെ വോട്ട് മുഴുവൻ കൃഷ്ണകുമാറിന് മറിച്ചു കൊടുത്തു. ആ കൃഷ്ണകുമാറിന്റെ സ്വാധീനം വെച്ച് പാലക്കാട് മണ്ഡലത്തിലെ ബിജെപിയുടെ വോട്ട് ഷാഫിക്ക് പോയി. അത് 2021ലും തുടർന്നു. ഷാഫി ഇവിടെ കൃഷ്ണകുമാർ അവിടെ. ഷാഫി ഇവിടുന്ന് വടകരക്ക് പോയി. തുടർന്ന് ബൈ ഇലക്ഷനിൽ കൃഷ്ണകുമാർ ആയിരുന്നു ബിജെപിയുടെ സ്ഥാനാർത്ഥി. ആ കൃഷ്ണകുമാറിന്റെ ആളുകളെ ഡീൽ ചെയ്തത് ഷാഫി അല്ലേ? ആർഎസ്എസിന്റെയും ബിജെപിയുടെയും പതിനായിരത്തിലധികം വോട്ട് രാഹുലിന് കിട്ടി. ഷാഫിക്ക് കിട്ടാത്ത വോട്ടല്ലേ രാഹുലിന് കിട്ടിയത്? ഞങ്ങൾ എപ്പോഴും മൂന്നാം സ്ഥാനത്ത് തന്നെയാണ്’ -ഇ.എൻ. സുരേഷ് ബാബു പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shafi ParambilRamesh PisharodyEN Suresh BabuKerala Assembly Election 2026
News Summary - kerala assembly election 2026: shafi parambil ramesh pisharody en suresh babu
Next Story