കർശന പരിശോധനകളോടെ ഇരട്ട വോട്ടുള്ളവർക്ക് സമ്മതിദാനാവകാശം
text_fieldsതിരുവനന്തപുരം: പോളിങ് ബൂത്തിലെത്തിയ ഇരട്ട വോട്ടുള്ളവരെയെല്ലാം മൊബൈൽ ആപ്പിലാക്കി തെരഞ്ഞെടുപ്പ് കമീഷൻ. പ്രത്യേകം തയാറാക്കിയ എ.എസ്.ഡി മോണിറ്റർ ആപ് ഉപയോഗിച്ചായിരുന്നു ഇരട്ടവോട്ടുള്ളവരുടെ വോട്ടവകാശം പ്രത്യേകം രേഖപ്പെടുത്തിയത്. ഒന്നിലധികം വോട്ടുള്ളവർ ഒരു വോട്ട് മാത്രം ചെയ്തെന്ന് ഉറപ്പാക്കാനും കള്ളവോട്ട് തടയാനുമായിരുന്നു ഇത്. വോട്ടർപട്ടികയിൽ പേരുള്ളവരിൽ സ്ഥലത്തില്ലാത്തവർ, താമസം മാറിയവർ, മരിച്ചവർ/ ഒന്നിലധികം സ്ഥലത്ത് വോട്ടുള്ളവർ എന്നിവരുടെ പട്ടിക (എ.എസ്.ഡി പട്ടിക) പ്രത്യേകം തയാറാക്കി കമീഷൻ പ്രിസൈഡിങ് ഒാഫിസർമാർക്ക് കൈമാറിയിരുന്നു.
ഇൗ പട്ടികയുടെ അടിസ്ഥാനത്തിൽ കമീഷൻ തയാറാക്കിയ മാനദണ്ഡപ്രകാരമായിരുന്നു ഇരട്ട വോട്ടുള്ളവർക്ക് വോട്ട് ചെയ്യാൻ അനുമതി നൽകിയത്. തെരഞ്ഞെടുപ്പ് കമീഷൻ അംഗീകരിച്ച തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് വോട്ടർമാരെ തിരിച്ചറിഞ്ഞശേഷമാണ് നടപടികൾ ആരംഭിച്ചത്.
ചില ജില്ലകളിൽ തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡിന് പുറമെ മറ്റൊരു അംഗീകൃത കാർഡ് കൂടി നിർബന്ധമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എ.എസ്.ഡി പട്ടികയിൽ ഉൾപ്പെട്ട വോട്ടർ എത്തിയാൽ ആപ് ഉപയോഗിച്ച് ഫോേട്ടാ എടുക്കുകയും വിവരങ്ങൾ സഹിതം അപ്ലോഡ് ചെയ്യുകയും ചെയ്തു. ഫോേട്ടാ റിേട്ടണിങ് ഒാഫിസറുടെ വാട്സ്ആപ് ഗ്രൂപ്പിലേക്കും കൈമാറി. വോട്ടറിൽനിന്ന് സത്യവാങ്മൂലം ഒപ്പിട്ട് വാങ്ങുകയും വിരലടയാളം ശേഖരിക്കുകയും ചെയ്തു.
കൈവിരലിൽ പുരട്ടുന്ന മഷി ഉണങ്ങിയെന്ന് ഉറപ്പാക്കിയശേഷമാണ് ഇവരെ വോട്ട് ചെയ്യാൻ അനുവദിച്ചത്. മൊബൈൽ ആപ് വഴി ശേഖരിച്ച ഫോേട്ടാ മുഖം തിരിച്ചറിയൽ സാേങ്കതികവിദ്യയിലൂടെ ഇരട്ട വോട്ട് പരിശോധന നടത്തും. ഇരട്ട വോട്ട് കണ്ടെത്തിയാൽ നിയമനടപടി സ്വീകരിക്കുമെന്നും കമീഷൻ അറിയിച്ചു.
ഒാരോ ജില്ലയിലും ഇരട്ടവോട്ടുള്ളവരുടെ പട്ടികയിൽനിന്ന് വോട്ട് രേഖപ്പെടുത്തിയവരുടെ വിവരങ്ങൾ കമീഷൻ ശേഖരിച്ചുവരുന്നു. എ.എസ്.ഡി പട്ടികയിൽ ഉൾപ്പെട്ടവരിൽ മലപ്പുറത്ത് 7189 പേരും ഇടുക്കിയിൽ 840 പേരും വോട്ട് രേഖപ്പെടുത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.