അടിമുടി മാറി സഹകരണ സംഘം നിയമം
text_fieldsസഹകരണമേഖലയിൽ ഈയിടെയായി ഉയർന്നുകേൾക്കുന്ന ചില അനഭിലഷണീയ പ്രവണതകൾക്ക് കടിഞ്ഞാണിട്ട് മേഖലയുടെ വളർച്ചക്ക് ആക്കംകൂട്ടുവാൻ കേരള സഹകരണ സംഘം നിയമത്തിലും ചട്ടത്തിലും കൊണ്ടുവന്ന സമഗ്ര ഭേദഗതികൾ പ്രാബല്യത്തിൽ വന്നിരിക്കയാണ്. 2024 ജൂണിൽ സഹകരണസംഘം നിയമത്തിൽ 57 ഭേദഗതികളും ഡിസംബറിൽ സഹകരണസംഘം ചട്ടത്തിൽ 53 ഭേദഗതികളുമാണ് വരുത്തിയത് .
സംഘങ്ങളുടെ എണ്ണവും പ്രവർത്തനങ്ങളും പലമടങ്ങ് വർധിക്കുകയും നിക്ഷേപം രണ്ട് ലക്ഷം കോടി രൂപയായി ഉയരുകയും ചെയ്തതിലൂടെ സഹകരണമേഖല അഭൂതപൂർവമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. എന്നാൽ, മേഖലയിൽ അനഭിലഷണീയ പ്രവണതകൾ ശ്രദ്ധയിൽപെട്ട സാഹചര്യത്തിൽ സമഗ്ര നവീകരണം ആവശ്യമാണെന്നും അതിനാണ് ഭേദഗതി കൊണ്ടുവന്നതെന്നുമാണ് സർക്കാർ വാദം .
സംഘങ്ങളുടെ സംയോജനത്തിനും വിഭജനത്തിനും പൊതുയോഗത്തിന്റെ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണമെന്നത് കേവല ഭൂരിപക്ഷമെന്നാക്കി ഭേദഗതി വരുത്തിയിട്ടുണ്ട്.
സംഘങ്ങളുടെ അനുബന്ധ സ്ഥാപനങ്ങൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുവാൻ ഭേദഗതി വ്യവസ്ഥ ചെയ്യുന്നു. പ്രാഥമിക സഹകരണ സംഘങ്ങളുടെ ബാങ്കിങ് പ്രവർത്തനങ്ങൾക്ക് റിസർവ് ബാങ്കും ആദായനികുതി വകുപ്പും നിയന്ത്രണങ്ങൾ കടുപ്പിക്കുമ്പോൾ കൂടുതൽ വായ്പേതര പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനുള്ള സാഹചര്യവും നിയമഭേദഗതിയിലൂടെ ഇല്ലാതാവുകയാണ്. ഒന്നിൽ കൂടുതൽ സംഘങ്ങൾ ചേർന്ന് കൺസോർട്യം രൂപവത്കരിക്കുന്നതിനും അതിനായുള്ള ഫണ്ട് സമാഹരണത്തിനും കൂടുതൽ വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
സംഘത്തിലെ ഒരു അംഗത്തിന് അയാളുടെ ഇടപാടുകൾ സംബന്ധമായ കണക്കുകളും തൊട്ടു മുൻവർഷം ഓഡിറ്റിൽ ചൂണ്ടിക്കാണിച്ച ന്യൂനത സംഗ്രഹവും അതിന്മേൽ സ്വീകരിച്ച പരിഹാരനടപടികളും പരിശോധിക്കാനും ആവശ്യമെങ്കിൽ ശരിപ്പകർപ്പ് കൈപ്പറ്റാനും ഭേദഗതി വ്യവസ്ഥ ചെയ്യുന്നു.
സംഘത്തിന്റെ മിനിറ്റ്സ് ബുക്കും ന്യൂനതാ പരിഹരണ രജിസ്റ്ററും ആദ്യം എഴുതിയും പിന്നീട് ഡിജിറ്റലായും സൂക്ഷിക്കണം.
ഭരണസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില പ്രധാന ഭേദഗതികൾ വരുത്തിയിട്ടുണ്ട്.
നിക്ഷേപക സംവരണ മണ്ഡലത്തിൽനിന്ന് മത്സരിക്കുന്നവർക്ക് സംഘത്തിൽ 25,000 രൂപയുടെ നിക്ഷേപം ഉണ്ടായിരിക്കണം. നേരത്തേ ഇത് 10,000 രൂപയായിരുന്നു.
ഭരണസമിതിയിലെ രണ്ട് സീറ്റുകൾ 40 വയസ്സിൽ കൂടാത്ത അംഗങ്ങൾക്കായി സംവരണം ചെയ്തിട്ടുണ്ട്. ഒന്ന് ജനറൽ വിഭാഗത്തിൽനിന്നും മറ്റൊന്ന് വനിത സംവരണ വിഭാഗത്തിൽ നിന്നുമായിരിക്കും.
ഭരണസമിതി തെരഞ്ഞെടുക്കപ്പെട്ട തീയതിമുതൽ ആറ് മാസത്തിനകം രണ്ട് വിദഗ്ധരെ കോ-ഓപ്റ്റ് ചെയ്യണം. അല്ലാത്തപക്ഷം സർക്കാർ നോമിനേറ്റ് ചെയ്യും.
ഒരു വായ്പ സംഘത്തിന്റെ ഭരണസമിതിയിലേക്ക് ഒരാൾ തുടർച്ചയായി തെരഞ്ഞെടുക്കപ്പെടാവുന്നത് മൂന്ന് ടേമായി പരിമിതപ്പെടുത്തി. തുടർച്ചയായി സംഘത്തിന്റെ ഭരണത്തിലിരിക്കുന്നതിലൂടെ അഴിമതിയും ക്രമക്കേടും കൂടിവരുന്നു എന്ന വിലയിരുത്തലിലാണ് ഈ തീരുമാനം. എന്നാൽ, 2024 ഒക്ടോബറിൽ ഹൈകോടതി സിംഗിൾ ബെഞ്ച് ഭേദഗതി സ്റ്റേ ചെയ്യുകയും കഴിഞ്ഞ ദിവസം ഡിവിഷൻ ബെഞ്ച് സ്റ്റേ റദ്ദാക്കുകയും ചെയ്തു.
ജീവനക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും തൊട്ടു മുൻവർഷത്തെ സംഘത്തിലെ ബാധ്യത സംബന്ധിച്ച പട്ടികയും വാർഷിക പൊതുയോഗത്തിൽ പരിഗണനക്കെടുക്കണം.
കേന്ദ്രത്തിന്റെ കോമൺ സോഫ്റ്റ് വെയർ പദ്ധതിയോട് മുഖം തിരിച്ച് നിൽക്കുന്ന സംസ്ഥാന സർക്കാർ സ്വന്തം കോമൺ സോഫ്റ്റ് വെയറുമായി മുന്നോട്ട് പോവുന്നതിനായി നിയമഭേദഗതിയും കൊണ്ടുവന്നിട്ടുണ്ട്.
അസാധാരണ സാഹചര്യത്തിൽ പ്രവർത്തനം തുടർന്ന് കൊണ്ടുപോവാൻ കഴിയാത്ത സംഘങ്ങളെ സഹായിക്കാൻ സഹകരണ പുനരുദ്ധാരണ ഫണ്ട് പദ്ധതിക്ക് രൂപം നൽകും.
വായ്പ നൽകുമ്പോൾ വ്യക്തിഗത പരമാവധി കടമെടുക്കൽ പരിധിയിൽ കവിഞ്ഞാൽ ചീഫ് എക്സിക്യൂട്ടിവും കമ്മിറ്റിയും ഉത്തരവാദിയാവും.
10 ലക്ഷം രൂപക്ക് മുകളിലുള്ള വായ്പകൾക്ക് ഈടായി പണയപ്പെടുത്തുന്ന സ്ഥാവരസ്വത്തുക്കളുടെ മൂല്യനിർണയം ചീഫ് എക്സിക്യൂട്ടിവ് ഉൾപ്പെടെയുള്ള രണ്ട് ജീവനക്കാർ, രണ്ട് ഭരണസമിതി അംഗങ്ങൾ, ഭരണസമിതി അധികാരപ്പെടുത്തിയ സ്വതന്ത്ര വാല്യുവേറ്റർ എന്നിവരടങ്ങുന്ന അഞ്ചംഗസമിതി നടത്തേണ്ടതാണ്.
വിരമച്ച ഡെപ്യൂട്ടി തഹസിൽദാർ, സബ് രജിസ്ട്രാർ എന്നിവരുടെ റാങ്കിൽ കുറയാത്ത ഒരാളെ വിലനിർണയത്തിനുള്ള വാല്യൂവർ ആയി സംഘങ്ങൾക്ക് തിരഞ്ഞെടുക്കാം.
ഓഡിറ്റിങ് ശക്തമാകും
സംഘങ്ങളുടെ ഓഡിറ്റിങ് കുറ്റമറ്റതാക്കാൻ ടീം ഓഡിറ്റിന് ഭേദഗതി വ്യവസ്ഥ ചെയ്യുന്നു. അക്കൗണ്ട്സ് ഓഡിറ്റും അഡ്മിനിസ്ട്രേറ്റിവ് ഓഡിറ്റും ഇതിന്റെ ഭാഗമായിരിക്കും.
ഒരു ഓഡിറ്ററോ ഓഡിറ്റിങ് സ്ഥാപനമോ ഓഡിറ്റ് ടീമോ തുടർച്ചയായി രണ്ടിൽ കൂടുതൽ തവണ ഒരു സംഘത്തിന്റെ കണക്കുകൾ ഓഡിറ്റ് ചെയ്യാൻ പാടില്ല. ഇൻഫർമേഷൻ സിസ്റ്റത്തിന്റെ ഓഡിറ്റും സോഫ്റ്റ്‌വെയർ, ഹാർഡ് വെയർ പരിശോധനയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓഡിറ്റ് റിപ്പോർട്ടിൽ ചൂണിക്കാണിക്കുന്ന പോരായ്മകളും ക്രമക്കേടുകളും പരിഹരിക്കുവാൻ കമ്മിറ്റി നടപടി കൈക്കൊള്ളേണ്ടതും അടുത്ത പൊതുയോഗം മുമ്പാകെ വെക്കേണ്ടതും എടുത്ത നടപടി 15 ദിവസത്തിനകം രജിസ്ട്രാറെയും ഓഡിറ്റ് ഡയറക്ടറെയും അറിയിക്കേണ്ടതുമാണ്.
വായ്പ സംഘങ്ങൾ ത്രൈമാസ റിപ്പോർട്ട് രജിസ്ട്രാർക്ക് സമർപ്പിക്കേണ്ടതും വീഴ്ചവരുത്തുന്ന സംഘത്തിൽനിന്ന് 10,000 രൂപവരെയുള്ള പിഴ ഈടാക്കാവുന്നതുമാണ്.
നിയമനങ്ങൾക്ക് പൊലീസ് വെരിഫിക്കേഷൻ
നിയമനങ്ങളിൽ ഭിന്നശേഷി സംവരണം മൂന്നിൽനിന്ന് നാല് ശതമാനമാക്കി. എല്ലാ സഹകരണസംഘങ്ങളിലെയും ജൂനിയർ ക്ലർക്കും അതിനു മുകളിലെ തസ്തികകളിലേക്കുമുള്ള നിയമനം സഹകരണ പരീക്ഷ ബോർഡ് മുഖേന നടത്തണം.
നേരത്തേ ഇത് പ്രാഥമിക വായ്പ സംഘങ്ങൾ, അർബൻ സഹകരണ ബാങ്കുകൾ, പ്രാഥമിക കാർഷിക ഗ്രാമവികസന ബാങ്കുകൾ എന്നിവയിലെ നിയമനങ്ങൾക്ക് മാത്രമായിരുന്നു. എന്നാൽ, ചട്ടത്തിൽ വ്യക്തമാക്കിയ 15 തരം സംഘങ്ങളെ അവയുടെ പ്രവർത്തന മൂലധനം/ വിറ്റുവരവ്, ക്ലാസിഫിക്കേഷൻ പ്രകാരമുള്ള തസ്തികകളുടെ എണ്ണം എന്നിവക്കനുസൃതമായി ഇതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സബ് സ്റ്റാഫ് തസ്തികയിൽനിന്ന് ക്ലറിക്കൽ തസ്തികയിലേക്കുള്ള പ്രമോഷനും നിയമനവും 1:4 എന്നത് ഉയർന്ന ക്ലാസിലുള്ള സംഘങ്ങൾക്കായി പരിമിതപ്പെടുത്തി.
ക്ലാസ് 2 മുതൽ താഴോട്ടുള്ള സംഘങ്ങളിൽ ഇത് 1:2 ആയി ഭേദഗതി വരുത്തി. പ്രമോഷൻ ലഭിക്കുവാൻ സഹകരണ പരീക്ഷാ ബോർഡിന്റെ യോഗ്യത നിർണയ പരീക്ഷയും നിർബന്ധമാക്കി.
1969ലെ സഹകരണ നിയമത്തിലെ 63, 64, 65, 66, 68, 69, 70, 74, 76 വകുപ്പുകളിൽ വരുത്തിയ ഭേദഗതികളിലൂടെ സഹകരണ രജിസ്ട്രാർ, സഹകരണ ഓഡിറ്റ് ഡയറക്ടർ, വിജിലൻസ് ഓഫിസർ, പൊലീസ് എന്നിവർക്ക് വിപുലമായ അധികാരങ്ങളാണ് നൽകിയിട്ടുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.