നിരത്ത് സജീവം, കേരളം ഉണരുന്നു; പൂട്ടുതുറന്ന് പുതുജീവിതം
text_fieldsതിരുവനന്തപുരം: നാലാംഘട്ട ലോക്ഡൗണിൽ പൂട്ടുതുറന്ന് കേരളം പുതുജീവിതത്തിലേക്ക്. ബുധനാഴ്ച സംസ്ഥാനത്ത് പൊതുഗതാഗതം പുനരാരംഭിച്ചതോടെ നിരത്തുകൾ സജീവമായി. ഒപ്പം, ഒാേട്ടാറിക്ഷകളും ടാക്സികളും ഓടിത്തുടങ്ങി. സ്വർണക്കടയും തുണിക്കടയും ബാർബർ േഷാപ്പും ബ്യൂട്ടി പാർലറും തുറന്നു. ഷോപ്പിങ് കോംപ്ലക്സുകളിൽ പകുതി സ്ഥാപനങ്ങൾ നിയന്ത്രണവിധേയമായി തുറന്നു. മാർച്ച് 24ന് ദേശീയ ലോക്ഡൗൺ തുടങ്ങിയതിനെ തുടർന്ന് നിശ്ചലമായ പൊതുജീവിതമാണ് നിയന്ത്രണങ്ങളോടെയാണെങ്കിലും ഓടിത്തുടങ്ങിയത്.
കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണങ്ങളോടെയാണ് ജില്ലകൾക്കുള്ളിൽ ഒാടിത്തുടങ്ങിയത്. ആദ്യദിനം 1850 സർവിസാണ് നിശ്ചയിച്ചതെങ്കിലും 1338 സർവിസുകളാണ് ഓടിയത്. തുടക്ക ദിനം ശരാശരി 10-15 യാത്രക്കാരാണ് ഒരു ബസിലുണ്ടായത്. അധികവും സർക്കാർ ജീവനക്കാർ. 50 ശതമാനം നിരക്ക് വർധനയോടെയാണ് സർവിസ് തുടങ്ങിയതെങ്കിലും തർക്കമോ ആശയക്കുഴപ്പമോ ഉണ്ടായില്ല.

തലസ്ഥാന ജില്ലയിൽ എല്ലാ ബസുകളും കൂടി 1.24 ലക്ഷം കിലോമീറ്റർ ഒാടിയെന്ന് കെ.എസ്.ആർ.ടി.സി പറയുന്നു. ജില്ലയിൽ ബാർബർ ഷോപ്പുകളിലും സ്വർണക്കടകളിലും തിരക്കായിരുന്നു. സ്വകാര്യ വാഹനങ്ങൾ യഥേഷ്ടം. ഒാഫിസുകളിലും സ്ഥാപനങ്ങളിലും വരുന്നവർ ഏറെയും സ്വന്തം വാഹനം ഉപയോഗിക്കുന്നു. പലയിടത്തും ഒാേട്ടാകൾക്കും ടാക്സികൾക്കും കെ.എസ്.ആർ.ടി.സി ബസുകൾക്കും മതിയായ യാത്രക്കാരെ ലഭിച്ചില്ല.
എറണാകുളം ജില്ലയിൽ 157 സർവിസുകളാണ് കെ.എസ്.ആർ.ടി.സി നടത്തിയത്. ജില്ല അതിര്‍ത്തിക്കു തൊട്ടുമുമ്പുള്ള പ്രധാന ജങ്ഷനില്‍ സര്‍വിസ് അവസാനിപ്പിച്ചു. ജില്ലയിൽ വൻകിട- ചെറുകിട വസ്ത്രശാലകൾ തുറന്നു. പ്രമുഖ ജ്വല്ലറികൾ തുറന്നിരുന്നെങ്കിലും ആദ്യദിനം ഉപഭോക്താക്കൾ കുറവായിരുന്നു. ജീവനക്കാരുടെ എണ്ണവും പരിമിതപ്പെടുത്തി.
കോഴിക്കോട് ജില്ലയിൽ 36 കെ.എസ്.ആർ.ടി.സി ബസുകളാണ് ഓടിയത്. ബസ് ഓപറേറ്റേഴ്സ് അസോസിയേഷനുമായി ബന്ധമില്ലാത്ത സ്വകാര്യ ബസുകളും ഓടി. കമ്മത്ത് ലൈനിലും മേലേ പാളയത്തും റാംമോഹൻ റോഡിലുമടക്കം മിക്ക സ്വർണക്കടകളും തുറന്നു. കച്ചവടം പേരിന് മാത്രമേയുള്ളൂവെന്ന് വ്യാപാരികൾ പറഞ്ഞു. മുഴുവൻ ബാർബർ ഷോപ്പുകളും തുറന്നില്ല.
ഓടാൻ സ്വകാര്യ ബസും
അറ്റകുറ്റപ്പണികൾക്കും ശുചിയാക്കലിനും ശേഷം സ്വകാര്യ ബസും സർവിസ് പുനരാരംഭിക്കുമെന്ന് ഗതാഗതമന്ത്രിയുമായി നടത്തിയ അനൗദ്യോഗിക ചർച്ചക്കുശേഷം ബസുടമ സംഘം അറിയിച്ചു. സർവിസ് നടത്തില്ലെന്ന നിഷേധാത്മക നിലപാട് ഇല്ലെന്ന് ബസുടമകൾ മന്ത്രി എ.കെ. ശശീന്ദ്രനെ അറിയിച്ചു. ചില ബസുകൾ വ്യാഴാഴ്ച നിരത്തിലിറങ്ങും. കണ്ണൂർ ജില്ലയില്‍ ചില ബസുകള്‍ ഓടുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.