കേരള പാഠ്യപദ്ധതി ചട്ടക്കൂട് ഡിസംബറിൽ; പുതിയ പാഠപുസ്തകം 2024ൽ
text_fieldsതിരുവനന്തപുരം: സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തിനുള്ള കേരള പാഠ്യപദ്ധതി ചട്ടക്കൂട് അടുത്ത ഡിസംബറോടെ പ്രസിദ്ധീകരിക്കാൻ തീരുമാനം. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷിന്‍റെ അധ്യക്ഷതയിൽ ചേർന്ന കരിക്കുലം കോർ കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്.
25 വിഷയമേഖലകളിൽ വിവിധതലങ്ങളിൽ ചർച്ച നടത്തി അഭിപ്രായരൂപവത്കരണം നടത്തിയായിരിക്കും ചട്ടക്കൂട് തയാറാക്കുക. സമൂഹ ചർച്ചക്കുള്ള കരട് കുറിപ്പ് യോഗത്തിൽ അവതരിപ്പിക്കുകയും ആഗസ്റ്റ് ഏഴിനകം അഭിപ്രായം അറിയിക്കാൻ കരിക്കുലം കോർ കമ്മിറ്റി അംഗങ്ങളോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. പരിഷ്കരിച്ച പാഠപുസ്തകങ്ങളുടെ ആദ്യഘട്ടം 2024 ജൂണിൽ കുട്ടികളുടെ കൈകളിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസത്തിന്‍റെ ദർശനം, ശൈശവകാല വിദ്യാഭ്യാസം, ബോധനരീതി, സാമൂഹിക ശാസ്ത്ര വിദ്യാഭ്യാസം, തൊഴിൽ വിദ്യാഭ്യാസം, ശാസ്ത്രവിദ്യാഭ്യാസം, കലാ വിദ്യാഭ്യാസം, ഗണിത വിദ്യാഭ്യാസം, ഭാഷാവിദ്യാഭ്യാസം, പരിസ്ഥിതി വിദ്യാഭ്യാസം, ആരോഗ്യകായിക വിദ്യാഭ്യാസം, ഇന്ത്യയെക്കുറിച്ചുള്ള അറിവ് തുടങ്ങിയവയാണ് പാഠ്യപദ്ധതി ചട്ടക്കൂട് തയാറാക്കാൻ ചർച്ചക്ക് വെക്കുന്ന വിഷയമേഖലകൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.