ക്വാറിയിലേക്ക് മറിഞ്ഞ ലോറി എവിടെ? മണിക്കൂറുകൾ തിരഞ്ഞിട്ടും ഡ്രൈവർ താഹിറിനെ കണ്ടെത്താനായില്ല
text_fieldsകൂറ്റനാട് (പാലക്കാട്): ഗൾഫിലെ ജോലി മതിയാക്കി ഭാര്യക്കും മക്കൾക്കുമൊപ്പം കഴിയാൻ നാട്ടിലെത്തിയ താഹിറിനെ ക്വാറിയിലുണ്ടായ അപകടത്തിൽ കാണാതായതോടെ കണ്ണീരോടെ കാത്തിരിക്കുകയാണ് കുടുംബം.
പാലക്കാട് തിരുമിറ്റക്കോട് പഞ്ചായത്തിൽപെട്ട കറുകപ്പുത്തൂർ അകിലാണത്ത് ക്വാറി മണ്ണിട്ട് നികത്തുന്നതിനിടെ ടിപ്പർ ലോറി വെള്ളത്തിലേക്ക് മറിഞ്ഞാണ് ചാത്തന്നൂർ ചാലാച്ചി വീട്ടിൽ താഹിറിനെ (35) കാണാതായത്.
വ്യാഴാഴ്ച രാവിലെ ഏഴരയോടെയായിരുന്നു അപകടം. മണ്ണുമായെത്തിയ ടിപ്പർ ലോറിയുടെ പിൻഭാഗം ഉയർത്തി ക്വാറിയിലേക്ക് മണ്ണിറക്കുന്നതിനിടെ മണ്ണിടിഞ്ഞ് വാഹനം വെള്ളക്കെട്ടിലേക്ക് പതിക്കുകയായിരുന്നു.
ലോറിയോടൊപ്പം താഹിറും വെള്ളത്തിൽ മുങ്ങി. ക്വാറിയിലെ ചതുപ്പിൽ കുടുങ്ങിയിരിക്കാമെന്നാണ് സംശയം. അപകടത്തെ തുടർന്ന് ലോറിയെയും ഡ്രൈവറെയും കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് വാഹനം ക്വാറിയിലേക്ക് മറിഞ്ഞതായി വ്യക്തമായത്.
തുടർന്ന് ചാലിശ്ശേരി പൊലീസും പട്ടാമ്പി, ഷൊർണൂർ, മലപ്പുറം എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിരക്ഷാസേനാ യൂനിറ്റുകളും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. സ്കൂബ ഡൈവിങ് സംഘവും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
രാത്രി ഏഴുവരെ തിരച്ചിൽ നടത്തിയിട്ടും ലോറിയെയോ താഹിറിനെയോ കണ്ടെത്താനായില്ല. വെള്ളിയാഴ്ചയും തിരച്ചിൽ തുടരും.
പ്രവാസജീവിതം മതിയാക്കി ആറുമാസം മുമ്പാണ് താഹിർ നാട്ടിൽ തിരിച്ചെത്തിയത്. ഗൾഫിലെ ജോലി ഉപേക്ഷിച്ച് പഴയകാല തൊഴിലായ ടിപ്പർ ലോറി ഡ്രൈവിങ്ങിലേക്ക് മടങ്ങിയ താഹിർ ഏറെ സന്തോഷത്തിലായിരുന്നു.
ഭാര്യക്കും മക്കൾക്കുമൊപ്പം കഴിയുന്നതിനൊപ്പം സ്വന്തമായൊരു വീട് നിർമിക്കുകയെന്നതും വലിയ ആഗ്രഹമായിരുന്നു.
പഞ്ചായത്തിന്റെ ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെടുത്തി വീടിന്റെ നിർമാണം ആരംഭിച്ചിരുന്നെങ്കിലും ഇതുവരെ പൂർത്തിയായിട്ടില്ല. കുടുംബത്തിനൊപ്പം പുതിയൊരു ജീവിതം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് അപ്രതീക്ഷിത അപകടമുണ്ടായത്.
താഹിറിന്റെ സഹോദരൻ മുസ്തഫ വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലാണ്. വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയക്കായി നാട്ടുകാരും മറ്റും ചേർന്ന് തുക സമാഹരിച്ചിരുന്നെങ്കിലും നിയമപരമായ തടസ്സങ്ങൾ കാരണം തുടർനടപടികൾ പൂർത്തിയായിട്ടില്ല.
സഹോദരന്റെ ചികിത്സയുമായി ബന്ധപ്പെട്ട പ്രയാസങ്ങൾക്കിടയിലാണ് താഹിറിനെ കാണാതായതും കുടുംബത്തെ കൂടുതൽ ആശങ്കയിലാഴ്ത്തിയത്.
ഭാര്യ ജിൻസില കഴിഞ്ഞ വർഷമാണ് പെരുങ്കണ്ണൂരിൽ അംഗൻവാടി ഹെൽപ്പറായി ജോലിയിൽ പ്രവേശിച്ചത്. അനഹ ഫാത്തിമ, മുഹമ്മദ് ഹൈസിൻ, ഹെസ ഫാത്തിമ എന്നിവർ മക്കളാണ്.

