Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പരിസ്ഥിതിലോലമാകാൻ കേരളം, വിജ്ഞാപനത്തിനെതിരെ പരാതിപ്രളയം; കേന്ദ്രത്തിന് പരാതികൾ സമർപ്പിക്കാനുള്ള അവസാന ദിനം നാളെ

text_fields
bookmark_border
eco sensitive zone
cancel

കൽപറ്റ: കേരളത്തിലെ 9,993.7 ചതുരശ്ര കി.മീറ്റര്‍ പ്രദേശം പരിസ്ഥിതിലോല മേഖലയാക്കി മാറ്റാനായി കേന്ദ്രസർക്കാർ ജൂലൈ 27ന് പുറത്തിറക്കിയ കരട് വിജ്ഞാപനത്തിനെതിരെ പരാതിപ്രളയം. ഗുജറാത്തിലെ തപ്തി നദി മുതൽ കന്യാകുമാരി വരെ നീളുന്ന അപൂർവ ജൈവസമ്പത്തിന്റെ കലവറയായ പശ്ചിമഘട്ടത്തെ സംരക്ഷിക്കുകയെന്ന പേരിലാണ് കേന്ദ്രം ആറു സംസ്ഥാനങ്ങളിലെ ആകെ 56,825.7 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതിലോലം (ഇ.എസ്.എ -ഇക്കോ സെന്‍സിറ്റീവ് ഏരിയ) ആയി പ്രഖ്യാപിക്കാനിരിക്കുന്നത്.

വിജ്ഞാപനം അന്തിമമാക്കിയാൽ ഈ പ്രദേശങ്ങളിലെ സാധാരണ ജനജീവിതത്തെ സാരമായി ബാധിക്കുന്ന നിയന്ത്രണങ്ങൾ ഉണ്ടാവും. ഇ.എസ്.എ സംബന്ധിച്ച കേന്ദ്രത്തിന്റെ ഏഴാം കരട് നിര്‍ദേശത്തിൽ കേരളത്തിലെ 12 ജില്ലകളിലെ 131 വില്ലേജുകളാണുൾപ്പെടുന്നത്.

ഇടുക്കിയിൽ 51ഉം വയനാട്ടിൽ 13ഉം വില്ലേജുകളുണ്ട്. എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, തൃശ്ശൂർ ജില്ലകളിലെ വില്ലേജുകളും ഉൾപ്പെടും.

കേരളത്തിലെ ഇ.എസ്.എ പരിധിയിലെ ഏകദേശം 3.7 ലക്ഷം ഏക്കര്‍ ജനവാസ-കൃഷി ഭൂമിയാണ്. 9,107 ചതുരശ്ര കിലോമീറ്റര്‍ വനമേഖലയും 886.7 ചതുരശ്ര കിലോമീറ്റര്‍ വനേതര പ്രദേശവുമാണ്. വനേതര മേഖലയില്‍ ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ഉള്‍പ്പെടുന്നതിനാല്‍ നിർമാണപ്രവർത്തനങ്ങൾ, ഭൂമിയുടെ ക്രയവിക്രയം, കൃഷി തുടങ്ങിയവക്ക് നിയന്ത്രണം വരുമെന്ന ആശങ്കയാണ് കനപ്പെട്ടിരിക്കുന്നത്. പരിസ്ഥിതിലോല പ്രദേശമായി അന്തിമമായി പ്രഖ്യാപിക്കപ്പെടുന്ന സ്ഥലങ്ങളിൽ ഖനനം, ക്വാറികളുടെ പ്രവര്‍ത്തനം, മണലെടുപ്പ് തുടങ്ങിയവക്ക് സമ്പൂര്‍ണ നിരോധനമുണ്ടാകും.

വലിയ തോതിലുള്ള നിർമാണപ്രവർത്തനങ്ങൾക്ക് അനുമതിയുണ്ടാകില്ല. റോഡ് നിർമാണത്തിനും ചെറുകിട വ്യവസായങ്ങൾക്കും നിയന്ത്രണങ്ങളുണ്ടാകും. കേരളത്തിന്റെ ആകെ വിസ്തൃതിയുടെ 34 ശതമാനവും കർണാടകയുടെ 11 ശതമാനം പ്രദേശവുമാണ് ഇ.എസ്.എയിൽ ഉൾപ്പെടുന്നത്. എന്നാൽ, പ്രത്യേക നിയമസഭ സമ്മേളനം വിളിച്ച് പ്രമേയം പാസാക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ കേരളത്തിൽ ഇനിയും നടപ്പായിട്ടില്ല. ഇ.എസ്.എ പ്രദേശങ്ങൾ സംബന്ധിച്ച ലളിതവും വ്യക്തതയുമുള്ള ഭൂപടം പഞ്ചായത്ത്തലത്തിൽ ലഭ്യവുമല്ല. എന്നാൽ കർണാടക കഴിഞ്ഞ ദിവസം പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചുചേർത്ത് എതിർത്ത് പ്രമേയം പാസാക്കിയിട്ടുണ്ട്.

ആയിരക്കണക്കിന് പരാതികൾ

വിജ്ഞാപനത്തിനെതിരെ ആക്ഷേപം സമർപ്പിക്കാനുള്ള അവസാന ദിവസം സെപ്റ്റംബർ 25 ആണ്. ഇതിനകം കേരളത്തിൽനിന്നും കർണാടകയിൽ നിന്നുമായി ആയിരക്കണക്കിന് പരാതികളാണ് വനം-പരിസ്‌ഥിതി മന്ത്രാലയത്തിന് ലഭിച്ചിരിക്കുന്നത്. തപാലിലോ ഇ-മെയിലിലോ പരാതി അയയ്ക്കാം. ഇ-മെയിൽ: eszmef@nic.in. തപാൽ: സെക്രട്ടറി, പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, ഇന്ദിരാ പര്യാവരൺ ഭവൻ, ജോർബാഗ് റോഡ്, ന്യൂഡൽഹി - 110003.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala Eco Sensitive Area Notification
Next Story