കേരളത്തിൽ സർവത്ര കടമെന്ന പ്രചാരണം പൊളിഞ്ഞു -മന്ത്രി ബാലഗോപാൽ
text_fieldsതിരുവനന്തപുരം: ഇന്ത്യയിൽ കടം വർധിക്കാത്ത സംസ്ഥാനങ്ങളിൽ ഏറ്റവും മുന്നിലാണ് കേരളമെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്‍റിൽ ഇക്കാര്യം വ്യക്തമാക്കിയെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കെ.എസ്.എഫ്.ഇ ഒരു ലക്ഷം കോടി രൂപയുടെ ബിസിനസ് നേട്ടം കൈവരിച്ചതിന്റെ പ്രഖ്യാപനച്ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.
‘കേരളത്തിൽ സർവത്ര കടമെന്ന പ്രചാരണമാണ് ഇതോടെ പൊളിഞ്ഞത്. നിശ്ചയിച്ച പരിധിയിൽനിന്ന് മാത്രമേ കടമെടുക്കാനാകൂ എന്ന വസ്തുത മറച്ചുവെച്ചായിരുന്നു പ്രചാരണം. 2020-21 വർഷം ആകെ ജി.എസ്.ഡി.പിയുടെ 40 ശതമാനമായിരുന്നു കടമെങ്കിൽ ഇപ്പോൾ 35 ശതമാനമായി താഴ്ന്നു. അഞ്ച് ശതമാനം കുറവെന്നത് 70,000 കോടി രൂപയോളം വരും’ -ബാലഗോപാൽ പറഞ്ഞു.
ഒന്നാം പിണറായി സർക്കാർ പ്രതിവർഷം 1.15 ലക്ഷം കോടിയാണ് ശരാശരി ചെലവഴിച്ചത്. അർഹമായ കടമെടുപ്പിൽ 50,000 കോടിയോളം വെട്ടിക്കുറവുണ്ടായ രണ്ടാം പിണറായി സർക്കാറിന്റെ കാലത്ത് വർഷം 1.65 ലക്ഷം കോടിയായിരുന്നു ചെലവ്. വരുന്ന വർഷം രണ്ട് ലക്ഷം കോടിയായി വാർഷിക ബജറ്റ് മാറുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.