ഓണച്ചെലവുകൾക്ക് വേണ്ടത് 19,000 കോടി; കേന്ദ്രം കനിഞ്ഞാൽ 11,180 കോടി
text_fieldsനിർമല സീതാരാമൻ, കെ എൻ ബാലഗോപാൽ
തിരുവനന്തപുരം: ഓണച്ചെലവുകൾ തലക്ക് മുകളിൽ കനംതൂങ്ങിയതോടെ പലഘട്ടങ്ങളിൽ വെട്ടിക്കുറച്ചതും എന്നാൽ അർഹതപ്പെട്ടതുമായ കടമെടുപ്പുകൾക്ക് അനുമതി തേടി കേരളം കേന്ദ്രത്തെ സമീപിച്ചു. 19,000 കോടിയോളം രൂപ ഓണച്ചെലവുകൾക്ക് വേണ്ടിവരുമെന്നാണ് പ്രാഥമിക കണക്ക്.
കേന്ദ്രം കനിഞ്ഞാൽ ഗാരണ്ടി റിഡംപ്ഷൻ ഫണ്ട് ഇനത്തിലെ 3,323 കോടിയും ദേശീയപാത വികസനത്തിനായി ചെലവഴിച്ച 6,000 കോടിയും ജി.എസ്.ഡി.പി ക്രമീകരിച്ചതിൽ കുറവ് വന്ന 1,877 കോടിയുമടക്കം 11,180 കോടി വായ്പയെടുക്കാനുള്ള സാഹചര്യമൊരുങ്ങും. ഇതിന് പുറമെ ഐ.ജി.എസ്.ടി ഇനത്തിൽ വെട്ടിക്കുറച്ച 965.16 കോടിയും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
കടമെടുപ്പും ഐ.ജി.എസ്.ടി വിഹിതവും ചേരുമ്പോൾ 12,145.16 കോടിയാകും. ബാക്കി തുക കണ്ടെത്തിയാൽ അധികം ക്ഷീണമില്ലാതെ ഓണച്ചെലവുകൾ മറികടക്കാം. 2024-25 വർഷത്തെ കണക്കനുസരിച്ച് സംസ്ഥാനത്തിന്റെ മൊത്തം വരുമാനത്തിന്റെ 75 ശതമാനവും സ്വന്തം സ്രോതസ്സുകളിൽനിന്നാണ്.
2020-21ൽ 44 ശതമാനമായിരുന്ന കേന്ദ്ര വിഹിതം ഇപ്പോൾ 25 ശതമാനമായി കുറഞ്ഞു. ഇത് സാമ്പത്തികമായും സാമൂഹികമായും സംസ്ഥാനത്തിന്റെ നേട്ടങ്ങളെ പ്രതികൂലമായി ബാധിക്കുകയാണെന്നാണ് കേരളത്തിന്റെ നിലപാട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.