ലോക ബാങ്ക് സഹായം വകമാറ്റി സർക്കാർ; ട്രഷറിയിലെത്തിയ140 കോടി രൂപ അഞ്ചാഴ്ചയായിട്ടും കൈമാറിയില്ല
text_fieldsതിരുവനന്തപുരം: ലോകബാങ്ക് സഹായധനമായി അനുവദിച്ച 140 കോടി രൂപ വകമാറ്റി സർക്കാർ. കാർഷിക മേഖലയിലെ നവീകരണത്തിനുള്ള കേര പദ്ധതിക്കായി അനുവദിച്ച പണമാണ് വകമാറ്റിയത്.
സർക്കാർ ഏറെ അഭിമാനത്തോടെ കേരളത്തിലെ കാർഷിക മേഖലയിൽ ആവിഷ്‍കരിക്കാനിരിക്കുന്ന പദ്ധതിയുടെ ആദ്യ ഗഡുവാണ് വകമാറ്റിയത്. കാർഷിക മേഖലയുടെ സമഗ്രമായ വികസനത്തിനായുള്ള പദ്ധതിയാണ് കേര.
മാർച്ച് 17നാണ് കേര പദ്ധതിക്ക് കേന്ദ്രധനമന്ത്രാലയം പണം കൈമാറിയത്.ആദ്യഘട്ട സഹായമായി 139.66 കോടി രൂപയാണ് ട്രഷറിയിലെത്തിയത്. പണം ലഭിച്ചാൽ ഒരാഴ്ചക്കകം പദ്ധതി അക്കൗണ്ടിലേക്ക് കൈമാറണമെന്നാണ് ശിപാർശ. എന്നാൽ അഞ്ചാഴ്ച കഴിഞ്ഞിട്ടും ഈ പണം കൈമാറിയില്ല. ട്രഷറിയിലെത്തിയ പണം സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി സർക്കാർ വകമാറ്റുകയായിരുന്നുവെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തിൽ ലോകബാങ്ക് സംഘം പരിശോധനക്കായി മേയ് അഞ്ചിന് കേരളത്തിലെത്തും.
ഇത്തരത്തിൽ പദ്ധതിയുടെ തുക വകമാറ്റുന്നത് ഗുരുതരമായ ചട്ടലംഘനമാണ്. ഭാവിയിൽ കേരളത്തിന് നൽകേണ്ട വായ്പ റദ്ദാക്കാൻ വരെ ലോകബാങ്കിനെ പ്രേരിപ്പിക്കുന്ന ഒന്നാണിത്. 2366 കോടി രൂപയുടെ പദ്ധതിയാണ് കേര. അതിൽ ഭൂരിഭാഗവും ലോകബാങ്ക് സഹായമാണ്. 710 കോടി രൂപ മാത്രമാണ് പദ്ധതിക്കായി സർക്കാർ മുടക്കുന്നത്. 1656 കോടി രൂപയാണ് ലോകബാങ്ക് സഹായമായി നൽകുക. അഞ്ചുവർഷം കൊണ്ട് പദ്ധതി നടപ്പാക്കും. പദ്ധതിയുടെ തുടർപ്രവർത്തനങ്ങളെയും ഫണ്ട് അനുവദിക്കാനുള്ള തീരുമാനത്തെയും ബാധിക്കുന്ന നീക്കമാണ് ഇപ്പോൾ സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.