സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടന; രാഷ്ട്രീയ തീരുമാനത്തിന് വിട്ട് സർക്കാർ
text_fieldsതിരുവനന്തപുരം: സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കുന്നത് രാഷ്ട്രീയ തീരുമാനത്തിന് വിട്ട് സർക്കാർ. ബോർഡ് പുനഃസംഘടനയിൽ സർക്കാറിന് തീരുമാനമെടുക്കാമെന്ന ഹൈകോടതി വ്യക്തമാക്കിയതിന് പിന്നാലെയാണ് രാഷ്ട്രീയ തീരുമാനത്തിനനുസൃതമായി തുടർനടപടികളിലേക്ക് നീങ്ങാൻ സർക്കാർതലത്തിൽ ധാരണയായത്. എൽ.ഡി.എഫ് സർക്കാർ അധികാരമൊഴിയുന്നതിന് ആഴ്ചകൾക്ക് മുമ്പ് പുനഃസംഘടിപ്പിച്ച നിലവിലുള്ള ബോർഡ് നിലനിർത്താൻ യു.ഡി.എഫ് സർക്കാറിന് താൽപര്യമില്ല. ബോർഡിൽ രണ്ട് അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്താത്തതും ഷിയാ/ ആഘാക്കാനി വിഭാഗങ്ങൾക്ക് പ്രാതിനിധ്യം നൽകാത്തതും സംബന്ധിച്ച് ഹൈകോടതിയിൽ വന്ന ഹരജികളിലാണ് ബോർഡ് പുനഃസംഘടനയിൽ സർക്കാറിന് തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കിയത്. എന്നാൽ, രണ്ട് അമുസ്ലിം അംഗങ്ങളെ ബോർഡിൽ ഉൾപ്പെടുത്തുന്നതിൽ സുപ്രീംകോടതി മുമ്പാകെയുള്ള കേസുകളിൽ തീർപ്പുവന്നശേഷമേ തീരുമാനമെടുക്കൂ എന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ നിലവിൽ പൂർണമായും എൽ.ഡി.എഫ് നിയന്ത്രണത്തിലുള്ള ബോർഡ് പിരിച്ചുവിട്ട് പുതിയ ബോർഡ് കൊണ്ടുവരുന്നതാണ് സർക്കാർ പരിശോധിക്കുന്നത്. ഇതിൽ യു.ഡി.എഫിൽ നിന്നുള്ള രാഷ്ട്രീയ തീരുമാനമാണ് സർക്കാർ കാത്തിരിക്കുന്നത്. ബോർഡ് പുനഃസംഘടിപ്പിക്കണമെന്ന ഉറച്ച നിലപാടാണ് വഖഫ് വകുപ്പ് കൈകാര്യം ചെയ്യുന്ന മുസ്ലിം ലീഗിനുള്ളത്. അല്ലാത്ത പക്ഷം നിലവിലുള്ള സർക്കാറിന്റെ കാലാവധി കഴിയുന്നതുവരെ എൽ.ഡി.എഫ് നിയന്ത്രണത്തിലുള്ള ബോർഡിനെ നിലനിർത്തേണ്ടിവരുമെന്നും ഇത് ഭരണതലത്തിൽ പ്രതിസന്ധി സൃഷ്ടിക്കുമെന്നുമാണ് ലീഗ് മുന്നോട്ടുവെക്കുന്ന വാദം.
മൊത്തം ബോർഡ് പുനഃസംഘടനയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് തിരിച്ചറിഞ്ഞ സി.പി.എമ്മും നിലവിലുള്ള ബോർഡും ഇതിനെ പ്രതിരോധിക്കാനായാണ് ബോർഡിലേക്ക് അമുസ്ലിം അംഗങ്ങളെ നാമനിർദേശം ചെയ്യാൻ സർക്കാർ ശ്രമിക്കുന്നുവെന്ന പ്രചാരണം കൊണ്ടുവന്നത്. ആദ്യം നൽകിയ സത്യവാങ്മൂലത്തിൽ സർക്കാർ വ്യക്തത വരുത്താതിരുന്നത് സി.പി.എമ്മിന് പുകമറ സൃഷ്ടിക്കാനുമായി. എന്നാൽ, ഒടുവിൽ നൽകിയ സത്യവാങ്മൂലത്തിൽ സുപ്രീംകോടതിയിലെ കേസുകളിലെ തീർപ്പിന് ശേഷമേ അമുസ്ലിം അംഗങ്ങളെ ബോർഡിൽ ഉൾപ്പെടുത്തുന്നതിൽ തീരുമാനമെടുക്കാനാകൂ എന്ന് സർക്കാർ വ്യക്തത വരുത്തുകയും ചെയ്തു. എൽ.ഡി.എഫ് രൂപവത്കരിച്ച ബോർഡിൽ അംഗത്വം ലഭിച്ചയാൾ എന്ന നിലയിലാണ് സമസ്ത സെക്രട്ടറി കൂടിയായ മുക്കം ഉമർ ഫൈസി പുനഃസംഘടന നീക്കത്തിനെതിരെ രംഗത്തുവന്നതെന്നും ഇത് സമസ്തയുടെ പൊതുനിലപാടല്ലെന്നുമാണ് സർക്കാർ വിലയിരുത്തൽ. നേരത്തെ തന്നെ ലീഗിനും യു.ഡി.എഫിനുമെതിരെ നിരന്തരം നിലപാടെടുക്കുന്ന ഇദ്ദേഹം സി.പി.എമ്മിനൊപ്പം ചേർന്ന് പ്രചാരണം നടത്തുന്നത് പദവി നിലനിർത്താനുള്ള നീക്കമായാണ് സർക്കാർ കാണുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

