ഹൃദയസ്തംഭന മരണം; സി.പി.ആർ പരിശീലനം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി കെ.ജി.എം.ഒ.എ
text_fieldsrepresentation image
കൊച്ചി: യുവജനങ്ങളിൽ വർധിച്ചുവരുന്ന അപ്രതീക്ഷിത ഹൃദയസ്തംഭന മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് കേരള ഗവൺമെന്റ് മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ).
കാർഡിയോ പൾമണറി റീസസിറ്റേഷൻ (സി.പി.ആർ) പോലുള്ള ജീവൻരക്ഷാ മാർഗങ്ങളെക്കുറിച്ച് അവബോധം വർധിപ്പിക്കേണ്ടതുണ്ടെന്നും കഴിഞ്ഞ ദിവസം ഓണാഘോഷ പരിപാടിക്കിടെയുണ്ടായ നിയമസഭ ജീവനക്കാരന്റെ മരണം ഉൾപ്പെടെയുള്ള സംഭവങ്ങൾ ഇതാണ് വ്യക്തമാക്കുന്നതെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി. സ്കൂളുകളിലും കോളജുകളിലും സി.പി.ആർ നിർബന്ധിത വിഷയമാക്കി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും വിവിധ മേഖലകളിലുള്ളവർക്കായി പരിശീലന പരിപാടികൾ സംഘടിപ്പിക്കണമെന്നും അസോസിയേഷൻ വാർത്തകുറിപ്പിൽ ആവശ്യപ്പെട്ടു.
കൃത്യസമയത്ത് ശരിയായ വിധത്തിൽ നൽകുന്ന സി.പി.ആർ ഒരു ജീവൻ രക്ഷിക്കുന്നതിൽ നിർണായകമാണ്. കഴിഞ്ഞ ദിവസം തൃശൂർ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ ഡോക്ടർമാരും മറ്റ് ജീവനക്കാരും ചേർന്ന് സമയോചിതമായി നൽകിയ സി.പി.ആറിലൂടെ ഒരു യുവ കെ.എസ്.ഇ.ബി. ജീവനക്കാരൻ്റെ ജീവൻ രക്ഷിക്കാനായ സംഭവം ഇതിന് ഉദാഹരണമാണ്. ഹൃദയസ്തംഭനം ഉണ്ടായാൽ ആദ്യത്തെ ഏതാനും മിനിറ്റുകൾക്കുള്ളിൽത്തന്നെ നൽകുന്ന ചികിത്സയാണ് ജീവനും മരണത്തിനും ഇടയിലുള്ള അതിർവരമ്പ് നിർണയിക്കുന്നത്. അതുകൊണ്ടുതന്നെ, സി.പി.ആർ, മറ്റ് പ്രാഥമിക ശുശ്രൂഷാ രീതികൾ എന്നിവയെക്കുറിച്ച് പൊതുജനങ്ങൾക്ക്, പ്രത്യേകിച്ച് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകേണ്ടത് അത്യാവശ്യമാണെന്ന് സംഘടന ആവശ്യപ്പെട്ടു.
ഓരോ ജീവനും അമൂല്യമാണ്. പൊതുജനങ്ങളിൽ സി.പി.ആറിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിലൂടെയും അവർക്ക് തത്സംബന്ധമായ പരിശീലനം നൽകുന്നതിലൂടെയും അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഹൃദയസ്തംഭന മരണങ്ങൾ വലിയൊരളവുവരെ കുറയ്ക്കാൻ സാധിക്കും. ഇത്തരം പരിശീലന പരിപാടികൾ സമൂഹത്തിലെ പല വിഭാഗങ്ങൾക്കായി കെ.ജി.എം.ഒ.എ ഇതിനോടകം നടത്തിയിട്ടുണ്ടെന്നും, വിഷയത്തിന് അടിയന്തിര പരിഗണന നൽകി ഇത് കൂടുതൽ പേരിലേക്ക് എത്തിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന സർക്കാരിനോടും ബന്ധപ്പെട്ട വകുപ്പുകളോടും ആവശ്യപ്പെട്ടു.
1. ഹൈസ്കൂളുകളിലും ഹയർ സെക്കണ്ടറി സ്കൂളുകളിലും കോളേജുകളിലും സി.പി.ആർ ഒരു നിർബന്ധിത വിഷയമാക്കി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുക.
2. വിവിധ മേഖലകളിലുള്ളവർക്കായി സി.പി.ആർ പരിശീലന പരിപാടികൾ സംഘടിപ്പിക്കുക. ഇതിൽ കോളേജുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, റെസിഡൻ്റ്സ് അസോസിയേഷനുകൾ, വിവിധ യുവജന സംഘടനകൾ എന്നിവയുടെ പങ്കാളിത്തം ഉറപ്പാക്കുക.
3. തിരക്കുള്ള പൊതുസ്ഥലങ്ങളിലും പരിപാടികളിലും ആവശ്യമായ പ്രഥമ ശുശ്രൂഷാ കിറ്റുകളും Automated External Defibrillator (AED) പോലുള്ള ജീവൻ രക്ഷാ ഉപകരണങ്ങളും ലഭ്യമാക്കുക.
4. പൊതുജനങ്ങൾക്കായി സി.പി.ആർ സംബന്ധിച്ച ബോധവൽക്കരണ വീഡിയോകൾ ഉൾപ്പെടെയുള്ള പ്രചരണോപാധികൾ വിവിധ സോഷ്യൽ മീഡിയ ഹാൻഡിലുകൾ വഴി പ്രചരിപ്പിക്കാൻ സർക്കാർ തലത്തിൽ നടപടി സ്വീകരിക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.