സുരക്ഷ നിർദേശങ്ങൾ കടലാസിലൊതുങ്ങി
text_fieldsതിരുവനന്തപുരം: വിദ്യാർഥി സുരക്ഷയുമായി ബന്ധപ്പെട്ട് ആവർത്തിച്ച് പുറത്തിറങ്ങുന്ന ഉത്തരവുകളും സർക്കുലറുകളും കടലാസിലൊതുങ്ങിയതിന്റെ ഇരയാണ് തേവലക്കര ബോയ്സ് ഹൈസ്കൂൾ വിദ്യാർഥി മിഥുൻ. അധ്യയന വർഷാരംഭത്തിൽ പുറപ്പെടുവിക്കുന്ന നിർദേശങ്ങൾക്ക് സ്കൂൾ അധികൃതരും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും പുല്ലുവില കൽപിച്ചതിന്റെ ഫലമാണ് തേവലക്കരയിൽ കുരുന്ന് ജീവനെടുത്തത്. ഈ വർഷവും പതിവ് പോലെ പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ പുറപ്പെടുവിച്ചെങ്കിലും നിർദേശങ്ങൾ ജലരേഖയായെന്ന് മാത്രം.
സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മേയ് 13ന് ഡയറക്ടർ പുറപ്പെടുവിച്ച സർക്കുലറിൽ സ്കൂൾ സുരക്ഷ ഉറപ്പാക്കാനുള്ള നിർദേശങ്ങളിൽ ഒമ്പതാമത്തേത് വൈദ്യുതി ലൈനുകളുമായി ബന്ധപ്പെട്ടാണ്. സ്കൂളിലേക്കുള്ള വഴി, പരിസരം, കോമ്പൗണ്ട് എന്നിവിടങ്ങളിലെ വൈദ്യുതി തൂണുകൾ, ലൈൻ, സ്റ്റേ വയർ, സുരക്ഷ വേലികൾ ഇല്ലാതെയുള്ള ട്രാൻസ്ഫോർമറുകൾ മുതലായവ അപകടകരമാംവിധം കാണുകയാണെങ്കിൽ കെ.എസ്.ഇ.ബി അധികൃതരെ അറിയിക്കണമെന്നും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും സർക്കുലറിൽ പറയുന്നു.
മേയ് 25ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വിളിച്ചുചേർത്ത വിദ്യാഭ്യാസ ഓഫിസർമാരുടെ യോഗത്തിലും ഈ നിർദേശം ആവർത്തിച്ചു. സ്കൂൾ തുറക്കും മുമ്പ് പൂർത്തിയാക്കേണ്ട ഈ നടപടി സ്കൂൾ തുറന്ന് ഒന്നര മാസം പിന്നിട്ടിട്ടും തേവലക്കര സ്കൂളിന്റെ കാര്യത്തിൽ എങ്ങുമെത്തിയില്ല. വൈദ്യുതി ലൈൻ തൊട്ടുരുമ്മി പോകുന്ന സ്കൂൾ കെട്ടിടത്തിന് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനം എങ്ങനെ ഫിറ്റ്നസ് നൽകിയെന്നതും അത്ഭുതകരമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.