പി.എം ശ്രീയിലെ ‘ക്ഷീണം’ എസ്.ഐ.ആർ ‘പ്രതിരോധ’ത്തിലൂടെ മറികടക്കാൻ സർക്കാർ
text_fieldsതിരുവനന്തപുരം: പി.എം ശ്രീ വിവാദത്തിരയിൽ മുന്നണി സമാനതകളില്ലാത്ത പ്രതിസന്ധിയിലായതിനിടെ ‘എസ്.ഐ.ആർ’ രാഷ്ട്രീയ ആയുധമാക്കാനൊരുങ്ങി ഇടതുമുന്നണിയും സർക്കാറും. എസ്.ഐ.ആറിലെ തിടുക്കത്തിനെതിരെ രൂക്ഷ വിമർശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി.
ബിഹാർ അനുഭവം ചൂണ്ടിക്കാട്ടി ആയിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. സംസ്ഥാനത്ത് എസ്.ഐ.ആറിന്‍റെ ആദ്യപടിയായി ഉദ്യോഗസ്ഥരുടെ യോഗം ചൊവ്വാഴ്ച ചേർന്നു. ഈ സമയത്താണ് എസ്.ഐ.ആറിന് സംസ്ഥാന സർക്കാറിനോടുള്ള വിയോജിച്ച് വ്യക്തമാക്കി മുഖ്യമന്ത്രിയുടെ പ്രതികരണമുണ്ടായത്. ബിഹാര്‍ എസ്.ഐ.ആറിന്‍റെ ഭരണഘടനാ സാധുത സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ ഇതേ പ്രക്രിയ മറ്റു സംസ്ഥാനങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുന്നതിനെ നിഷ്കളങ്കമായി കാണാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭയിൽ ചട്ടം 118 പ്രകാരം നിയമസഭയിൽ സെപ്റ്റംബർ 29ന് മുഖ്യമന്ത്രിയാണ് എസ്.ഐ.ആറിനെതിരെ പ്രമേയം അവതരിപ്പിച്ചത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍റെ നീക്കം ദേശീയ പൗരത്വ രജിസ്റ്ററിന്‍റെ വളഞ്ഞ വഴിയിലൂടെയുള്ള നടപ്പാക്കലാണെന്ന ആശങ്ക പങ്കുവക്കുന്നതായിരുന്നു പ്രമേയം. പ്രമേയത്തിൽ ഉന്നയിച്ച വിമർശനങ്ങൾ തന്നെയാണ് ചൊവ്വാഴ്ച വാർത്താക്കുറിപ്പിലും മുഖ്യമന്ത്രി നടത്തിയത്. പൗരത്വ രജിസ്റ്ററിനെതിരെ ഇടതുമുന്നണിയും സർക്കാറും ശക്തമായ നിലപാടെടുക്കുകയും കേരളത്തിൽ നടപ്പാക്കില്ലെന്ന് അവർത്തിച്ച് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഇതിനിടെയാണ് ആർ.എസ്..എസ് ആശയങ്ങളെ പിന്തുണക്കുന്ന ദേശീയ വിദ്യഭ്യാസ നയം പി.എം ശ്രീ നടപ്പാക്കാൻ കേരളം തുനിഞ്ഞത്. ബിഹാറിലെ വെട്ടിനിരത്തലിനെത്തുടർന്ന് കേരളത്തിലടക്കം ഉയരുന്ന എസ്.ഐ.ആർ ആശങ്കയിൽ സർക്കാറും ഒപ്പമുണ്ടെന്ന സന്ദേശം നൽകാനായാൽ അത് രാഷ്ട്രീയമായി ഗുണകരമാവുമെന്ന് ഇടതുക്യാമ്പുകൾ കരുതുന്നു.
യൂത്ത് കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്; സി.പി.ഐക്ക് ക്ഷണം
തിരുവനന്തപുരം: പി.എം ശ്രീക്കെതിരായ പ്രക്ഷോഭത്തിലേക്ക് സി.പി.ഐയെ ക്ഷണിച്ച് യൂത്ത് കോൺഗ്രസ്. ‘കേരളത്തെ ഒറ്റിയവരെ ഒറ്റപ്പെടുത്തുക’എന്ന മുദ്രാവാക്യമുയർത്തി നവംബർ ഒന്നിന് സെക്രട്ടറിയേറ്റിലേക്ക് നടത്തുന്ന സെക്കുലർ ലോങ് മാർച്ചിലേക്ക് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ ക്ഷണിക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഒ.ജെ ജനീഷ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. എ.ഐ.വൈ.എഫ് സന്നദ്ധമായാൽ സംയുക്ത സമരത്തിന് യൂത്ത് കോൺഗ്രസ് തയാറാണ്. സർക്കാർ നടപടിക്കെതിരെ സമരരംഗത്തിറങ്ങിയ എ.ഐ.എസ്.എഫ് നിലപാടിനെ അഭിനന്ദിക്കുന്നു. സംസ്ഥാനത്തിന്റെ മതേതര പാരമ്പര്യത്തെയാണ് സർക്കാർ ഒറ്റുകൊടുത്തത്. കാവിവത്കരണത്തിന് കുടപിടിക്കുന്ന സമീപനമാണിത്. ഇടത് വിദ്യാർഥി- യുവജന സംഘടനകൾ നടത്തിയ സമരങ്ങളെയെല്ലാം ഇവർ തള്ളിപ്പറഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ പിന്മാറണം –കെ.യു.ടി.എ
കോഴിക്കോട്: ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാനുള്ള പാത ഒരുക്കലാണ് പി.എം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചതിലൂടെ സാധ്യമാകുന്നതെന്നും അതുവഴി ഉർദു അടക്കമുള്ള ഇന്ത്യൻ ഭാഷകളുടെ ഉന്മൂലനത്തിന് വേഗം കൂട്ടുമെന്നും കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ (കെ.യു.ടി.എ) അഭിപ്രായപ്പെട്ടു. പി.എം ശ്രീയിൽ ഒപ്പുവെച്ച നടപടി സർക്കാർ പുനഃപരിശോധിക്കണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
സംസ്ഥാന ജനറൽ സെക്രട്ടറി സലാം മലയമ്മ ഉദ്ഘാടനം ചെയ്തു. ട്രഷറർ ടി.എ. റഷീദ് പന്തലൂർ അധ്യക്ഷത വഹിച്ചു. സി.വി.കെ. റിയാസ് കണ്ണൂർ, നജീബ് മണ്ണാർ, എം.പി. സലിം, എൻ.പി. റഷീദ്, കെ.പി. സുരേഷ്, ടി.എച്ച്. കരീം, എൻ.കെ. റഫീഖ് മായനാട്, എം.പി. സത്താർ അരയങ്കോട്, പി.സി. വാഹിദ് സമാൻ, പി. ഹംസ, കെ.ജെ. ജിജി തൃശൂർ, സി.കെ. അബ്ദുൽ റസാഖ്, എം.കെ. അൻവർ സാദത്ത് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

