എൽ.ഡി.എഫ് കാലത്തെ ഭേദഗതി മറയാക്കി എക്സൈസ്; ഡെപ്യൂട്ടി കമീഷണർമാർ അനുമതി നൽകിയത് 488 ബാറുകൾക്ക്
text_fieldsതിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാറിന്റെ കാലത്ത് കൊണ്ടുവന്ന നിയമഭേദഗതിയുടെ മറവിൽ എക്സൈസ് ഡെപ്യൂട്ടി കമീഷണർമാർ കഴിഞ്ഞ 10 വർഷത്തിനിടെ സംസ്ഥാനത്ത് അനുവദിച്ചത് 488 ബാറുകൾ. ഈ സാഹചര്യത്തിലാണ് ബാർ ലൈസൻസ് അനുവദിക്കാനുള്ള അധികാരം എടുത്തുകളയാൻ സർക്കാർ നീക്കം തുടങ്ങിയത്. ഇക്കാര്യത്തിൽ ഡെപ്യൂട്ടി കമീഷണർമാരുടെയും എക്സൈസ് കമീഷണറുടേയും അധികാരങ്ങളിൽ ഇടപെടുമെന്നു തന്നെയാണ് മുഖ്യമന്ത്രി വി.ഡി. സതീശനും എക്സൈസ് മന്ത്രി എം. ലിജുവും വ്യക്തമാക്കുന്നത്.
എക്സൈസ് കമീഷണറേറ്റിൽനിന്ന് പുറത്തിറക്കുന്ന ഉത്തരവുകൾ പൊതുജനങ്ങൾക്ക് ഉൾപ്പെടെ പരിശോധിക്കാൻ ഔദ്യോഗിക വെബ്സൈറ്റിലുൾപ്പെടെ പ്രസിദ്ധീകരിക്കും. യു.ഡി.എഫ് സർക്കാറിന്റെ അനുമതിയില്ലാതെ ഡെപ്യൂട്ടി കമീഷണർമാർ മൂന്ന് ബിയർ-വൈൻ പാർലറുകൾക്ക് ബാർ ലൈസൻസും എക്സൈസ് കമീഷണർ വിമാനത്താവളത്തിൽ രണ്ടു പുതിയ ബാറുകൾക്കും അനുമതി നൽകിയതിനെ തുടർന്നാണ് ഈ നീക്കം. എൽ.ഡി.എഫ് സർക്കാറിന്റെ നിയമഭേദഗതി ഉൾപ്പെടെ കാര്യങ്ങളാണ് ഇതിന് വഴിവെച്ചതെന്നാണ് മന്ത്രിയുടെ ആരോപണം.
2014ൽ ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്താണ് ഫൈവ് സ്റ്റാർ ക്ലാസിഫിക്കേഷനുള്ള ഹോട്ടലുകൾക്ക് മാത്രമായി ബാർ ലൈസൻസ് പരിമിതപ്പെടുത്തിയത്. അതിനു മുമ്പ് രണ്ട് സ്റ്റാറോ അതിൽ കൂടുതലോ ക്ലാസിഫിക്കേഷനുണ്ടായിരുന്ന ഹോട്ടലുകൾക്ക് ബാർ ലൈസൻസ് അഥവാ എഫ്.എൽ-3 ലൈസൻസ് അനുവദിച്ചിരുന്നു. ഇതുപ്രകാരം 730 ബാറുകളുണ്ടായിരുന്നതിൽനിന്ന് 2016ൽ ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലാവധി അവസാനിക്കുമ്പോൾ സംസ്ഥാനത്തെ ബാറുകർ എണ്ണം 29 ആയി ചുരുങ്ങി. ബാറുകളായി പ്രവർത്തിച്ചവ ബിയർ-വൈൻ പാർലറുകളായി മാറുകയായിരുന്നു.
തുടർന്ന് അധികാരത്തിലേറിയ എൽ.ഡി.എഫ് സർക്കാർ കൂടുതൽ ഹോട്ടലുകൾക്ക് ബാർ ലൈസൻസ് അനുവദിക്കുകയെന്ന ഉദ്ദേശത്തോടെ 2017 ജൂൺ 23നാണ് നിയമം ഭേദഗതി ചെയ്തത്. ബാറുടമകളുടെ ആവശ്യപ്രകാരമുള്ള ഈ ഭേദഗതി പ്രകാരം 2014 മാർച്ച് 31ന് ബാർ ലൈസൻസുണ്ടായിരുന്നതും പിന്നീട് നഷ്ടപ്പെട്ടതുമായ ഹോട്ടലുകൾക്ക് വീണ്ടും ബാർ ലൈസൻസിന് അപേക്ഷിക്കാമെന്ന അവസ്ഥയുണ്ടായി. ഫൈവ് സ്റ്റാർ എന്നതിനുപകരം ത്രീസ്റ്റാർ ക്ലാസിഫിക്കേഷൻ മുതൽ മുകളിലേക്കുള്ള ഹോട്ടലുകൾക്ക് ബാർ ലൈസൻസ് ലഭിച്ചുതുടങ്ങി. ഇങ്ങനെ ലഭിക്കുന്ന അപേക്ഷകളിൽ തീരുമാനമെടുക്കാൻ എക്സൈസ് ജില്ലതല മേധാവികളായ ഡെപ്യൂട്ടി കമീഷണർമാർക്ക് അധികാരം നൽകുന്ന വ്യവസ്ഥ ഭേദഗതിയിലുണ്ടായിരുന്നു. ഇത് ബാർ ലൈസൻസ് പുതുക്കലല്ല, ഫലത്തിൽ പുതിയ ബാർ ലൈസൻസ് നൽകുന്ന ഭേദഗതിയായി മാറിയെന്നതാണ് വസ്തുത.
ഭേദഗതിയുടെ അടിസ്ഥാനത്തിൽ ആദ്യ പിണറായി സർക്കാറിന്റെ കാലത്ത് 410 ഹോട്ടലുകൾക്കാണ് ബാർ ലൈസൻസ് നൽകിയത്. ഇതേ നിയമഭേദഗതി ഉപയോഗിച്ചാണ് രണ്ടാം പിണറായി സർക്കാറിന്റെ കാലത്ത് 78 ഹോട്ടലുകൾക്കുൾപ്പെടെ ലൈസൻസ് ലഭിച്ചത്. പത്ത് വർഷം കൊണ്ട് നിയമ ഭേദഗതി ഉപയോഗിച്ച് 488 ബാർ ലൈസൻസുകൾ ഡെപ്യൂട്ടി കമീഷണർമാർ നൽകിയെന്ന് സർക്കാർ രേഖകൾ വ്യക്തമാക്കുന്നു. അതിനിടെ, ബാറുകൾക്ക് അനുമതി നൽകിയ സംഭവത്തിൽ എക്സൈസ് കമീഷണർ സീറാം സാബശിവറാവു പ്രാഥമിക റിപ്പോർട്ട് മാത്രമേ മന്ത്രിക്ക് സമർപ്പിച്ചിട്ടുള്ളൂ. വിശദ റിപ്പോർട്ടാണ് മന്ത്രി ആവശ്യപ്പെട്ടത്.

