പ്രവാസികൾക്ക് നിർബന്ധ കോവിഡ് പരിശോധന: ഹരജിയിൽ ഇടപെടാതെ ഹൈകോടതി
text_fieldsകൊച്ചി: കോവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്താതെ പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവരുന്നതിനെതിരെ നൽകിയ ഹരജിയിൽ ഇടപെടാതെ ഹൈകോടതി. ആരോഗ്യവിദഗ്ധരുമായി ചർച്ച ചെയ്താണ് കോവിഡുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾക്ക് കേന്ദ്രസർക്കാർ രൂപം നൽകിയതെന്നും ഈ ഘട്ടത്തിൽ ഇടപെടുന്നില്ലെന്നും വ്യക്തമാക്കി ജസ്റ്റിസ് അനു ശിവരാമൻ, ജസ്റ്റിസ് എം.ആർ. അനിത എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഹരജി തീർപ്പാക്കി.
മതിയായ പരിശോധന നടത്തി പ്രവാസികളെ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് കേരളം നൽകിയ കത്ത് കേന്ദ്രസർക്കാർ പരിഗണിക്കണമെന്നും നിർദേശിച്ചു. കോവിഡ് സ്ഥിരീകരിക്കാനുള്ള ആർ.ടി.പി.സി.ആർ ടെസ്റ്റ് നിർബന്ധമാക്കാതെ തെർമൽ സ്ക്രീനിങ് മാത്രം നടത്തി രോഗലക്ഷണമില്ലാത്തവരെ വിമാനത്തിൽ നാട്ടിലെത്തിക്കുന്ന നടപടി ചോദ്യം ചെയ്ത് സി.ആർ. നീലകണ്ഠൻ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന പ്രവാസികളെ നാലുദിവസം മുമ്പ് കേന്ദ്രസർക്കാറിെൻറ ചെലവിൽ നിയമപരമായ ആർ.ടി.പി.സി.ആർ ടെസ്റ്റിന് വിധേയമാക്കാൻ ഉത്തരവിടണമെന്നും കേരളത്തിലെത്തുന്നവർക്ക് ശരിയായ ക്വാറൻറീൻ ഉറപ്പാക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് നിർദേശം നൽകണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം.
പ്രവാസികളെ കൊണ്ടുവരും മുമ്പ് കോവിഡ് പരിശോധന നടത്തണമെന്ന ആവശ്യമുന്നയിച്ച് കേന്ദ്രത്തിന് കത്തയച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു.
രാജ്യത്തിനകത്ത് എന്നതുപോലെ പുറത്തുള്ള ഇന്ത്യക്കാരുെടയും സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നായിരുന്നു കേന്ദ്രസർക്കാറിെൻറ വിശദീകരണം. റാപിഡ് ടെസ്റ്റിന് വിധേയമാക്കി രോഗലക്ഷണമില്ലാത്തവരെ മാത്രമാണ് യാത്ര ചെയ്യാൻ അനുവദിക്കുന്നത്. രോഗം പടരാതിരിക്കാനുള്ള എല്ലാ നടപടിയും സംസ്ഥാന സർക്കാറുകളുമായി ചേർന്ന് നടപ്പാക്കിയിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.
വിദഗ്ധാഭിപ്രായങ്ങൾ പരിഗണിച്ചും സംസ്ഥാനങ്ങളുടെ അഭ്യർഥനകൾ മാനിച്ചുമാണ് ശരിയായ നടപടിക്രമങ്ങൾ കേന്ദ്രസർക്കാർ കൊണ്ടുവരുന്നതെന്നും ആവശ്യമെങ്കിൽ തിരുത്തൽ വരുത്തുമെന്ന കാര്യത്തിൽ സംശയമില്ലെന്നും വ്യക്തമാക്കിയ കോടതി, ഈ ഘട്ടത്തിൽ ഇടപെടൽ ആവശ്യമില്ലെന്നും വിലയിരുത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.