തെരുവുനായ് വന്ധ്യംകരണം: കുടുംബശ്രീകളെ ഒഴിവാക്കണമെന്ന് വീണ്ടും ഹൈകോടതി
text_fieldsകൊച്ചി: തെരുവു നായ്ക്കളുടെ വന്ധ്യംകരണ നടപടികളിൽനിന്ന് കുടുംബശ്രീകളെ ഒഴിവാക്കണമെന്ന് ഹൈകോടതി. കുടുംബശ്രീ യൂനിറ്റുകൾ മാറിനിൽക്കാൻ നിർദേശിച്ച് കാർഷിക മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി ഒരാഴ്ചക്കകം ഉത്തരവിടണമെന്ന് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
കുടുംബശ്രീ യൂനിറ്റുകളെ ഒഴിവാക്കി ഈ മേഖലയിൽ വൈദഗ്ധ്യം നേടിയവരെ നിയോഗിക്കണമെന്ന മുൻ ഉത്തരവ് നടപ്പാക്കിയിട്ടില്ലെന്ന് എതിർ കക്ഷികളിലൊരാളായ മൂവാറ്റുപുഴ ദയ ആനിമൽ വെൽഫെയർ സംഘടന അറിയിച്ചതിനെ തുടർന്നാണ് കോടതി നിർദേശം ആവർത്തിച്ചത്.
തിരുവനന്തപുരത്ത് അടിമലത്തുറയിൽ വളർത്തുനായെ തല്ലിക്കൊന്ന് കടലിലെറിഞ്ഞ സംഭവത്തെ തുടർന്ന് സ്വമേധയാ പരിഗണിക്കുന്ന ഹരജിയാണ് കോടതിയിലുള്ളത്.
പല ജില്ലകളിലും ഇപ്പോഴും കുടുംബശ്രീ യൂനിറ്റുകളാണ് വന്ധ്യംകരണ പ്രവർത്തനങ്ങൾ ചെയ്യുന്നതെന്നായിരുന്നു എതിർ കക്ഷികൾ ചൂണ്ടിക്കാട്ടിയത്. വന്ധ്യംകരണത്തിന് തിരുവനന്തപുരം നഗരസഭ പരിധിയിലെ വണ്ടിത്തടത്തുള്ള സംവിധാനം പുനനിർമിക്കുന്നതുവരെ പേട്ടയിൽ സൗകര്യമൊരുക്കണമെന്നും മൂന്നാഴ്ചയ്ക്കുള്ളിൽ സൗകര്യമൊരുക്കി ജനുവരി മൂന്നിന് പ്രവർത്തനം തുടങ്ങണമെന്നും കോടതി നിർദേശിച്ചു.
പേട്ടയിൽ സംവിധാനമൊരുക്കുമ്പോൾ സമീപ ക്ഷേത്രത്തിലെ ഭക്തരും പ്രദേശവാസികളും എതിർക്കാനിടയുള്ള സാഹചര്യം നിലനിൽക്കുന്നതിനാൽ ക്രമസമാധാന പ്രശ്നങ്ങളില്ലെന്ന് ഡി.ജി.പി ഉറപ്പുവരുത്തണം. എറണാകുളം തൃക്കാക്കര നഗരസഭയിൽ തെരുവുനായ്ക്കളെ വന്ധ്യംകരിച്ച വകയിൽ ദയ എന്ന സംഘടനക്ക് നൽകാനുള്ള 85,000 രൂപ നൽകാനും നിർദേശിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.