ഉയർന്ന പെൻഷൻ: പി.എഫ് വിഹിതത്തിന്റെ വിശദാംശങ്ങൾ കൈമാറണമെന്ന് ഹൈകോടതി
text_fieldsപ്രതീകാത്മക ചിത്രം
കൊച്ചി: ജീവനക്കാർക്ക് ഉയർന്ന പെൻഷൻ ലഭിക്കാൻ കേരള ബിവറേജസ് കോർപറേഷൻ പി.എഫിലേക്ക് അടച്ച വിഹിതത്തിന്റെ വിശദാംശങ്ങൾ ഇ.പി.എഫ്.ഒക്ക് കൈമാറണമെന്ന് ഹൈകോടതി. ഉയർന്ന പെൻഷൻ നിഷേധിച്ചതിനെതിരെ ബിവറേജസ് കോർപറേഷനിൽനിന്ന് വിരമിച്ച 35 ജീവനക്കാർ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് പി. ഗോപിനാഥിന്റെ ഉത്തരവ്.
വിശദാംശങ്ങൾ ലഭിച്ച് രണ്ടുമാസത്തിനകം ഹരജിക്കാർക്ക് ഓരോരുത്തർക്കും അർഹമായ ഉയർന്ന പെൻഷൻ എത്രയെന്ന് ഇ.പി.എഫ്.ഒ പുനർനിർണയിക്കണമെന്നും കോടതി ഉത്തരവിട്ടു.
ഉയർന്ന പെൻഷന് 2011 ഡിസംബർ മുതൽ 2013 ജൂൺ വരെയുള്ള 2.01 കോടി രൂപ കോർപറേഷൻ അടച്ചിട്ടും ലഭ്യമാകുന്നില്ലെന്നായിരുന്നു ഹരജിയിലെ വാദം. 2014 ജൂൺ 23ന് തുക അടച്ചിട്ടുണ്ടെങ്കിലും ഓരോരുത്തരുടെയും പേരിലുള്ള വിഹിതം, വിഹിതം ഏതുകാലത്തെ, തൊഴിൽദാതാവിന്റെയും തൊഴിലാളിയുടെയും വിഹിതം എത്ര വീതം, പെൻഷൻ പദ്ധതി വിഹിതം എത്ര, ഓരോ ജീവനക്കാരന്റെയും ശമ്പള വിശദാംശങ്ങൾ എന്നിവ ലഭ്യമാക്കിയിട്ടില്ലെന്നായിരുന്നു ഇ.പി.എഫ്.ഒയുടെ വിശദീകരണം.
ഇവ ലഭിച്ചാലേ പെൻഷൻ കൃത്യമായി കണക്കുകൂട്ടാനാകൂവെന്നും വ്യക്തമാക്കി. ഇതിൽ കഴമ്പുണ്ടെന്ന് വിലയിരുത്തിയാണ് കോടതി നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

