നികുതി ഈടാക്കാതെ വലച്ചു; ഉദ്യോഗസ്ഥർക്ക് 30,000 രൂപ പിഴ വിധിച്ച് ഹൈകോടതി
text_fieldsകൊച്ചി: ഭൂമിയുടെ അളവിൽ കുറവുണ്ടെന്ന കാരണം പറഞ്ഞ് നികുതി സ്വീകരിക്കാൻ വിസമ്മതിച്ച റവന്യൂ ഉദ്യോഗസ്ഥർക്ക് പിഴ ശിക്ഷ വിധിച്ച് ഹൈകോടതി. വഞ്ചിയൂർ വില്ലേജിലെ പാളയം സ്വദേശി എ. മൈതീൻ പിള്ളയുടെ പേരിലുള്ള ഭൂമിയുടെ നികുതി സ്വീകരിക്കാൻ വിസമ്മതിച്ച തിരുവനന്തപുരം ആർ.ഡി.ഒ, തഹസിൽദാർ, വില്ലേജ് ഓഫിസർ എന്നിവർ 30,000 രൂപ പിഴയടക്കണമെന്നാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എ.കെ. പ്രീത എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
സർക്കാർ ഉത്തരവ് ലംഘിച്ച് വസ്തുനികുതിദായകനെ ഉദ്യോഗസ്ഥർ ബുദ്ധിമുട്ടിച്ചെന്ന് വിലയിരുത്തിയാണ് നടപടി. റിട്ട. സർക്കാർ ഉദ്യോഗസ്ഥൻ കൂടിയായ മൈതീൻ പിള്ള വഞ്ചിയൂർ വില്ലേജിലെ 4.151 സെന്റ് ഭൂമിക്ക് 2018 വരെ നികുതി അടച്ചിരുന്നു. എന്നാൽ, റീസർവേയിൽ ഭൂമി അളവ് കുറഞ്ഞെന്ന് പറഞ്ഞ് പിന്നീട് നികുതി സ്വീകരിക്കാൻ വില്ലേജ് ഓഫിസർ തയാറായില്ല. ഇതിനെതിരെ മൈതീൻ ലോകായുക്തയെ സമീപിച്ചു. നികുതി വാങ്ങാൻ ലോകായുക്ത ഉത്തരവിട്ടു. എന്നാൽ, ഇതിനെതിരെ ഉദ്യോഗസ്ഥർ ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
ഉത്തരവ് നടപ്പാക്കാൻ നിർദേശിച്ച ലോകായുക്ത വിധിക്കെതിരെ കോടതിയെ സമീപിച്ച ഉദ്യോഗസ്ഥരെ ഡിവിഷൻബെഞ്ച് രൂക്ഷമായി വിമർശിച്ചു. ഹരജി തള്ളിയ കോടതി, തുടർന്നാണ് മൂന്നുപേരും ചേർന്ന് 30,000 രൂപ പിഴ അടക്കാൻ നിർദേശിച്ചത്. രണ്ടാഴ്ചക്കകം പിഴത്തുക നൽകണം. സർക്കാർ ഈ തുക ആദ്യം നൽകണമെന്നും പിന്നീട് മൂന്ന് ഉദ്യോഗസ്ഥരിൽ നിന്നായി 10,000 രൂപ വീതം ഈടാക്കണമെന്നും കോടതി നിർദേശിച്ചു. സർക്കാർ ഉത്തരവ് മനഃപൂർവം ലംഘിച്ച ഇവർക്കെതിരെ അച്ചടക്ക നടപടി പരിഗണിക്കാനും സർക്കാറിനോട് നിർദേശിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

