ലെവി: ഹൈകോടതി വിശദീകരണം തേടി
text_fieldsകൊച്ചി: മത്സ്യങ്ങൾ ലേലംചെയ്യുന്ന തുകയിൽനിന്ന് ലെവി നൽകണമെന്നതടക്കം വ്യവസ്ഥകളുള്ള കേരള മത്സ്യലേല വിപണന ഗുണനിലവാര പരിപാലന നിയമം റദ്ദാക്കണമെന്ന ഹരജിയിൽ ഹൈകോടതി സർക്കാറിന്റെ വിശദീകരണം തേടി. മത്സ്യബന്ധന ബോട്ടുകൾ ലെവി നൽകണമെന്ന നിയമവ്യവസ്ഥ ഭരണഘടന വിരുദ്ധമാണെന്നടക്കം ചൂണ്ടിക്കാട്ടി കൊല്ലം ജില്ല ഫിഷിങ് ബോട്ട് ഓപറേറ്റേഴ്സ് അസോസിയേഷൻ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് എൻ. നഗരേഷിന്റെ ഉത്തരവ്.
ലേലംചെയ്ത് കിട്ടുന്ന തുകയുടെ അഞ്ചുശതമാനം ബോട്ടുകൾ ലെവി നൽകണമെന്നാണ് നിയമത്തിലെ വ്യവസ്ഥ. കാർഷിക മേഖലയിലോ വനവിഭവങ്ങൾ ശേഖരിച്ച് വിൽക്കുന്ന മേഖലയിലോ ലെവി ഏർപ്പെടുത്താതെ മത്സ്യബന്ധന മേഖലയിൽ ഏർപ്പെടുത്തുന്നത് വിവേചനമാണെന്ന് ഹരജിയിൽ പറയുന്നു. സമുദ്രാതിർത്തിക്ക് പുറത്തുള്ള മത്സ്യബന്ധനമടക്കമുള്ള വിഷയങ്ങൾ കേന്ദ്രസർക്കാറിന്റെ പരിധിയിലാണ്.
അതിനാൽ, നിയമമുണ്ടാക്കാനുള്ള അധികാരം കേന്ദ്രത്തിനാണ്. നികുതി, ഫീസ് ഇനങ്ങളിലായി സർക്കാറിന് വൻ തുക ലഭിക്കുന്നുണ്ട്. ഇതിനുപുറമേയാണ് ബോട്ടുകൾക്ക് ലെവി ഏർപ്പെടുത്തുന്നത്. മത്സ്യബന്ധന മേഖല പ്രതിസന്ധി നേരിടുമ്പോഴാണ് സർക്കാർ പുതിയ നിയമം നടപ്പാക്കുന്നതെന്നും ഹരജിയിൽ പറയുന്നു. നിയമം നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്നാണ് ഹരജിയിലെ ഇടക്കാല ആവശ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.