സഹകരണ സംഘം ക്രമക്കേട്: അന്വേഷണ റിപ്പോർട്ടുകൾ സ്വീകരിക്കുമ്പോൾ വിശദീകരണം തേടേണ്ടതില്ലെന്ന് ഹൈകോടതി
text_fieldsകൊച്ചി: സഹകരണ സംഘങ്ങളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടുകൾ സ്വീകരിക്കുന്ന ഘട്ടത്തിൽ ജോയന്റ് രജിസ്ട്രാർ ബന്ധപ്പെട്ടവരിൽനിന്ന് വിശദീകരണം തേടേണ്ടതില്ലെന്ന് ഹൈകോടതി.
കേരള സഹകരണ ചട്ടത്തിലെ ഇതു സംബന്ധിച്ച വ്യവസ്ഥയിൽ വ്യക്തത വരുത്തി ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങുന്ന ഫുൾബെഞ്ചിന്റേതാണ് വിധി. അതേസമയം, വിധിയിൽ ജസ്റ്റിസ് കുഞ്ഞികൃഷ്ണൻ വിയോജിപ്പ് രേഖപ്പെടുത്തി.
അന്വേഷണ റിപ്പോർട്ടുകൾ സ്വീകരിക്കുമ്പോൾ വിശദീകരണം തേടേണ്ടെന്നും തുടർനടപടി സ്വീകരിക്കുന്ന ഘട്ടത്തിൽ അത് മതിയെന്നും നേരത്തേ ഒരു ഡിവിഷൻ ബെഞ്ച് വിധിച്ചിരുന്നു. എന്നാൽ, ഇടുക്കി കുടയത്തൂർ സർവിസ് സഹകരണ ബാങ്കിന്റെ കേസ് പരിഗണനക്ക് വന്നപ്പോൾ അന്വേഷണ റിപ്പോർട്ട് സ്വീകരിക്കുമ്പോൾതന്നെ വിശദീകരണം തേടണമെന്ന് മറ്റൊരു ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തിലാണ് വിഷയം ഫുൾബെഞ്ചിന് വിട്ടത്.
തുടർന്നാണ് റിപ്പോർട്ടുകൾ സ്വീകരിക്കുന്ന ഘട്ടത്തിൽ ജോയന്റ് രജിസ്ട്രാർ വിശദീകരണം തേടേണ്ടതില്ലെന്നും തുടർ നടപടിയെടുക്കുന്ന ഘട്ടത്തിൽ മാത്രം ഇത് മതിയാകുമെന്നുമുള്ള ഉത്തരവ് ഫുൾബെഞ്ച് ശരിവെച്ചത്. ഒരേ റിപ്പോർട്ടിൽ രണ്ടുതവണ വിശദീകരണം തേടുന്ന സാഹചര്യം ഒഴിവാക്കാനാണ് ഇത്തരമൊരു നിർദേശം നൽകിയത്.
അന്വേഷണ റിപ്പോർട്ടിന്മേൽ ഭരണസമിതി പിരിച്ചുവിടാനോ ഭരണസമിതി അംഗങ്ങളിൽനിന്ന് നഷ്ടം ഈടാക്കാനോ തീരുമാനിക്കുമ്പോൾ മാത്രം വിശദീകരണം തേടിയാൽ മതി. ഫുൾബെഞ്ച് വിധിയുടെ അടിസ്ഥാനത്തിലാകും ഹരജികൾ ഡിവിഷൻ ബെഞ്ച് തീർപ്പാക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.