‘അയ്യപ്പസംഗമത്തിൽ സർക്കാറിന് എന്താണ് റോൾ? പണം പിരിക്കാന്‍ കഴിയുമോ?’; ചോദ്യങ്ങളുമായി ഹൈകോടതി
text_fieldsകൊച്ചി: ഈ മാസം 20ന് പമ്പയിൽ നടത്തുമെന്ന് പ്രഖ്യാപിച്ച ആഗോള അയ്യപ്പസംഗമത്തിൽ സർക്കാറിനോട് ചോദ്യങ്ങളുമായി ഹൈകോടതി. പരിപാടിയില്‍ സര്‍ക്കാരിന്റെ റോള്‍ എന്താണെന്നും അയ്യപ്പന്റെ പേരില്‍ പണം പിരിക്കാന്‍ കഴിയുമോ എന്നും കോടതി ചോദിച്ചു. ആഗോള അയ്യപ്പ സംഗമത്തിന് എതിരായ ഹരജികള്‍ ഇപ്പോള്‍ പരിഗണിക്കുന്ന ദേവസ്വം ബെഞ്ചാണ് ചോദ്യങ്ങളുന്നയിച്ചത്. അയ്യപ്പനെ വില്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അത് അനുവദിക്കരുതെന്നുമാണ് ഹരജിക്കാരുടെ വാദം. എന്നാല്‍, അയ്യപ്പന്റെ പേരില്‍ പണപ്പിരിവ് നടത്തുന്നില്ലെന്ന് സര്‍ക്കാറും ദേവസ്വം ബോര്‍ഡും വ്യക്തമാക്കി.
ആഗോള അയ്യപ്പ സംഗമത്തിലേക്ക് ആരെയൊക്കെയാണ് ക്ഷണിക്കുന്നത്? ക്ഷണിതാക്കളുടെ കാര്യത്തില്‍ മാനദണ്ഡമുണ്ടോ? പരിപാടിയുടെ ഭാഗമായി പണപ്പിരിവ് നടക്കുന്നുണ്ടോ? പണപ്പിരിവ് നടക്കുന്നുണ്ടെങ്കില്‍, ആ പണം എന്തെല്ലാം ആവശ്യങ്ങള്‍ക്കായാണ് ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങളും കോടതി സർക്കാർ അഭിഭാഷകനോട് ചോദിച്ചു. സര്‍ക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണ കുറുപ്പ് നേരിട്ടെത്തിയാണ് വാദം നടത്തുന്നത്. ശബരിമലയുടെ വികസനത്തിന് വേണ്ടിയാണ് സംഗമം നടത്തുന്നത് എന്നാണ് അഡ്വക്കേറ്റ് ജനറല്‍ കോടതിയിൽ അറിയിച്ചത്.
പരിപാടിയുടെ ഭാഗമായി നിര്‍ബന്ധിത പണപ്പിരിവ് നടക്കുന്നില്ല. സ്‌പോണ്‍സര്‍ഷിപ്പ് വാങ്ങുന്നുണ്ട്. ഉന്നത ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സ്‌പോണ്‍സര്‍ഷിപ്പ് കമ്മിറ്റിയെ തന്നെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. ശബരിമലയുടെ മാസ്റ്റര്‍ പ്ലാന്‍ നടത്തിപ്പിനായി 1300 കോടി രൂപയോളം വേണ്ടിവരും. റോപ് വേ അടക്കമുള്ള മറ്റ് നിര്‍മാണപ്രവര്‍ത്തനങ്ങളും ശബരിമലയില്‍ നടക്കുന്നുണ്ട്. ഇതിനൊക്കെ സഹായിക്കാന്‍ സന്നദ്ധരായി ആരെങ്കിലും മുന്നോട്ടുവന്നാല്‍ അത് സ്വീകരിക്കേണ്ടതില്ലേ എന്നും സര്‍ക്കാര്‍ കോടതിയില്‍ ചോദിച്ചു.
വ്യവസായി വിജയ് മല്യ ശബരിമല ക്ഷേത്രത്തിന് സ്വര്‍ണം പൂശിയതടക്കമുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ കോടതിയുടെ ശ്രദ്ധയില്‍പെടുത്തി. തമാശരൂപേണ, ' ആ പാവപ്പെട്ട മനുഷ്യന്‍ ഇപ്പോള്‍ വിദേശത്താണല്ലോ,' എന്നാണ് കോടതി തിരിച്ചുചോദിച്ചത്. ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും വ്യക്തതയില്ല എന്നതാണ് കോടതി ചൂണ്ടിക്കാണിക്കുന്ന പ്രധാനപ്പെട്ട വിഷയം.
മൂവായിരത്തോളം പേരെയാണ് പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുള്ളത്. ക്ഷണിതാക്കള്‍ക്ക് പ്രത്യേക മാനദണ്ഡമില്ല. അയ്യപ്പ വിശ്വാസികള്‍ക്കെല്ലാം സംഗമത്തില്‍ ഭാഗമാകാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ശബരിമലയുടെ ഭാവി വികസനം ഏതുതരത്തിലാണ് മുന്നോട്ട് കൊണ്ടുപോകേണ്ടത് എന്നത് സംബന്ധിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഭക്തരുമായി നടത്തുന്ന ചര്‍ച്ചയാണ് ആഗോള അയ്യപ്പ സംഗമം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇതുസംബന്ധിച്ച മാസ്റ്റര്‍ പ്ലാന്‍, സംഗമത്തില്‍ എത്തുന്നവര്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ അവതരിപ്പിക്കും.
അതേസമയം, ഹരജിക്കാര്‍ അയ്യപ്പ സംഗമത്തെ ശക്തമായി എതിര്‍ത്തു. അയ്യപ്പനെ വില്‍ക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. അത് ഒരുതരത്തിലും അംഗീകരിക്കാനാവില്ല എന്നാണ് ഹര്‍ജിക്കാര്‍ പറയുന്നത്. കൃത്യമായ രേഖകളൊന്നും ഇല്ലാതെയാണ് ദേവസ്വം ബോര്‍ഡ് ഇത്തരമൊരു പരിപാടിയുമായി മുന്നോട്ടുപോകുന്നതെന്നും ഈ നീക്കം തടയണമെന്നും ഹരജിക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.