പെരിയാർ സംരക്ഷണ അതോറിറ്റിയും മേധാവിയും വേണം -ഹൈകോടതി
text_fieldsകൊച്ചി: പെരിയാർ സംരക്ഷണത്തിന് പ്രത്യേക അതോറിറ്റിയും നടപടികളുടെ ഏകോപനത്തിന് മേധാവിയും വേണമെന്ന് ഹൈകോടതി. പരാതി ഉയരുമ്പോൾ മാത്രം കാരണം തേടുന്നതിന് പകരം പ്രശ്‌നപരിഹാരത്തിന് സ്ഥിരം സംവിധാനമുണ്ടാവണം. ഉത്തരവാദിത്തങ്ങൾ നിറവേറ്റേണ്ട അധികൃതർ പരസ്പരം പഴിചാരി രക്ഷപ്പെടുകയാണിപ്പോഴെന്ന് കോടതി പറഞ്ഞു.
244 കി.മീ. നീളമുള്ള നദിയുടെ തുടക്കം മുതൽ അവസാനംവരെ വിവിധയിടങ്ങളിൽ നിരീക്ഷണ സ്റ്റേഷൻ സ്ഥാപിച്ചാൽ ഏതുഭാഗത്താണ് കൂടുതൽ മലിനീകരണമെന്നും കാരണമെന്തെന്നും കണ്ടെത്താനാവുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്‌നേഹലത എന്നിവരടങ്ങുന്ന ബെഞ്ച് ചൂണ്ടിക്കാട്ടി. പെരിയാറിൽ വ്യാപകമായി മത്സ്യങ്ങൾ ചത്തുപൊങ്ങിയതിനെത്തുടർന്നുള്ള ഹരജികളാണ് കോടതി പരിഗണിച്ചത്. തുടർന്ന് ഹരജികൾ അടുത്ത ബുധനാഴ്ച പരിഗണിക്കാൻ മാറ്റി. റോഡുകളും കനാലുകളും നന്നാക്കാനും ഫ്ലക്‌സ് മാറ്റാനുമെല്ലാം കോടതിക്ക് ഇടപെടേണ്ടിവരുന്ന അവസ്ഥ ലോകത്ത് മറ്റെങ്ങുമില്ല.
ലണ്ടനിലെ തെംസ് നദിയുടെ സംരക്ഷണത്തിന് പ്രത്യേക അതോറിറ്റിയുണ്ട്. കടലാസ് വെള്ളത്തിലിട്ടാൽപോലും അവിടെ നടപടിയുണ്ടാവും. സിംഗപ്പൂരിൽ ഇലക്ട്രിക് ബോട്ടുകൾ സർവിസ് നടത്തുന്ന നദിയിലെ വെള്ളമാണ് കുടിക്കാനുപയോഗിക്കുന്നത്. നദിയുടെയും വെള്ളത്തിന്റെയും പ്രാധാന്യം അവർ മനസ്സിലാക്കുന്നു. ഗംഗ നദിയുടെ സംരക്ഷണത്തിനും നടപടികൾ സ്വീകരിക്കുന്നുണ്ട്. ഉത്തരവാദിത്തങ്ങളിൽനിന്ന് ഒഴിഞ്ഞുമാറാനുള്ള സാങ്കേതിക കാരണങ്ങളെക്കുറിച്ചൊന്നും കോടതിക്ക് അറിയേണ്ടതില്ല.
പെരിയാർ ശുദ്ധജലം ഒഴുകുന്ന പുഴയായി മാറണം. മലിനീകരണം എങ്ങനെ തടയാനാവുമെന്നാണ് അധികൃതർ അറിയിക്കേണ്ടത്. ഇച്ഛാശക്തിയുണ്ടെങ്കിൽ പ്രശ്‌നത്തിന് വേഗം പരിഹാരം കണ്ടെത്താനാവുമെന്നും കോടതി പറഞ്ഞു. ഉദ്യോഗസ്ഥരോട് കോടതി; പെരിയാറിലെ വെള്ളം കുടിക്കാൻ ധൈര്യമുണ്ടോ?
കൊച്ചി: പെരിയാറിലെ വെള്ളം ഓരോ കപ്പ് വീതം ദിവസവും കുടിക്കാൻ ധൈര്യമുണ്ടോയെന്ന് മലിനീകരണ നിയന്ത്രണ ബോർഡിലെയടക്കം ഉദ്യോഗസ്ഥരോട് ഹൈകോടതി. പരസ്പരം പഴിചാരുന്നവരും ന്യായവാദങ്ങൾ ഉന്നയിക്കുന്നവരും ഇതിന് തയാറാണോ. വാട്ടർ ഫിൽറ്റർ പോലുമില്ലാതെയാണ് സാധാരണക്കാർ പെരിയാറിലെ വെള്ളം കുടിക്കേണ്ടിവരുന്നത്.
അവരുടെ അവസ്ഥ ഉദ്യോഗസ്ഥർ മനസ്സിലാക്കണം. ഒരു നദിയിൽ വെള്ളം മോശമാകുന്നതിന് കാരണമെന്തെന്ന് കണ്ടെത്തി പരിഹരിക്കാനും കുറ്റക്കാരെ ശിക്ഷിക്കാനും സംവിധാനമുണ്ടാകണമെന്നും കോടതി വ്യക്തമാക്കി. മലിനജലം ഒഴുകിയെത്തിയതിനെത്തുടർന്ന് കഴിഞ്ഞവർഷം മേയ് 21ന് പെരിയാറിലും കൈവഴികളിലുമായി ടൺ കണക്കിന് മത്സ്യങ്ങൾ ചത്തുപൊങ്ങിയത് പരാമർശിച്ചാണ് കോടതിയുടെ വിമർശനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.