കെ.ടി.യു സിൻഡിക്കറ്റ് അംഗങ്ങളുടെ നിയമനം ശരിവെച്ചു
text_fieldsകൊച്ചി: 2021ലെ സർവകലാശാല ഭേദഗതി ഓർഡിനൻസിന്റെ അടിസ്ഥാനത്തിൽ കേരള സാങ്കേതിക സർവകലാശാലയിൽ (കെ.ടി.യു) ആറ് സിൻഡിക്കറ്റ് അംഗങ്ങളെ നിയമിച്ചത് ഹൈകോടതി ശരിവെച്ചു. ഓർഡിനൻസിന്റെ 23ാം വകുപ്പ് പ്രകാരം ഡോ. പി.കെ. ബിജു, ജോ. ബി.എസ്. ജമുന, അഡ്വ. ഐ. സാജു, ഡോ. വിനോദ്കുമാർ ജേക്കബ്, ഡോ. എസ്. വിനോദ് മോഹൻ, ഡോ. ജി. സജീവ് എന്നിവരെ സിൻഡിക്കേറ്റ് അംഗങ്ങളായി നിയമിച്ച നടപടിയാണ് ജസ്റ്റിസ് ബസന്ത് ബാലാജി ശരിവെച്ചത്.
സർവകലാശാല ഭേദഗതി ഓർഡിനൻസിന്റെ കാലാവധി 2021 നവംബറിൽ പൂർത്തിയായതിനാൽ ഇതിന്റെ അടിസ്ഥാനത്തിൽ നാമനിർദേശം ചെയ്തവർക്ക് അംഗങ്ങളായി തുടരാനാവില്ലെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകൻ പി. സുബൈർ കുഞ്ഞ് നൽകിയ ഹരജി കോടതി തള്ളി. 2021 ഫെബ്രുവരിയിൽ പുറപ്പെടുവിച്ച നിയമഭേദഗതി ഓർഡിനൻസ് ജൂലൈയിലും ആഗസ്റ്റിലും വീണ്ടുമിറക്കിയിരുന്നു. 2021 ഒക്ടോബറിൽ ഓർഡിനൻസിന് പകരം ബിൽ നിയമസഭ പാസാക്കിയെങ്കിലും ഗവർണർ ഒപ്പിടാത്തതിനാൽ 2021 നവംബറിൽ ഓർഡിനൻസിന്റെ കാലാവധി കഴിഞ്ഞെന്നും ഇതിന്റെ അടിസ്ഥാനത്തിൽ സിൻഡിക്കറ്റ് അംഗങ്ങളായി നാമനിർദേശം നൽകിയത് നിയമവിരുദ്ധമാണെന്നുമായിരുന്നു ഹരജിക്കാരന്റെ വാദം.
എന്നാൽ, ഭരണഘടനയുടെ 200ാം അനുച്ഛേദ പ്രകാരം ഗവർണറുടെ പരിഗണനക്ക് അയക്കുന്ന ബില്ലുകളിൽ നിശ്ചിത സമയത്തിനകം തീരുമാനമെടുക്കണമെന്ന് പറയുന്നില്ലെന്നും നിയമസഭ പാസാക്കുന്ന ബില്ലുകൾ പൊതുജന താൽപര്യം അടങ്ങുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. അതിനാൽ ബിൽ നിയമപരമായി നിലനിൽക്കുമെന്നും ആറുപേർക്കും സിൻഡിക്കറ്റ് അംഗങ്ങളായി തുടരാമെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.