കാലിക്കറ്റ് പി.വി.സി നിയമനം; രജിസ്ട്രാറോട് വിശദീകരണം തേടി സർക്കാർ
text_fieldsകാലിക്കറ്റ് സർവകലാശാല
തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാലയിൽ പ്രോ വൈസ് ചാൻസലർ പദവിയിൽ ചുമതലയേൽക്കാൻ സർക്കാറിന്‍റെ മുൻകൂർ അനുമതിയില്ലാതെ ഡെപ്യൂട്ടേഷൻ അനുവദിച്ചതിന് സർവകലാശാല രജിസ്ട്രാറോടും കോളജ് മാനേജരോടും വിശദീകരണം തേടി ഉന്നത വിദ്യാഭ്യാസ വകുപ്പ്.
കാലിക്കറ്റ് പി.വി.സിയായി നിയമിതനായ ഡോ. പി. റഷീദ് അഹമ്മദിന് അദ്ദേഹത്തിന്‍റെ മാതൃസ്ഥാപനമായ കരുവാരകുണ്ട് കെ.ടി.എം കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽനിന്ന് ഡെപ്യൂട്ടേഷൻ അനുവദിച്ചതിനാണ് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി വിശദീകരണം തേടിയത്.
കാലിക്കറ്റ് സർവകലാശാലക്ക് കീഴിലുള്ള എയ്ഡഡ് കോളജിൽനിന്ന് സർക്കാറിന്‍റെ മുൻകൂർ അനുമതിയില്ലാതെ ഡെപ്യൂട്ടേഷൻ അനുവദിച്ച സാഹചര്യം വിശദീകരിക്കാനാണ് നിർദേശം. കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റിൽ മുസ്ലിം ലീഗ് പ്രതിനിധിയായിരിക്കെയാണ് റഷീദ് അഹമ്മദിനെ വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രന്‍റെ ശിപാർശയിൽ സിൻഡിക്കേറ്റ് പി.വി.സിയായി നിയമിച്ചത്.
ഈ സ്ഥാനത്തേക്ക് മറ്റൊരാളെ ലീഗിന്‍റെ മുതിർന്ന ഭാരവാഹികളിലൊരാൾ നിർദേശിച്ചെങ്കിലും വി.സി പരിഗണിച്ചില്ല. റഷീദ് അഹമ്മദിന്‍റെ നിയമനത്തിൽ ലീഗിലെ ഒരു വിഭാഗത്തിന് എതിർപ്പുമുണ്ടായിരുന്നു. പിന്നാലെയാണ് ഡെപ്യൂട്ടേഷൻ അപേക്ഷ അനുവദിക്കാതെ ഉന്നത വിദ്യാഭ്യാസ വകുപ്പിൽനിന്ന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. നോട്ടീസിന് വഴിവെച്ചത് ലീഗിന്‍റെ മുതിർന്ന ഭാരവാഹിയുടെ ഇടപെടലാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്.

