രണ്ടുലക്ഷം ഭക്ഷ്യസംസ്കരണ സംരംഭങ്ങൾക്ക് സഹായം; കേരള ആഭ്യന്തര സെക്രട്ടറിക്ക് പ്രശംസ
text_fieldsന്യൂഡൽഹി: രാജ്യത്തെ രണ്ട് ലക്ഷം ഭക്ഷ്യ സംസ്കരണ യൂനിറ്റുകൾക്ക് പ്രധാനമന്ത്രിയുടെ മൈക്രോ ഫുഡ് പ്രോസസിങ് സംരംഭ പദ്ധതിക്കുകീഴിൽ സബ്സിഡിയോടെയുള്ള സാമ്പത്തിക സഹായം നേടിക്കൊടുത്തതിന് കേരളത്തിന്റെ ആഭ്യന്തര വകുപ്പ് സെക്രട്ടറി കൂടിയായ അഡീഷനൽ ചീഫ് െസക്രട്ടറി മിൻഹാജ് ആലത്തിന് കേന്ദ്ര ഭക്ഷ്യ സംസ്കരണ മന്ത്രി ചിരാഗ് പാസ്വാന്റെയും കേന്ദ്ര ഭക്ഷ്യ സംസ്കരണ വകുപ്പ് സെക്രട്ടറി അവിനാശ് ജോഷിയുടെയും പ്രശംസ.
പി.എം ഫോർമലൈസേഷൻ ഓഫ് മൈക്രോ ഫുഡ് പ്രോസസിങ് എൻറർപ്രൈസസ് (പി.എം.എഫ്.എം.ഇ) സ്കീം ലക്ഷ്യം പ്രതീക്ഷിച്ചതിലും നേരത്തേ കൈവരിച്ചതിന് ന്യൂഡൽഹി വാണിജ്യ ഭവനിൽ ഒരുക്കിയ ആഘോഷ ചടങ്ങിലാണ് 1996 ബാച്ച് ഐ.എ.എസ് ഓഫിസറായ മിൻഹാജ് ആലത്തെ ഇരുത്തി വകുപ്പ് മന്ത്രിയും സെക്രട്ടറിയും പ്രശംസ ചൊരിഞ്ഞത്. സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയില്ലെന്ന് പലരും കരുതിയ ഒരു പദ്ധതിയാണ് രണ്ടുലക്ഷം സംരംഭകരായ ഗുണഭോക്താക്കളെ സൃഷ്ടിക്കുന്നതിൽ ഭക്ഷ്യ സംസ്കരണ മന്ത്രാലയത്തിന് നേതൃപരമായ പങ്കുവഹിച്ച് മിൻഹാജ് ആലം ഭംഗിയായി നടപ്പാക്കിയതെന്ന് ചിരാഗ് പാസ്വാൻ പറഞ്ഞു.
കേരളത്തിന് വലിയ സാധ്യത -മിൻഹാജ് ആലം
കേരളത്തിൽനിന്ന് മാത്രം 10,000ത്തിൽപരം സംരംഭകർ ഇതിനകം ഗുണഭോക്താക്കളായെന്നും വലിയ വ്യവസായങ്ങളില്ലാത്ത കേരളത്തിൽ ഈ പദ്ധതിക്ക് കീഴിൽ ചെറുകിട ഭക്ഷ്യ സംസ്കരണ സംരംഭങ്ങൾക്ക് വലിയ സാധ്യതകളുണ്ടെന്നും മിൻഹാജ് ആലം ‘മാധ്യമ’ത്തോടു പറഞ്ഞു. 2020ൽ ആരംഭിച്ച പദ്ധതി ഈ വർഷം സെപ്റ്റംബർ വരെ കേന്ദ്ര സർക്കാർ നീട്ടിയിട്ടുണ്ട്.
ഭക്ഷ്യസംസ്കരണ മന്ത്രാലയത്തിന്റെ സംബ്സിഡിയോടെയുള്ള വായ്പകൾ സംരംഭങ്ങൾക്ക് നേടിയെടുക്കാവുന്ന പി.എം ഫോർമലൈസേഷൻ ഓഫ് മൈക്രോ ഫുഡ് പ്രോസസിങ് എൻറർപ്രൈസസ് സ്കീം വിവരങ്ങൾ പി.എം.എഫ്.എം.ഇ വെബ്സൈറ്റിൽ ലഭ്യമാണ്. എല്ലാ ജില്ലകളിലും ജില്ല റിസോഴ്സ് പേഴ്സൺസിന്റെ സഹായവും ലഭ്യമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

