കേരളം ഗുണ്ടകളുടെ പറുദീസയല്ല; നിയമത്തെ വെല്ലുവിളിക്കാൻ ആരെയും അനുവദിക്കില്ലെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
text_fieldsതിരുവനന്തപുരം: കേരളം ഗുണ്ടകളുടെ നാടല്ലെന്നും സമാധാനം ആഗ്രഹിക്കുന്ന ജനങ്ങളുടെ നാടാണെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ജനങ്ങളെ വെല്ലുവിളിക്കുന്ന ഒരു ഗുണ്ടക്കും കേരളത്തിൽ സ്ഥാനമുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.
അർജുൻ ആയങ്കിയെ പൊലീസ് കസ്റ്റഡിയിലെടുത്തതിനു പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഇവിടെ എല്ലാ സിസ്റ്റത്തെയും വെല്ലുവിളിക്കുന്ന ഗുണ്ടക്ക് ഇതാണ് അനുഭവം. അതുമാത്രമല്ല, കേരളത്തിലെ എല്ലാ ഗുണ്ടകളെയും നിലക്ക് നിർത്താൻ ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ജനങ്ങളുടെ സമാധാന ജീവിതം ഉറപ്പുവരുത്തുകയെന്നതാണ് ലക്ഷ്യം. ജനങ്ങളുടെ സ്വൈരജീവിതം തകർക്കാൻ ശ്രമിക്കുന്ന ഗുണ്ടകൾക്കെതിരെയും സമൂഹികവിരുദ്ധർക്കെതിരെയും ശക്തമായ നടപടിയെടുക്കും. ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഇല്ല. ഈ ഓണക്കാലത്ത് ജനവീവിതത്തെ അപകടത്തിലാക്കാമെന്ന് ഒരു ഗുണ്ടയും കരുതേണ്ട. പൊലീസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് പ്രദേശത്തെ ഗുണ്ടകളുടെ പട്ടികയുണ്ട്. ഇവരെല്ലാം പൊലീസിന്‍റെ കർശന നിരീക്ഷണത്തിലാണ്. ജനങ്ങളെ വെല്ലുവിളിക്കാൻ ആരെയും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
രാഷ്ട്രീയ സംരക്ഷണം ഉൾപ്പെടെയുള്ള എല്ലാവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരും. കേരളം ഗുണ്ടകളുടെ പറുദീസയല്ല. സമാധാനം ആഗ്രഹിക്കുന്ന ജനങ്ങൾ ജീവിക്കുന്ന നാടാണ്. കുറേയാളുകൾ ഇറങ്ങി മനപൂർവം പ്രശ്നങ്ങൾ ഉണ്ടാക്കുകയാണ്, അവർ ആരായാലും കൈയിൽ വിലങ്ങു വീഴും. നിയമം എല്ലാവർക്കും ഒരുപോലെയാണ്. നിയമത്തെ വെല്ലുവിളിക്കാൻ ഈ സംസ്ഥാനത്ത് ആരെയും അനുവദിക്കില്ല. ഒരു രാഷ്ട്രീയ സംരക്ഷണവും അതിന് തടസ്സമാകില്ല. ഗുണ്ടകളെ പോറ്റി വളർത്തുന്നവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കണ്ണൂർ നഗരത്തിലെ അഭിഭാഷകയുടെ ഫ്ലാറ്റിൽനിന്ന് ഞായറാഴ്ച പുലർച്ചെയാണ് അർജുനെ പൊലീസ് പിടികൂടിയത്. അർജുൻ ആയങ്കി ഒളിവിൽ പോകാൻ ഉപയോഗിച്ച കാർ കണ്ണൂർ പനങ്കാവിൽനിന്ന് പൊലീസ് ശനിയാഴ്ച വൈകീട്ട് കസ്റ്റഡിയിലെടുത്തിരുന്നു. ഇതോടെ കണ്ണൂർ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കി. പുലർച്ചെ രണ്ടോടെയാണ് അഭിഭാഷകയെ കാണാനായി കണ്ണൂരിലെ അപ്പാർട്ട്മെന്‍റിൽ അർജുനും സുഹൃത്തും എത്തുന്നത്. ഓട്ടോയിലാണ് അർജുൻ അഭിഭാഷകയെ കാണാനെത്തിയത്. സംശയം തോന്നിയ ഓട്ടോ ഡ്രൈവറാണ് വിവരം പൊലീസിനെ അറിയിച്ചത്. സി.സിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് അർജുൻ ആയങ്കിയെന്ന് ഉറപ്പിച്ചു.
പിന്നാലെ പൊലീസ് അപ്പാർട്ട്മെന്‍റിലെത്തി പുലർച്ചെ രണ്ടരയോടെ അർജുനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പൊലീസ് ഓടിച്ചിട്ട് പിടികൂടി. കണ്ണൂർ ഉത്തര മേഖല ഡി.ഐ.ജിയുടെ നേതൃത്വത്തിലാണ് അർജുനെ പിടികൂടിയത്. കണ്ണൂരിലെ കേസിൽ അറസ്റ്റ് ചെയ്ത ശേഷം അർജുനെ എറണാകുളത്തേക്ക് മാറ്റുമെന്നാണ് നിലവിലെ റിപ്പോർട്ട്. വധശ്രമം, മോഷണം, തട്ടിക്കൊണ്ടുപോകൽ, സ്വര്‍ണക്കടത്ത് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളിൽ അർജുൻ പ്രതിയാണ്. അർജുൻ ആയങ്കിക്കെതിരെ കാപ്പ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തുന്നത് പരിശോധിക്കുമെന്ന് സംസ്ഥാന ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി പി. വിജയൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

