Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപടികടന്നെത്താൻ...

പടികടന്നെത്താൻ വിവാദങ്ങൾ ഏറെ; നയപ്രഖ്യാപനത്തോടെ നിയമസഭ സമ്മേളനം നാളെ തുടങ്ങും

text_fields
bookmark_border
പടികടന്നെത്താൻ വിവാദങ്ങൾ ഏറെ; നയപ്രഖ്യാപനത്തോടെ നിയമസഭ സമ്മേളനം നാളെ തുടങ്ങും
cancel

തിരുവനന്തപുരം: രണ്ട് പുതിയ അംഗങ്ങളുടെ വരവിനും നിലവിലുണ്ടായിരുന്ന ഒരംഗത്തിന്‍റെ രാജിക്കുമിടെ, പതിനഞ്ചാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനം വെള്ളിയാഴ്ച തുടങ്ങും. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ജയിച്ച രാഹുൽ മാങ്കൂട്ടത്തിലും ചേലക്കരയിൽ നിന്ന് ജയിച്ച യു.ആർ. പ്രദീപും സഭാസമ്മേളനത്തിനെത്തുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനോടും സി.പി.എമ്മിനോടും കലഹിച്ച് മുന്നണി വിടുകയും എം.എൽ.എ സ്ഥാനം രാജിവെക്കുകയും ചെയ്ത പി.വി. അൻവറിന്‍റെ സീറ്റ് ഒഴിഞ്ഞുകിടക്കും. പുതിയ ഗവർണറായി ചുമതലയേറ്റ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ആദ്യമായി സർക്കാറിന്‍റെ നയപ്രഖ്യാപനത്തിനായി വെള്ളിയാഴ്ച സഭയിലെത്തും.

ആദ്യദിനം നയപ്രഖ്യാപനം മാത്രമാണ് കാര്യപരിപാടി. തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയും മറുപടിയുമാണ്. സംസ്ഥാന സർവകലാശാലകളുടെ ഭരണം ഗവർണർമാർ മുഖേന കൈപ്പിടിയിലാക്കാൻ ലക്ഷ്യമിട്ടുള്ള യു.ജി.സി കരട് റെഗുലേഷനെതിരെ സഭയിൽ പ്രമേയം വരാനുള്ള സാധ്യതയുമുണ്ട്. പ്രമേയം പാസാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രിക്ക് കത്ത് നൽകുകയും ചെയ്തിരുന്നു. 20 മുതൽ 22 വരെ ചോദ്യോത്തരവേളയില്ലാതെ രാവിലെ ഒമ്പതിന് ശൂന്യവേളയോടെയായിരിക്കും സഭ സമ്മേളനം ആരംഭിക്കുക. നിയമസഭ ജീവനക്കാർ അന്താരാഷ്ട്ര പുസ്തകോത്സവ തിരക്കിലായതുകൊണ്ടുണ്ടായ അസൗകര്യം കാരണമാണ് മൂന്ന് ദിവസങ്ങളിലെ ചോദ്യോത്തരവേള ഒഴിവാക്കുന്നത്.

അതേസമയം, മൂന്ന് സെഷനുകളിലായി 27 ദിവസം നിയമസഭ സമ്മേളനം ചേരുമ്പോൾ സഭാതലത്തെ ചൂടുപിടിപ്പിക്കാൻ ഒട്ടേറെ വിവാദങ്ങൾ. പി.വി. അൻവർ മുഖ്യമന്ത്രിക്കും സർക്കാറിനുമെതിരെ ഉയർത്തിവിട്ട ആരോപണങ്ങളും പ്രത്യാഘാതങ്ങളും സഭയിൽ വീണ്ടും ഉയർന്നുവരും. പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിലും വയനാട് പാർലമെന്‍റ് ഉപതെരഞ്ഞെടുപ്പിലും യു.ഡി.എഫിനുണ്ടായ മികച്ച വിജയവും ചേലക്കരയിൽ മണ്ഡലം നിലനിർത്തിയ എൽ.ഡി.എഫ് പ്രകടനവും സഭാചർച്ചകളിൽ വരും. തൃശൂർ പൂരം കലക്കൽ, അനധികൃത സ്വത്ത് സമ്പാദനമുൾപ്പെടെ ആരോപണങ്ങൾ നേരിട്ട എം.ആർ. അജിത് കുമാറിന് ഡി.ജി.പി പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകാനുള്ള സർക്കാർ തീരുമാനവും ഹിന്ദു ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വാട്സ്ആപ് ഗ്രൂപ്പുണ്ടാക്കിയ കെ. ഗോപാലകൃഷ്ണനെതിരെ സർക്കാർ സ്വീകരിച്ച മൃദുസമീപനവും സഭയിൽ ഉയരും.

വയനാട്ടിൽ ഡി.സി.സി ട്രഷററുടെയും മകന്‍റെയും ആത്മഹത്യയിലേക്ക് നയിച്ച വിവാദവും ഐ.സി. ബാലകൃഷ്ണൻ എം.എൽ.എക്കെതിരെ ഉയർന്ന ആരോപണങ്ങളും പ്രതിപക്ഷത്തിനെതിരെ ഭരണപക്ഷം ആയുധമാക്കും. വനം ഭേദഗതി നിയമത്തിനെതിരായ വികാരവും സഭയിൽ പ്രതിപക്ഷം ഉയർത്തിയേക്കും.

ഫെബ്രുവരി ഏഴിന് ബജറ്റ് സമ്മേളനം

23ന് സഭ സമ്മേളനത്തിന്‍റെ ആദ്യ സെഷൻ പിരിയും. പിന്നീട്, ഫെബ്രുവരി ഏഴിന് ബജറ്റ് സമ്മേളനം തുടങ്ങും. ഏഴിന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കും. ഫെബ്രുവരി 10 മുതൽ 12 വരെ ബജറ്റിന്മേലുള്ള പൊതുചർച്ച നടക്കും. 13ന് 2024 -25 സാമ്പത്തിക വർഷത്തെ ബജറ്റിലേക്കുള്ള അന്തിമ ഉപധനാഭ്യർഥന സംബന്ധിച്ച ചർച്ചയും വോട്ടെടുപ്പും നടക്കും. 13ന് ഇടവേളക്ക് പിരിയുന്ന സഭ മാർച്ച് മൂന്നിന് പുനരാരംഭിക്കും.

മൂന്നിന് 2024-25 വർഷത്തെ ബജറ്റിലേക്കുള്ള അന്തിമ ഉപധനാഭ്യർഥന സംബന്ധിച്ച ധനവിനിയോഗ ബിൽ അവതരിപ്പിക്കും. മാർച്ച് നാലു മുതൽ ആറു വരെ 2025 -26 വർഷത്തെ ബജറ്റിലേക്കുള്ള ധനാഭ്യർഥന സംബന്ധിച്ച ചർച്ചയും വോട്ടെടുപ്പും നടക്കും. മാർച്ച് ഏഴിന് സഭ ചേരില്ല. മാർച്ച് 10 മുതൽ 12 വരെയും 17 മുതൽ 20 വരെയും 24 മുതൽ 26 വരെയും ബജറ്റിലേക്കുള്ള ധനാഭ്യർഥന സംബന്ധിച്ച ചർച്ചയും വോട്ടെടുപ്പും നടക്കും. മാർച്ച് 13, 14 തീയതികളിൽ സഭ ചേരില്ല. 27ന് ധനവിനിയോഗ ബിൽ അവതരിപ്പിക്കും. 28ന് സഭ പിരിയും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala legislative assemblypolicy announcement
News Summary - Kerala Legislative session to begin on Friday with policy announcement
Next Story