ബി.ജെ.പിക്ക് മേയറെ നല്‍കിയതിന്റെ ക്രെഡിറ്റ് സി.പി.എമ്മിന് -കെ.സി. വേണുഗോപാല്‍
text_fieldsന്യൂഡൽഹി: സി.പി.എമ്മിന്റെ ഔദാര്യത്തിലാണ് ബി.ജെ.പി പലയിടത്തും വിജയിച്ചതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. ബിജെപിക്ക് ഒരു മേയറെ നല്‍കിയതിന്റെ ക്രെഡിറ്റ് സിപിഎമ്മിന് അവകാശപ്പെട്ടതാണ്. പി.എം ശ്രീയിലും ലേബര്‍കോഡിലും ദേശീപാത അഴിമതിയിലും കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു സിപിഎമ്മിന്റേത്. ആശയദാരിദ്രമാണ് സിപിഎമ്മിന്. അവരുടെ നയങ്ങള്‍ക്ക് വിരുദ്ധമായാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. അത് മോദിയുടെ മുന്നില്‍ കവാത്ത് മറക്കുന്ന ശൈലി പിന്തുടരാനാണെന്നും കെ.സി. വേണുഗോപാൽ ന്യൂഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
‘സി.പി.എമ്മിന്റെ അഹന്തയ്ക്കും അഹങ്കാരത്തിനും ദുര്‍ഭരണത്തിനും എതിരായ കനത്ത ജനവിധിയാണ് തദ്ദേശ തെരഞ്ഞെടുപ്പിലേതെന്ന് യു.ഡി.എഫ് തരംഗമാണ് പ്രതിഫലിച്ചത്. ശബരിമല കൊള്ളയും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചു. ശബരിമല കൊള്ള ഉന്നയിക്കുമ്പോള്‍ പുച്ഛിക്കുന്ന നിലപാടായിരുന്നു മുഖ്യമന്ത്രിക്കും സി.പി.എം സംസ്ഥാന സെക്രട്ടറിക്കും. ബി.ജെ.പിയും ഈ വിഷയത്തില്‍ കള്ളക്കളിയായിരുന്നു. പിഎം-ബിജെപി അവിശുദ്ധ കൂട്ടുക്കെട്ട്, സര്‍ക്കാരിന്റെ ജനവിരുദ്ധത,ശബരിമല വിഷയം എന്നിവയും തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചു.
സ്ഥാനാർഥി നിര്‍ണ്ണം മികച്ചതായിരുന്നു. വാര്‍ഡ് തലത്തിലാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടന്നത്. അതില്‍ മറ്റു ഇടപെടലുകള്‍ ഉണ്ടായില്ല. അതും വിജയത്തിന്റെ ഒരു ഘടകമാണ്. സിപിഎമ്മിന്റെ തകര്‍ച്ചയാണ് ഈ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആകെ തുക. ഇതുവരെ യുഡിഎഫ് വിജയിക്കാതിരുന്ന കൊല്ലം കോര്പ്പറേഷന് വിജയിക്കാന്‍ സാധിച്ചത് വലിയ നേട്ടമാണ്. ജനവികാരം യുഡിഎഫിനൊപ്പമാണെന്ന് തെളിയിക്കുന്നത് കൂടിയാണ് ഫലം. തിരുവനന്തപുരം കോർപഷനില് മികച്ച പോരാട്ടം നടത്തി യുഡിഎഫ് നില മെച്ചപ്പെടുത്തി. അവിടെ ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് ശ്രമിച്ചപ്പോള്‍, സിപിഎം കോണ്‍ഗ്രസിനെ പരാജയപ്പെടുത്താനാണ് നോക്കിയത്.
വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വന്‍ വിജയം നേടും. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനുള്ള പ്രഹരം കൂടിയാണ് ഫലം. യുഡിഎഫ് എംപിമാരുടെ പാര്‍ലമെന്റിലെ പ്രവര്‍ത്തനത്തെ മോശമായി ചിത്രീകരിക്കാനാണ് മുഖ്യമന്ത്രി നോക്കിയത്. പരസ്യസംവാദത്തിനുള്ള തന്റെ വെല്ലുവിളി സ്വീകരിച്ച മുഖ്യമന്ത്രിയ്ക്ക് സമയവും സ്ഥലവും നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയെങ്കിലും ഇതുവരെ അദ്ദേഹം അതിനോട് പ്രതികരിച്ചിട്ടില്ല’ -കെസി വേണുഗോപാല്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

