പ്രായംകുറഞ്ഞ സ്ഥാനാർഥിയുടെ മത്സരം തുലാസിൽ; വൈഷ്ണയുടെ പേര് പട്ടികയിൽ നിന്ന് വെട്ടി
text_fieldsഅന്തിമ വോട്ടർപട്ടികയിൽനിന്ന് പേര് നീക്കം ചെയ്യപ്പെട്ട തിരുവനന്തപുരം മുട്ടട വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ മുൻ പട്ടികയിൽ തന്റെ പേര് കാണിക്കുന്നു
തിരുവനന്തപുരം: കോർപറേഷനിലേക്ക് കോൺഗ്രസ് ആദ്യഘട്ടം പ്രഖ്യാപിച്ച പട്ടികയിലുൾപ്പെട്ട മുട്ടട വാർഡിലെ ഏറ്റവും പ്രായംകുറഞ്ഞ സ്ഥാനാർഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്തു. സി.പി.എമ്മിന്റെ പരാതി അംഗീകരിച്ചാണ് പേര് നീക്കം ചെയ്തത്. പിന്നിൽ രാഷ്ട്രീയ പകപോക്കലാണെന്നും അപ്പീൽ നൽകുമെന്നും കോൺഗ്രസ് നേതാക്കൾ അറിയിച്ചു. കെ.എസ്.യുവിലെ യുവനേതാവിനെ ഇറക്കി സി.പി.എമ്മിന്റെ കുത്തക വാർഡായ മുട്ടട തിരിച്ചുപിടിക്കുക എന്ന തുറുപ്പുചീട്ടിറിക്കി കോൺഗ്രസ് നടത്തിയ നീക്കത്തിനാണ് അപ്രതീക്ഷിത ഇരുട്ടടി ഉണ്ടായിരിക്കുന്നത്.
കോർപറേഷനിലെ ഏതെങ്കിലും വാർഡിലെ വോട്ടർപട്ടികയിൽ പേരുണ്ടെങ്കിലേ കൗൺസിലിലേക്ക് മത്സരിക്കാൻ കഴിയൂ. വോട്ടർ പട്ടികയിൽ വൈഷ്ണയുടെ പേര് ഇല്ലെന്നാണ് സി.പി.എമ്മിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി സി.പി.എം പരാതിയും നൽകിയിരുന്നു. എന്നാൽ വോട്ടർപട്ടികയിൽ തന്റെ പേരുണ്ടെന്നും ടി.സി നമ്പറിൽ മാത്രമാണ് വ്യത്യാസം ഉള്ളതെന്നും വൈഷ്ണ സുരേഷ് പറഞ്ഞു. തന്റെ പഴയ വീടിന്റെ ടി.സി നമ്പറാണത്. അവിടെ വേറെ ആളാണ് താമസം. തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് ഉൾപ്പെടെ രേഖകളിലെല്ലാം ആ നമ്പറാണുള്ളത്. അത് തിരുത്താനാണ് സപ്ലിമെന്ററി വോട്ടർപട്ടിക പുതുക്കൽ സമയത്ത് അപേക്ഷ സമർപ്പിച്ചത്.
എന്നാൽ കൃത്യമായി പരിശോധിക്കാതെ പഴയവീട്ടിൽ ഇങ്ങനെ ഒരാളില്ലെന്ന് ചൂണ്ടിക്കാട്ടി രാഷ്ട്രീയ സമ്മർദത്തിന് വഴങ്ങി ഉദ്യോഗസ്ഥർ പട്ടികയിൽ നിന്ന് തന്റെ പേര് വെട്ടുകയായിരുന്നുവെന്നും വൈഷ്ണ പറഞ്ഞു. സപ്ലിമെന്ററി വോട്ടർപട്ടിക വെള്ളിയാഴ്ച രാത്രിവരെയും പ്രസിദ്ധീകരിക്കാത്തതിനാൽ പട്ടികയിൽ പേര് ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാനും കഴിഞ്ഞിരുന്നില്ല. ഒടുവിൽ ശനിയാഴ്ചയാണ് പട്ടികയിൽ പേരില്ലെന്ന് അറിഞ്ഞത്. വൈഷ്ണയുടെ വോട്ടർപട്ടിക അപേക്ഷയിൽ കെട്ടിടത്തിന്റെ ടി.സി നമ്പർ 18/ 564 എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ നമ്പറിൽ താമസിക്കുന്നത് മറ്റൊരു കുടുംബമാണെന്നും വൈഷ്ണക്ക് ഇവരുമായി ബന്ധമില്ലെന്നും ഈ വീട്ടിൽ വാടകക്ക് താമസിക്കുന്നില്ലെന്നുമാണ് സി.പി.എം ആരോപണം. എന്നാൽ, താൻ താമസിക്കുന്ന വീടിന്റെ നമ്പർ ടി.സി 18/ 2365 ആണെന്നും വോട്ടർപട്ടികയിൽ പേരിനൊപ്പം ചേർത്തിരിക്കുന്ന നമ്പരിലാണ് അപേക്ഷ സമർപ്പിച്ചതെന്നും വൈഷ്ണ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

