നിപബാധിച്ച് മരിച്ച കുട്ടിയുമായി പ്രാഥമിക സമ്പർക്കമുള്ളവർ 251 പേർ; 129 പേർ ആരോഗ്യപ്രവർത്തകർ
text_fieldsനിപ ബാധിച്ച് മരിച്ച കോഴിക്കോട് ചാത്തമംഗലത്തെ 12 വയസ്സുകാരന്റെ മൃതദേഹം കണ്ണംപറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കാൻ കൊണ്ടുപോകുന്നു -ഫോട്ടോ: കെ. വിശ്വജിത്ത്
കോഴിക്കോട്: നിപബാധിച്ച് മരിച്ച കുട്ടിയുമായി പ്രാഥമിക സമ്പർക്കമുള്ളവരുടെ പട്ടിക നീളുന്നു. 251 പേരുടെ സമ്പർക്കപട്ടിക തയാറാക്കിയതിൽ 129 പേർ ആരോഗ്യപ്രവർത്തകരാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് നിപ അവലോകന യോഗത്തിന് ശേഷം വാർത്തസമ്മേളനത്തിൽ അറിയിച്ചു.
സമ്പർക്കപ്പട്ടികയിലുള്ളവരിൽ 54 പേർ ഹൈറിസ്ക് വിഭാഗമാണ്. ഇതിൽ 30 പേരും ആരോഗ്യപ്രവർത്തകരാണ്. പട്ടികയിലെ 250 പേരും മരിച്ച രോഗിയുമായി നേരിട്ട് ബന്ധമുള്ളവരാണ്. രണ്ട് പേർ കണ്ണൂർ, മലപ്പുറം ജില്ലകളിലുള്ളവരാണ്. സമീപ ജില്ലകളിലും ജാഗ്രത നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. രോഗലക്ഷണമുള്ള 11 പേരുടെ നില തൃപ്തികരമാണ്. ലക്ഷണങ്ങളുള്ളവരിൽ മരിച്ച കുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും ആരോഗ്യപ്രവർത്തകരുമുണ്ട്. മാതാവിെൻറ പനി കുറഞ്ഞിട്ടുണ്ട്. ഇതുവരെ മറ്റാർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. 11 പേരുടെ സാമ്പിൾ പരിശോധന ഫലം അർധരാത്രി കിട്ടിയശേഷം ചൊവ്വാഴ്ച രാവിലെ പ്രഖ്യാപിക്കും. എട്ട് പേരുടെ ഫലം പുണെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ (എൻ.ഐ.വി) നിന്ന് ലഭിക്കും.
മെഡിക്കൽ കോളജിൽ ഒരുക്കിയ താൽക്കാലിക പരിശോധന ലാബിൽ മൂന്ന് പേരുടെ സാമ്പിൾ പരിശോധിച്ച് ഫലം പുറത്തുവിടും. മെഡിക്കൽ കോളജിലെ ലാബിൽ ആദ്യഘട്ട പരിശോധനയായ ട്രൂനാറ്റും പിന്നീടുള്ള ആർ.ടി.പി.സി.ആർ പരിശോധനയും നടത്താൻ എൻ.ഐ.വിയിലെ സംഘം സൗകര്യമൊരുക്കി. സമ്പർക്കപ്പട്ടികയിലെ 38 പേരാണ് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ നിപ വാർഡിലുള്ളത്.
അതിനിടെ, ഉറവിട പരിശോധനയുമായി ബന്ധപ്പെട്ട് ഭോപാലിൽനിന്ന് വിദഗ്ധ സംഘം ബുധനാഴ്ചയെത്തും. കോഴിക്കോട് താലൂക്കിൽ കോവിഡ് വാക്സിൻ കുത്തിവെപ്പ് രണ്ട് ദിവസത്തേക്ക് നിർത്തിവെച്ചിട്ടുണ്ട്. സംസ്ഥാന തലത്തിലും നിപ കൺട്രോൾ റൂം തുറന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.