കേരള പൊലീസിന് ഹെലികോപ്ടർ വാടക പ്രതിമാസം 1.44 കോടി
text_fieldsതിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ക്കായി കേരള പൊലീസ് ഹെലികോപ്ടർ വാടകക്കെടുക്കുന്നു. ഇതുസംബന്ധിച്ച് ഡൽഹി ആസ്ഥാനമായ പവൻ ഹാൻസ് ലിമിറ്റഡുമായി ധാരണയിലെത്തി. നക്സൽ വിരുദ്ധ പ്രവർത്തനത്തിനും പ്രകൃതിക്ഷോഭ രക്ഷാപ്രവർത്തനത്തിനുമായാണ് 11 സീറ്റുള്ള ഹെലികോപ്ടർ വാടകക്ക് എടുക്കുന്നത്. പ്രതിമാസം 20 മണിക്കൂർ ഹെലികോപ്ടര്‍ ഉപയോഗിക്കാം. 1.44 കോടി രൂപയാണ് പ്രതിമാസ വാടക. 20 മണിക്കൂറിൽ കൂടുതൽ ഉപയോഗിക്കുന്നുണ്ടെങ്കിൽ തുടർന്നുള്ള ഓരോ മണിക്കൂറിനും 60,000 രൂപ വീതം വാടക നൽകണം.
നക്സൽ വിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിന് കേന്ദ്രം അനുവദിക്കുന്ന ഫണ്ടാണ് ഇതിനായി ഉപയോഗിക്കുക. ഡിസംബര്‍ 10ന് കമ്പനിയുമായി ധാരണപത്രം ഒപ്പിടും. 15ഓളം സംസ്ഥാനങ്ങളിൽ പൊലീസിന് ഹെലികോപ്ടർ ഉണ്ട്. ഇതിൽ പത്ത് സംസ്ഥാനങ്ങൾക്ക് ഹെലികോപ്ടർ സേവനം നൽകുന്നത് പവൻ ഹാൻസാണ്. മുമ്പ് വി.എസ്. അച്യുതാനന്ദന് സര്‍ക്കാറിെൻറ കാലത്തും ഹെലികോപ്ടര്‍ വാടകക്കെടുക്കാന്‍ ശ്രമമുണ്ടായിരുന്നുവെങ്കിലും സര്‍ക്കാര്‍ തള്ളി. പിന്നീട് പ്രളയകാലത്തെ രക്ഷാപ്രവർത്തനങ്ങളിൽ ഹെലികോപ്ടറിെൻറ അപര്യാപ്തത ചൂണ്ടിക്കാട്ടി പൊലീസ് മേധാവി വീണ്ടും സർക്കാറിലേക്ക് ശിപാര്‍ശ സമർപ്പിക്കുകയായിരുന്നു.
ഹെലികോപ്ടർ സ്വന്തമായി വാങ്ങാനായിരുന്നു ആദ്യ നീക്കമെങ്കിലും നഷ്ടം കണക്കിലെടുത്ത് ഉപേക്ഷിച്ചു. തുടർന്ന്, മാർച്ചിൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാടകക്കെടുക്കാൻ തീരുമാനിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ കോടികൾ ചെലവഴിച്ചു ഹെലികോപ്ടർ വാടകക്കെടുക്കാനുള്ള തീരുമാനം നേരത്തേ വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.