മൂന്നാറില്‍ യുവതിയെ ഭീഷണിപ്പെടുത്തിയ സംഭവം: രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ
text_fieldsജാൻവി പങ്കുവച്ച വീഡിയോയിൽ നിന്ന് | photo:screengrab/Instagram/itsagirllikethat
അടിമാലി: മൂന്നാർ സന്ദർശനത്തിനെത്തിയ മുംബൈയിൽനിന്നുള്ള യുവതിയോട് അപമര്യാദയായി പെരുമാറിയ ഡ്രൈവർമാരെ സംരക്ഷിച്ച രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തു. മൂന്നാർ സ്റ്റേഷനിലെ എ.എസ്.ഐ സാജു പൗലോസ്, ഗ്രേഡ് എസ്.ഐ ജോർജ് കുര്യൻ എന്നിവരെയാണ് അന്വേഷണവിധേയമായി ജില്ല പൊലീസ് മേധാവി സസ്പെൻഡ് ചെയ്തത്.
മുംബൈയില്‍ അസിസ്റ്റന്റ് പ്രൊഫസറായ ജാന്‍വി എന്ന യുവതിയാണ് മൂന്നാര്‍ സന്ദര്‍ശന വേളയില്‍ ഓണ്‍ലൈന്‍ ടാക്സിയില്‍ യാത്ര ചെയ്തപ്പോള്‍ പ്രദേശവാസികളായ ടാക്സി ഡ്രൈവര്‍മാരില്‍ നിന്നും പൊലീസില്‍ നിന്നും നേരിട്ട ദുരനുഭവം പങ്കുവച്ചത്. ഒക്ടോബര്‍ 31 ന് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് ജാന്‍വി തനിക്കുണ്ടായ ദുരനുഭവം പറഞ്ഞത്.
കഴിഞ്ഞ ദിവസം ഊബർ ടാക്സി പിടിച്ചാണ് യുവതി മൂന്നാറിലെത്തിയത്. തിരികെ പോകുന്നതിനായി ഊബർ വിളിക്കുന്നതിനിടെ ഏഴോളം ടാക്സി ഡ്രൈവർമാർ ചേർന്ന് ഇവരെ തടസ്സപ്പെടുത്തുകയും ഓൺലൈൻ ടാക്സി വിളിക്കരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
മൂന്നാറിൽനിന്ന് വാഹനം വിളിക്കണമെന്ന് ഇവർ നിർബന്ധിക്കുകയും ചെയ്തു. ഇതേതുടർന്ന് യുവതി പൊലീസ്സഹായം തേടി. സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർ ഡ്രൈവർമാരുമായി ചർച്ച നടത്തിയെങ്കിലും യുവതിയോട് മൂന്നാറിലെ ഡ്രൈവർമാർ പറയുന്നത് അനുസരിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് പൊലീസിന്റെ ഭാഗത്തുനിന്ന് നീതിലഭിച്ചില്ലെന്ന യുവതിയുടെ വിഡിയോ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ മൂന്നാർ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
യുവതിയെ ഭീഷണിപ്പെടുത്തിയ രണ്ട് ടാക്സി ഡ്രൈവര്‍മാരും ഇതിനിടെ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. മൂന്നാര്‍ സ്വദേശികളായ വിനായകന്, വിജയകുമാര്‍ എന്നിവരാണ് പിടിയിലായത്. യുവതിയുടെ ആരോപണം മുന്‍നിര്‍ത്തി ഭീഷണിപ്പെടുത്തിയ സംഘത്തില്‍പ്പെട്ടവരുടെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

