കേരള പഠനം 2.0;സർക്കാർ ജോലികളിൽ മുന്നാക്ക മേധാവിത്വം
text_fieldsപാലക്കാട്: മുസ്‍ലിംകൾ, പട്ടികജാതിക്കാർ, പട്ടികവർഗക്കാർ എന്നിവരുടെ ഇടയിൽ തൊഴിലില്ലായ്മ വർധിച്ചതായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തയാറാക്കിയ കേരള പഠനം 2.0. 2004 മുതൽ 2019 വരെയുള്ള ജനജീവിതമാറ്റങ്ങൾ സംബന്ധിച്ച് നടത്തിയ ബൃഹദ് സർവേയുടെ അടിസ്ഥാനത്തിലുള്ള പഠനറിപ്പോർട്ടിലാണ് ഈ കണ്ടെത്തൽ. 18-60 വയസ്സുകാരുടെ ഇടയിലെ തൊഴിലില്ലായ്മയുടെ ഔദ്യോഗിക നിരക്ക് 2019ൽ 12.5 ശതമാനമാണെന്ന് സർവേ വെളിപ്പെടുത്തുന്നു .
തൊഴിലില്ലായ്മ
2004ലെ സർവേയിൽ മുസ്‍ലിംകളിലെ തൊഴിലില്ലായ്മ 17 ശതമാനമായിരുന്നെങ്കിൽ 2019ൽ 18.2 ശതമാനമായി വർധിച്ചു. ഹിന്ദുക്കളിൽ തൊഴിലില്ലായ്മ കുറഞ്ഞപ്പോൾ എസ്.സി, എസ്.ടി വിഭാഗങ്ങൾക്കിടയിൽ തൊഴിലില്ലായ്മ വൻതോതിലാണ് കൂടിയത്.
സർക്കാർ ജോലികളിൽ ഹിന്ദു മുന്നാക്ക വിഭാഗക്കാർക്ക് ഉയർന്ന പ്രാതിനിധ്യവും മുസ്‍ലിം വിഭാഗക്കാർക്ക് വളരെ കുറഞ്ഞ പ്രാതിനിധ്യവുമാണെന്ന് സർവേ വെളിപ്പെടുത്തുന്നു. സർക്കാർ ജോലികളിൽ പട്ടികജാതിക്കാരുടെ പ്രാതിനിധ്യക്കുറവ് 2004ൽ 22.6 ശതമാനമായിരുന്നത് 2019ൽ 7.4 ശതമാനമായി കുറഞ്ഞു. മുസ്‍ലിം പ്രാതിനിധ്യക്കുറവ് 136 ശതമാനത്തിൽനിന്ന് 98.2 ശതമാനമായും കുറഞ്ഞു.
സമുദായ പ്രാതിനിധ്യം
കേന്ദ്രസർക്കാർ ജോലിയിൽ മുസ്‍ലിം സമുദായത്തിന്റെ പ്രാതിനിധ്യക്കുറവ് പ്രകടമാണ്. സർവേ സാമ്പിളിൽ 30.2 ശതമാനം മുസ്‍ലിം സമുദായമാണെങ്കിലും കേന്ദ്രസർക്കാർ ജോലിയിൽ അവരുടെ പ്രാതിനിധ്യം 1.8 ശതമാനം മാത്രം. ജനസംഖ്യാനുപാതികമായി നോക്കിയാൽ മിലിട്ടറി ഉൾപ്പെടെ കേന്ദ്ര സർക്കാർ ജോലികളിൽ മുസ്‍ലിംകളുടെ പ്രാതിനിധ്യക്കുറവ് 1578 ശതമാനമാണ്. സംസ്ഥാന സർക്കാർ ജോലികളിൽ ഇത് 91 ശതമാനവും. കേന്ദ്ര സർക്കർ ജോലികളിൽ മുന്നാക്ക ഹിന്ദു വിഭാഗത്തിന്റെ അധിക പ്രാതിനിധ്യം 128 ശതമാനമാണ്.
കേരള സർക്കാർ ജോലികളിൽ ഇത് 83 ശതമാനവും. ഇതിനു പുറമെ ഇവർക്ക് ഇ. ഡബ്ല്യു.എസ് ക്വോട്ട പ്രകാരം 10 ശതമാനം സംവരണവുംകൂടി വരുമ്പോൾ അസന്തുലിതാവസ്ഥ വീണ്ടും വർധിക്കുകയാണെന്ന് പഠനസംഘം വിലയിരുത്തുന്നു. സർക്കാർ ഉദ്യോഗസ്ഥരുടെ ആനുപാതിക പ്രാതിനിധ്യം ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ 2004നെ അപേക്ഷിച്ച് കുറഞ്ഞു. ഹിന്ദു, മുസ്‍ലിം, എസ്.സി വിഭാഗങ്ങൾക്കിടയിൽ കൂടുകയും ചെയ്തു. സ്ത്രീ-പുരുഷ അനുപാതം 2004ലെ നിരക്കിൽനിന്നും കാര്യമായി വ്യത്യാസമില്ല.
തൊഴിലും ലിംഗഭേദവും
26 വയസ്സിന് താഴെയുള്ളവരിൽ 30 ശതമാനവും തൊഴിൽ ലഭിക്കാത്തവരാണ്. സ്ത്രീകളിൽ ഇത് 34.9 ശതമാനമാണ്. 30 വയസ്സാകുമ്പോഴേക്ക് പകുതിയിലധികം പുരുഷന്മാർക്ക് തൊഴിൽ ലഭിക്കുന്നുണ്ട്. എന്നാൽ, 70 ശതമാനം സ്ത്രീ തൊഴിലന്വേഷകർക്കും ഈ പ്രായത്തിലും തൊഴിൽ ലഭിക്കുന്നില്ല. 35 വയസ്സിനുശേഷം സ്ത്രീ തൊഴിലന്വേഷകരുടെ തൊഴിലില്ലായ്മ നിരക്ക് കുത്തനെ താഴുന്നു.
ഇതിന് കാരണം അവർ തൊഴിലന്വേഷണം മതിയാക്കി വീട്ടമ്മമാരാകുന്നുവെന്നതാകാമെന്ന് സർവേ വിലയിരുത്തുന്നു. 2004ൽ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ (33.7 ശതമാനം) പ്ലസ് ടു വരെ പഠിച്ചവരിലായിരുന്നെങ്കിലും 2019ൽ അത് 17.6 ശതമാനമായി കുറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.