സെറിബ്രൽ പാൾസി ബാധിച്ച വിദ്യാർത്ഥിക്ക് ശാസ്ത്രോത്സവത്തിൽ അധികസമയം
text_fieldsസെറിബ്രൽ പാൾസി ബാധിച്ച വിദ്യാർഥിക്ക് ജില്ലതല ശാസ്ത്രോത്സവ മത്സര സമയത്തിൽ ഇളവ് അനുവദിക്കും. സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷന്റെ ഇടപെടലിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറുടേതാണ് തീരുമാനം. കോഴിക്കോട് ജില്ലതല ശാസ്ത്രമേളയിൽ വർക്ക് എക്സ്പീരിയൻസ് (പ്രവൃത്തിപരിചയം) വിഭാഗത്തിൽ മത്സരിച്ച കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാമ്പസ് ജി.എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർഥിക്കാണ് ആനുകൂല്യം ലഭിക്കുക.
സബ് ജില്ലതലത്തിൽ എ ഗ്രേഡ് ഓടെ ഒന്നാം സ്ഥാനം നേടി ജില്ലതല മത്സരത്തിന് യോഗ്യത നേടിയ കുട്ടിക്ക് മത്സരസമയത്തിൽ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മാതാവ് ബാലാവകാശ കമീഷനിൽ ഹർജി നൽകുകയായിരുന്നു. ഹരജിയിൽ അടിയന്തരമായി ഹിയറിങ് നടത്തിയ കമീഷൻ ആക്ടിങ് ചെയർപേഴ്‌സൻ സിസിലി ജോസഫ്, മെമ്പർ പി. ഷാജേഷ് ഭാസ്കർ എന്നിവർ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് ആവശ്യമായ നിർദ്ദേശം നൽകി.ശാസ്ത്രോത്സവത്തിൽ പ്രവൃത്തിപരിചയ വിഭാഗത്തിൽ സെറിബ്രൽ പാൾസി ബാധിച്ച കുട്ടികൾ മത്സരിക്കുമ്പോൾ അവർക്ക് അനുകമ്പാർഹമായ പരിഗണന നൽകണമെന്ന് കമീഷൻ ഉത്തരവിട്ടു. ഒരു മണിക്കൂറിന് 20 മിനിറ്റ് എന്ന അനുപാതത്തിൽ അധിക സമയം അനുവദിക്കണം. കുട്ടിയുടെ മെഡിക്കൽ രേഖകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ജില്ലതല മത്സരത്തിൽ ഈ രീതിയിൽ സമയം അനുവദിക്കാൻ കോഴിക്കോട് വിദ്യാഭ്യാസ ഉപ ഡയറക്ടർക്ക് നിർദേശം നൽകിയ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിലപാടിനെ കമീഷൻ സ്വാഗതം ചെയ്തു.ഇത്തരം ഇളവുകൾ മേളകളുടെ ബന്ധപ്പെട്ട ചട്ടങ്ങളിൽ ഉൾപ്പെടുത്തണമെന്നും, മതിയായ മെഡിക്കൽ രേഖകളുടെയും പരിശോധനകളുടെയും അടിസ്ഥാനത്തിൽ വേണം ആനുകൂല്യം നൽകേണ്ടതെന്നും കമീഷൻ വ്യക്തമാക്കി. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സാധാരണ കുട്ടികളേക്കാൾ അധിക സമയം നൽകുന്നത് അവരുടെ ആത്മവിശ്വാസം ഉയർത്തുമെന്നും, വിവേചനരഹിതമായ അന്തരീക്ഷം ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്നും കമീഷൻ നിരീക്ഷിച്ചു.
എന്താണ് സെറിബ്രൽ പാൾസി
നാഡീവ്യൂഹത്തെയും പേശികളുടെ ചലനത്തെയും ബാധിക്കുന്ന ഒരു ശാരീരിക അവസ്ഥയാണിത്.ഗർഭാവസ്ഥയിലോ, പ്രസവസമയത്തോ, അല്ലെങ്കിൽ ജനനത്തിന് തൊട്ടുശേഷമോ കുട്ടികളുടെ തലച്ചോറിലുണ്ടാകുന്ന വളർച്ചാതടസ്സമോ തകരാറോ ആണ് ഇതിന് കാരണം.പേശികളുടെ നിയന്ത്രണമില്ലായ്മ, കടുപ്പം, ശരീര തുലനാവസ്ഥ നിലനിർത്താനുള്ള പ്രയാസം, കൈകാലുകളുടെ സൂക്ഷ്മമായ ചലനങ്ങളിലുള്ള മന്ദത എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.എഴുതുക, കരകൗശല വസ്തുക്കൾ ഉണ്ടാക്കുക, ചിത്രരചന, ചെറു ഉപകരണങ്ങൾ കൂട്ടിയോജിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾക്ക് സാധാരണ കുട്ടികളേക്കാൾ കൂടുതൽ സമയവും പരിശ്രമവും ഇവർക്ക് ആവശ്യമായി വരുന്നു. ബുദ്ധിവികാസത്തെ ഇത് നേരിട്ട് ബാധിക്കണമെന്നില്ലെങ്കിലും, ശരീര ചലനങ്ങളെ ഏകോപിപ്പിക്കാനുള്ള പ്രയാസമാണ് പ്രധാന വെല്ലുവിളി.

